ജില്ലയിലെ വയോജന മന്ദിരങ്ങളിലെ മുഴുവൻ അന്തേവാസികളെയും ജീവനക്കാരെയും കോവിഡ് ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കി. 678 വയോജനങ്ങളെയും 158 ജീവനക്കാരെയും രണ്ടു ഘട്ടം പരിശോധനയ്ക്ക് വിധേയമാക്കി സംസ്ഥാനത്ത് 100% നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച റിവേഴ്സ് ക്വാറന്റൈൻ ഫലപ്രദമായി നടപ്പാക്കിയതു കൊണ്ടാണ് ഇത് സാധ്യമായതെന്ന് വിശ്വസിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. ആശുപത്രികളിലും ഫീൽഡിലും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിസ്വാർത്ഥസേവനം കൊണ്ടാണ് ഇത് സാധ്യമായതെന്നും ഡിഎംഒ പറഞ്ഞു. വീടുകളിൽ താമസിക്കുന്ന വയോജനങ്ങളും കോവിഡ് പിടിപെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അഭ്യർത്ഥിച്ചു.