നിങ്ങളുടെ സ്വന്തം ജില്ലയിലെ എല്ലാ കാര്യങ്ങളും അറിയാൻ ഒരു ആപ്പ്... An app to inform you everything in your own district ...

സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി ഗൂഗിളില്‍ തിരഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളിലും  ലിങ്കുകളിലും ക്ലിക്ക് ചെയ്ത് വശം കെടേണ്ട. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നാലു പേര്‍ അറിയുംവിധം അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനോ വഴിയെന്തെന്ന് ആലോചിച്ച് ബുദ്ധിമുട്ടുകയും വേണ്ട. ഇതിനെല്ലാമുള്ള സാധ്യതകള്‍ വളരെയെളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറക്കുകയാണ് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച ഈ ആപ്ലിക്കേഷനിലുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പില്‍ പ്രവേശിച്ചാലുടന്‍ ജില്ല തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം. തുടര്‍ന്നു വരുന്ന പേജില്‍ വകുപ്പ് അല്ലെങ്കില്‍ സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ പട്ടിക തെളിയും. ഇവിടെ ആവശ്യമുള്ള ഓഫീസിന്റെ പേരില്‍ ക്ലിക്ക് ചെയ്യാം.

ഉദാഹരണത്തിന് ഒരു ജില്ലയുടെ പ്രധാന പേജില്‍ ആദ്യം കാണുന്ന റവന്യൂ വകുപ്പ് തിരഞ്ഞെടുത്താല്‍ കളക്ടറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള റവന്യൂ കാര്യാലയങ്ങളുടെ പട്ടിക കാണാം. ഒരു ഓഫീസ് തിരഞ്ഞെടുത്താല്‍ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും. മേക്ക് എ കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആ ഓഫീസിലെ ഫോണ്‍ നമ്പരുകള്‍ കാണാം.

ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് കോള്‍ ചെയ്യാനും കഴിയും. ലൊക്കേറ്റ് ഓണ്‍ മാപ്പ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഓഫീസ് എവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്താം. ഇവിടെ ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാര്‍ റേറ്റിംഗ് നല്‍കുകയും ചെയ്യാം.

ഇ-മെയില്‍ അയയ്ക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ നല്‍കുന്ന റേറ്റിംഗും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്‍ക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനും സൗകര്യമുണ്ട്.
ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ അറിയിക്കുന്ന അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍തന്നെ അതത് വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് പെട്ടെന്ന് ബന്ധപ്പെടേണ്ട ആവശ്യമുള്ള ഓഫീസുകള്‍ ജില്ലകളുടെയുടെ പ്രധാന പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്ന ജോലികള്‍ വിവധ ജില്ലകളില്‍ പുരോഗമിക്കുകയാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക :

Post a Comment

Previous Post Next Post