Posted By Editor Editor Posted On

ഇന്ത്യയിലെ അതിതീവ്രമായ രണ്ടാം കോവിഡ് തരംഗത്തിന്റെ പ്രധാനകാരണം പുറത്തുവിട്ട് ലോകാരോഗ്യ സംഘടന വിദഗ്ധർ

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IxllwsDPbYM886PsIRXNAU

ജനീവ: ഇന്ത്യയിലെ അതിതീവ്രമായ രണ്ടാം കോവിഡ് തരംഗത്തിന്റെ പ്രധാനകാരണം വ്യാപനശേഷി കൂടിയ വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍. വാക്സിന്‍ നല്‍കുന്ന സുരക്ഷയ്ക്ക് പോലും വെല്ലുവിളിയുയര്‍ത്തുന്ന ഈ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് കോവിഡ് വ്യാപനം ത്വരിതപ്പെടുത്തുകയും നിയന്ത്രണാതീതമാക്കുകയും ചെയ്യുന്നതായി ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ കോവിഡ് വിസ്ഫോടനത്തിന് പിന്നില്‍ വൈറസ് കൂടാതെ മറ്റു ചില നിര്‍ണായകഘടകങ്ങള്‍ കൂടിയുണ്ടെന്ന് എഎഫ്പിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിരൂക്ഷമായതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. ജനിതകവ്യതിയാനം സംഭവിച്ച വൈറസാണ് പ്രധാന കാരണമെങ്കിലും മറ്റ് ചില കാരണങ്ങള്‍ കൂടി വ്യാപനം ത്വരിതപ്പെടുത്താനിടയാക്കിയതായി ഡോക്ടര്‍ സൗമ്യ പറയുന്നു. കോവിഡ്-19 ന് കാരണമാകുന്ന B.1.617വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. B.1.617 വകഭേദത്തില്‍ തന്നെ രൂപാന്തരം സംഭവിച്ച, വിവിധസ്വഭാവം പുലര്‍ത്തുന്ന വ്യത്യസ്തയിനങ്ങളെ ലോകാരോഗ്യസംഘടന അടുത്തകാലത്ത് കോവിഡ് വൈറസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രോഗവ്യാപനം ത്വരിതപ്പെടുത്തുന്നതിനും കോവിഡ് ബാധയ്ക്ക് ശേഷമോ വാക്സിന്‍ സ്വീകരിച്ച ശേഷമോ രൂപപ്പെടുന്ന ആന്റിബോഡികളെ പ്രതിരോധിക്കുന്നതിനും ശേഷിയുള്ള B.1.617 വകഭേദത്തിന്റെ രൂപാന്തരങ്ങള്‍ കാണപ്പെടുന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ രോഗവ്യാപനത്തിന് പിന്നില്‍ വൈറസിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. സാമൂഹികമായ കൂടിച്ചേരലുകളും വന്‍ ആഘോഷപരിപാടികളും വൈറസ് വ്യാപനം ത്വരിതപ്പെടുത്തി.

ആദ്യതരംഗത്തിന്റെ അലകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ മാസ്‌ക് ഉപേക്ഷിക്കുകയും മറ്റു പ്രതിരോധമാര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തത് രണ്ടാം തരംഗത്തിന് ഒരു പരിധി വരെ വഴിയൊരുക്കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ പോലെ ബൃഹത്തായ ഒരു രാജ്യത്ത് രോഗവ്യാപനനിരക്ക് മാസങ്ങളോളം താഴ്ന്ന നിലയില്‍ തുടര്‍ന്നിരിക്കാമെന്ന് ഡോക്ടര്‍ സൗമ്യ പറഞ്ഞു. പ്രാദേശികമായി മാത്രം നിലനിന്നിരുന്ന വൈറസ് പതിയെപ്പതിയെ ഇരട്ടിക്കുകയും വ്യാപിക്കുകയും ചെയ്തു. വൈറസിന്റെ സാന്നിധ്യവും വ്യാപനത്തിലെ അപകടവും തിരിച്ചറിയാന്‍ വൈകിയത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നതിന് പിന്നിലെ ഒരു കാരണമായിട്ടുണ്ടാവുമെന്ന് അവര്‍ പറഞ്ഞു. കുത്തനെ ഉയരുന്നത് വരെ അതിന്റെ ആദ്യകാലലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാത്തതും വ്യാപനനിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടാവുമെന്ന് ഡോക്ടര്‍ സൗമ്യ കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/D8lQv3PrypjCxgid0CegmQ

വ്യാപനനിരക്ക് വര്‍ധനവിലേക്കെത്തി കഴിഞ്ഞാല്‍ പിന്നീട് അതിന്റെ നിയന്ത്രണം അസാധ്യമാക്കും. അതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി. വാക്സിന്‍ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടുമാത്രം കോവിഡ് തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ സൗമ്യ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദകരാജ്യമായ ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പൂര്‍ണമായ വാക്സിനേഷന്‍ ലഭിച്ചിട്ടുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജനതയുടെ 70-80 ശതമാനം പേര്‍ക്ക് പൂര്‍ണമായ വാക്സിന്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് മാസങ്ങള്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍ സൗമ്യ ഓര്‍മിപ്പിച്ചു.വാക്സിനില്‍ മാത്രം ഊന്നിയുള്ള പ്രതിരോധത്തിന് മുന്‍ഗണന നല്‍കാതെ പൊതു ആരോഗ്യനടപടികളും സാമൂഹികനടപടികളും ഏകോപിപ്പിച്ചുള്ള സമീപനമാണ് ഇപ്പോള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതെന്ന് അവര്‍ ആവശ്യപ്പെട്ടു. വൈറസിന് വീണ്ടും വകഭേദങ്ങള്‍ ഉണ്ടാകാമെന്നും വ്യാപനത്തിന്റെ മൂന്നാമതൊരു തരംഗം കൂടി ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നും ഡോക്ടര്‍ സൗമ്യ പറഞ്ഞു. നിലവില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വകഭേദങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ അപകടകരമായ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: