മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങള്‍ ഇനി മുതല്‍ ഗ്രാമ കേന്ദ്രങ്ങളിലും. പഞ്ചായത്ത് പരിധിയിലുള്ള തൃക്കൈപ്പറ്റ, ചൂരല്‍മല പ്രദേശങ്ങളിലാണ് ഗ്രാമ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇവിടങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലേക്ക് എത്തുവാന്‍ ഏറെ ദൂരം യാത്ര ചെയ്യേണ്ടതും കോവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന അത്യാവശ്യ സേവനങ്ങള്‍ക്ക് ഗ്രാമ കേന്ദ്രങ്ങളെ സമീപിക്കാം. കെട്ടിട നികുതി, വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ എന്നിവ ഗ്രാമ കേന്ദ്രങ്ങളില്‍ നല്‍കാം. ഗ്രാമപഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെയാണ് ഗ്രാമ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയില്‍ ഒരു ദിവസം പഞ്ചായത്തിലെ ഒരു ഉദ്യേഗസ്ഥനും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുമാണ് ഇവിടങ്ങളിലുണ്ടാവുക. ഗ്രാമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രശേഖരന്‍ തമ്പി, സി. സീനത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.