ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്സിനാണ് മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിനായി ഇന്ന് തുടക്കമിടുന്നത്. ഹരിയാനയില്‍ തുടങ്ങുന്ന വാക്സിന്‍ പരീക്ഷണത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കും. വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധനാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയുടെ വാക്‌സിനുകളില്‍ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത് കോവാ‌ക്‌സിന്‍ മാത്രമാണ്. എന്നാൽ അഞ്ച് വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഓക്സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്. നിരീക്ഷണത്തിനായി ഡോക്‌ടര്‍മാരുടെ വിദഗ്‌ധ സംഘവുമുണ്ടാകും മന്ത്രി അറിയിച്ചു.

ഐ.സി.എം.ആറുമായി സഹകരിച്ചുള‌ള പരീക്ഷണങ്ങള്‍ക്ക് 26,000 പേരാണ് ഇന്ത്യയിലാകെ സഹകരിക്കുക. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ആയിരം പേരിലായിരുന്നു പരീക്ഷണം. ഓക്‌സ്‌ഫോര്‍ഡ് സര്‍‌വകലാശാല വികസിപ്പിച്ച വാക്‌സിനും ഏതാണ്ട് മൂന്നാമത് പരീക്ഷണഘട്ടം പൂര്‍ത്തിയാക്കാറായിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഡോ.റെഡ്‌ഡീസ് ലബോറട്ടറിയില്‍ വൈകാതെ ആരംഭിക്കും.