വെള്ളമുണ്ട: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങള്‍ വാങ്ങിയവര്‍ ലൈസന്‍സെടുക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പി​ന്റെ വാഹന പരിശോധന ഉള്‍പ്രദേശങ്ങളിലേക്ക് നീട്ടിയതോടെ കുടുങ്ങുന്നതില്‍ ഏറെയും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരാണ്. 2020 മാര്‍ച്ച്‌ മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ചതോടെ പൊതു ഗതാഗത സംവിധാനം താറുമാറാണ്. ഇതോടെ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നവര്‍ വര്‍ധിച്ചു.

കോവിഡ് കാലയളവില്‍ ലൈസന്‍സ് തരപ്പെടുത്താനാവാത്തവരാണേറെയും. മോട്ടോര്‍ വാഹന വകുപ്പ് ഡിജിറ്റല്‍ പരിശോധനയില്‍ വാഹനത്തിന്റെ നമ്പറും ലൈസന്‍സ് ഇല്ലെങ്കില്‍ ഓടിച്ച വ്യക്തിയുടെ ഫോട്ടോയും എടുത്ത് ഇ-പോസ് മെഷീനിലോ മൊബൈലിലോ കുറ്റാരോപണ പത്രിക തയാറാക്കുകയാണ്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് നിലവിലെ നിയമം അനുസരിച്ച്‌ 10,000 രൂപ പിഴ അടക്കേണ്ടി വരും.

അതേസമയം, ലൈസന്‍സില്ലാത്ത ആളുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ കയറി ഫീസ് അടച്ചു ലേണേഴ്സ് ലൈസന്‍സ് കരസ്ഥമാക്കാം എന്ന് അധികൃതരും പറയുന്നു. അതിനുള്ള ടെസ്​റ്റ്​ അവരവരുടെ വീട്ടില്‍നിന്നുതന്നെ മൊബൈലിലോ കമ്പ്യുട്ടറിലോ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വയനാട് പോലുള്ള പിന്നാക്ക ജില്ലകളില്‍ ഈ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താനുമാവുന്നില്ല. പകരം സംവിധാനം ഇല്ലാത്തതിനാല്‍ ലൈസന്‍സില്ലാതെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ പോലും നടപടിക്ക് വിധേയരാവുന്നു.