കോട്ടത്തറ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ ധനസഹായ വിതരണം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഷൈജി അറിയിച്ചു. പദ്ധതിയില്‍ അപേക്ഷിച്ച ഭൂരിഭാഗം പേരുടെയും ഫീല്‍ഡ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. കോവിഡ് പോസിറ്റീവായവരുടേയും കണ്ടെയ്‌മെന്റ് സോണുകളിലെ അപേക്ഷകരുടേയും ഫീല്‍ഡ്തല പരിശോധന മാത്രമാണ് ബാക്കിയുളളത്. നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് ഇവരുടേയും പരിശോധന പൂര്‍ത്തിയാക്കും. ക്ഷീര വികസന ഓഫീസര്‍മാര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍, വെണ്ണിയോട് ക്ഷീര സംഘം ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി, ജീവനക്കാര്‍, പള്ളിക്കുന്ന് ക്ഷീര സംഘം ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘങ്ങളാണ് പരിശോധന നടത്തുന്നത്. അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് ക്രോഡീകരിച്ച് സംഘാടക സമിതിയുടെ അംഗീകാരത്തോടെ ഡിസംബര്‍ മാസത്തിനകം പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ക്ഷീര ഗ്രാമം പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് പശു വളര്‍ത്തുന്നതിനും, ഫാം നടത്തിപ്പിന് അവശ്യാധിഷ്ഠിത ധനസഹായം, മില്‍ക്കിംഗ് മെഷീന്‍, ശാസ്ത്രീയ തൊഴുത്ത് നിര്‍മ്മാണം, കാലാവസ്ഥ സമ്മര്‍ദ്ധ ലഘൂകരണത്തിനും, മിനറല്‍ മിക്‌സ്ചര്‍ തുടങ്ങിയ പദ്ധതികളിലുള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ ധനസഹായമാണ് ക്ഷീര വികസന വകുപ്പ് വഴി നല്‍കുക. പദ്ധതിയിലൂടെ 115 പുതിയ പശുക്കളെയും പഞ്ചായത്തിലേക്ക് വിതരണം ചെയ്യം. അതുവഴി പ്രതിദിനം 1150 ലിറ്റര്‍ പാല്‍ കൂടുതലായി പഞ്ചായത്തില്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശു വളര്‍ത്തല്‍ പദ്ധതിയില്‍ 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി ഫാമിങ്ങില്‍ 1 പശു+1 കിടാരി, 3 പശു+ 2 കിടാരി പദ്ധതികളാണ് നടപ്പാക്കുന്നത്.