കുരങ്ങ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കയോഗം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. കുരങ്ങ്പനി പിടിപ്പെടാന്‍ കൂടുതല്‍ സാധ്യതയുളള നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുളള കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ഇവരില്‍ കുരങ്ങ്പനി പ്രതിരോധ വാക്സിനേഷന്‍ നടത്തുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണം. ആവശ്യമായ ലേപനങ്ങളും മരുന്നുകളും സ്റ്റോക്ക് ചെയ്യാനുളള നടപടികളും സ്വീകരിക്കണം. ബോധവല്‍ ക്കരണ,പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ജില്ലയില്‍ 29 പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരി ക്കുകയും അതില്‍ 3 പേര്‍ മരണപ്പെടുകയും ചെയ്തതായി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സാവന്‍ സാറാ മാത്യു യോഗത്തെ അറിയിച്ചു. തിരുനെല്ലി, മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി, നൂല്‍പ്പുഴ,പൂതാടി പഞ്ചായത്തുകളിലാണ് കുരങ്ങ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉണ്ടായത് തിരുനെല്ലി പഞ്ചായത്തിലാണ്. കുരങ്ങ് പനി പ്രതിരോധത്തിന്റെ ഭാഗമായി തിരുനെല്ലി പ്രദേശത്ത് കഴിഞ്ഞവര്‍ഷം ഇരുപതിനായിരത്തോളം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. 42 ശതമാനം പേര്‍ക്ക് മൂന്ന് ഡോസുകളും 62 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കുരങ്ങുകളുടെ മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യവകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും സര്‍വൈലന്‍സ് ഓഫീസര്‍ പറഞ്ഞു. വനാതിര്‍ത്തിയിലും കുരങ്ങുകളുടെ മരണം നടന്ന മേഖലയിലും വളര്‍ത്ത് മൃഗങ്ങളെ മേയാന്‍ വിടുന്നത് ഒഴിവാക്കണം. വിറകുകളും വനവിഭവങ്ങളും ശേഖരിക്കാന്‍ കാടുകളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം. കാടിനുളളില്‍ പോകുന്നവര്‍ ബൂട്ടുകള്‍ ധരിക്കുകയും ബാഹ്യപരാദങ്ങളെ നശിപ്പിക്കുന്നതിനുളള മരുന്നുകളും ലേപനങ്ങളും പുരട്ടുകയും ചെയ്യണം. വളര്‍ത്ത് മൃഗങ്ങളിലും ഇവ സ്പ്രേ ചെയ്യണം. കുരങ്ങുകള്‍ മരണപ്പെട്ട സ്ഥലത്തും പരിസര പ്രദേശത്തും അണുനാശിനി തളിക്കണം. വനമേഖലയില്‍ പ്രവേശിച്ചവര്‍ക്കും വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കടുത്ത പനി, വയറിളക്കം, ചര്‍ദ്ദി,രക്തസ്രാവം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടേണ്ടതാണെന്നും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ പറഞ്ഞു.
യോഗത്തില്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.