വയനാട്: വയനാട്ടില്‍ പശുക്കളില്‍ ലംമ്പീസ് സ്‌കിന്‍ ഡിസീസ് എന്ന ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഈ വൈറസിനെതിരെ പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാതെ വന്നതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. 30 കിലോമീറ്റര്‍ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കാലികളിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്.

രണ്ടാഴ്ച മുന്‍പാണ് വെള്ളമുണ്ട ചെറുകരയിലെ സുരേഷിന്റെ ആറ് പശുക്കളില്‍ ഒരു പശുവിന് രോഗ ലക്ഷണം കണ്ട് തുടങ്ങിയത്. പിന്നാലെ മറ്റുള്ളവയ്ക്കും ബാധിച്ചു. കാലില്‍ നീരും ശരീരത്തില്‍ തടിപ്പുമായിരുന്നു ആദ്യ ലക്ഷണം. തുടര്‍ന്ന് ശരീരമാസകലം വൃണമായി. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ആ വൈറസിന് പ്രതിരോധ വാക്‌സിന്‍ അധികം ലഭ്യമല്ല. ഉള്ളതിനാണെങ്കില്‍ വലിയ വിലയും നല്‍കേണം.

100 ഡോസ് വാക്‌സിന് 9000 രൂപയാണ് വില. ഇതോടെ 50 ലിറ്റര്‍ പാല്‍ പ്രതിദിനം വിറ്റിരുന്ന കര്‍ഷകന്‍ പശുവിനെ ചികിത്സക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. ഇതിനോടകം 10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജന്തുരോഗ നിയന്ത്രണ പദ്ധതിനുസരിച്ച് 3000 ഡോസ് വാക്‌സിന് എത്തിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

വൈറസിനെ ചെറുത്ത് നില്‍ക്കാന്‍ തൊഴുത്ത് അണുമുക്തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് മാര്‍ഗം. ഈച്ച , കൊതുക് എന്നിവയും ഈ രോഗം പടര്‍ത്തുന്നതിന്റെ വാഹകരാണ്.