നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

റിവഞ്ച് പോൺ അഥവാ അനുവാദമില്ലാതെ ഒരാളുടെ നഗ്ന/അർധനഗ്ന ദൃശ്യങ്ങൾ പുറത്തുവിടുന്നത് നിരവധി ആളുകൾ നേരിടേണ്ടി വന്നതും നേരിട്ടുകൊണ്ടിരിക്കുന്നതുമായൊരു പ്രശ്നമാണ്. ബന്ധത്തിൽ നിന്ന് പിൻമാറുന്നതും ശത്രുതയും പ്രതികാരവും ദേഷ്യവുമെല്ലാം കാരണമാണ് പലപ്പോഴും ആളുകൾ പണ്ട് ഒന്നിച്ചുകഴിഞ്ഞപ്പോൾ പകർത്തിയ സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പകപോക്കുന്നത്.

ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഇന്ത്യയിൽ ഒരു പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റാ. StopNCII.org എന്നാണ് ഇതിന് പേര്.

യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിവഞ്ച് പോൺ ഹെൽപ് ലൈനുമായി സഹകരിച്ചുള്ള ഈ സംവിധാനത്തിലൂടെ റിവഞ്ച് പോൺ ഭീഷണി നേരിടുന്ന തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലും, ഫെയ്സ്ബുക്കിലും പങ്കുവെക്കാനിടയുണ്ടെന്ന് ആശങ്കയുള്ള സ്ത്രീകൾക്ക് സഹായം തേടാം.

StopNCII.org-ന്റെ പ്രവർത്തനം ഇങ്ങനെയാണ് 

റിവഞ്ച് പോൺ ഭീഷണി നേരിടുന്നവർക്ക് തങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ ഹാഷുകൾ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്യാം. അൽഗോരിതം ഉപയോഗിച്ചാണ് ചിത്രങ്ങളുടെ ഹാഷ് വാല്യൂ നിർമിക്കുന്നത്. ചിത്രത്തിന്റെ പകർപ്പുകൾക്കെല്ലാം ഒരേ ഹാഷ് വാല്യൂ ആയിരിക്കും. ഒരു ഡിജിറ്റൽ ഫിംഗർപ്രിന്റ് എന്നും ഇതിനെ വിശദീകരിക്കാം.

പുറത്തുവരാനിടയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യൂ ആണ് StopNCII.org-ൽ അപ്ലോഡ് ചെയ്യുക. പിന്നീട് ആരെങ്കിലും ആ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്യുമ്പോൾ ഹാഷ് വാല്യൂ ഉപയോഗിച്ച് അവയെ തിരിച്ചറിയുകയും കമ്പനിയുടെ കണ്ടന്റ് പോളിസി ചൂണ്ടിക്കാട്ടി അവ അപ് ലോഡ് ചെയ്യുന്നത് തടയുകയും ചെയ്യും.

ചിത്രങ്ങളും വീഡിയോകളും StopNCII.org-ൽ അപ് ലോഡ് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഉപകരണത്തിലുള്ള യഥാർത്ഥ ചിത്രങ്ങൾ അപ് ലോഡ് ചെയ്യപ്പെടില്ല. പകരം അവയുടെ ഹാഷ് ആയിരിക്കും അപ്ലോഡ് ചെയ്യുക.

ഈ ചിത്രങ്ങൾ സ്വകാര്യനിമിഷത്തിലെ ചിത്രങ്ങൾ ആയിരിക്കണം എന്ന് StopNCII.org വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. അതായത് അവ ഇര നഗ്നയായിരിക്കുന്നതോ അവരുടെ ജനനേന്ദ്രിയങ്ങൾ കാണിക്കുന്നതോ ലൈംഗിക പ്രവർത്തനത്തിലോ പോസുകളിലോ ഏർപ്പെടുന്നതോ അടിവസ്ത്രം ധരിക്കുന്നതോ ആയ ചിത്രങ്ങളും വീഡിയോകളുമായിരിക്കാം.

സേവനം പ്രായപൂർത്തിയായ സ്ത്രീകൾക്ക് മാത്രം 

18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താനാവൂ. ചൈൽഡ് പോണോഗ്രഫി ഇരകൾ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കരുത്. ചൈൽഡ് ഫോണോഗ്രഫി ഇരകൾ അംഗീകൃത എൻജിഒ കളുടെ സഹായത്തോടെയാണ് അതിന് വേണ്ടി ശ്രമിക്കേണ്ടത്.

അതേസമയം, സമാനമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക വിദ്യയാണ് ഹാഷ്. ചിത്രങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഹാഷ് ഉപയോഗിച്ച് ചിത്രങ്ങൾ തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇരയായ വ്യക്തി ഈ വിഷയത്തിൽ നിരന്തര പരിശോധന നടത്തുകയും മാറ്റങ്ങൾ വരുത്തിയ ചിത്രങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ ഉടൻ തന്നെ ഹാഷ് ആയി അപ്ലോഡ് ചെയ്യണമെന്നും മെറ്റ ഗ്ലോബൽ സേഫ്റ്റി പോളിസി ഡയറക്ടർ കരുണ നയൻ പറഞ്ഞു.

ഫേയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വരുന്ന ഉള്ളടക്കങ്ങൾ മാത്രമേ ഈ രീതിയിൽ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. ഹാഷുമായി സമാനതയുള്ള ഉള്ളടക്കങ്ങൾ കമ്പനിയുടെ റിവ്യൂ ടീം പരിശോധിച്ച് നടപടിയെടുക്കും. ഹാഷ് അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രങ്ങൾ ഫേയ്സ്ബുക്കിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ നീക്കം ചെയ്യപ്പെടും.

നിലവിൽ StopNCII.org ഫേയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് ലഭ്യമാവുക എങ്കിലും മറ്റ് സേവനങ്ങളും ഈപ്ലാറ്റ്ഫോമിന്റെ ഭാഗമാകുമെന്നാണ് മെറ്റായുടെ പ്രതീക്ഷ. കാരണം എല്ലാ റിവഞ്ച് പോൺ ഉള്ളടക്കവും മെറ്റാ പ്ലാറ്റ്ഫോമുകളിൽ മാത്രമേ പങ്കുവെക്കപ്പെടുകയുള്ളൂ എന്ന് പറയാനാവില്ല.

 കൂടുതൽ അറിയാനും പരാതിപ്പെടാനും ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post