സായാഹ്‌ന വാർത്തകൾ

2022 | ജനുവരി 31 | തിങ്കൾ | 1197 | മകരം 17 | ഉത്രാടം

🔳മുന്‍മന്ത്രി കെ.ടി. ജലീലിനെതിരേ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹര്‍ജി. സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ലോകായുക്തയേയും കോടതി വിധികളേയും ഇകഴ്ത്തികാണിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി. ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായ അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹര്‍ജി നല്‍കിയത്.

🔳കര്‍ഷകരെ പ്രശംസിച്ചും നദീസംയോജന പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കര്‍ഷകരെ കൈയിലെടുക്കുന്ന പ്രസംഗം നടത്തിയത്. കാര്‍ഷിക മേഖലയിലെ വികസനങ്ങളുണ്ടാക്കുന്നത് ചെറുകിട കര്‍ഷകരാണ്. 11 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി പ്രകാരം 6000 രൂപ വീതം പ്രതിവര്‍ഷം നല്കി. പാവപ്പെട്ടവര്‍ക്ക് രണ്ടു കോടി വീടുകള്‍ നല്കി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം കരുത്തു തെളിയിച്ചു. രാജ്യത്തെ 70 ശതമാനം പേര്‍ രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചു. അദ്ദഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു.

*Wayanad Vartha*
https://chat.whatsapp.com/G1hCYhKFQ7LCIJThAlPOQm

🔳നടപ്പു സാമ്പത്തിക വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. അടുത്ത സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര വരെ ശതമാനം വളര്‍ച്ച നേടാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം കാര്‍ഷികോല്‍പ്പാദന രംഗത്ത് 3.9 ശതമാനം വളര്‍ച്ചയേ ഉണ്ടാകൂ. വ്യവസായിക രംഗത്ത് 11.8 ശതമാനവും സേവന രംഗത്ത് 8.2 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳വൈദ്യുതി നിരക്ക് ഉടനേ വര്‍ധിപ്പിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. കെഎസ്ഇബിയുടെ നിലനില്‍പ്പുകൂടി നോക്കണം. മുഖ്യമന്ത്രി എത്തിയശേഷം തീരുമാനമുണ്ടാകും. ഇക്കൊല്ലം അഞ്ചു ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങും. അതിരപ്പിള്ളി തല്‍ക്കാലമില്ലെന്നും മന്ത്രി പറഞ്ഞു.

🔳ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടു രൂപയില്‍നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

🔳നടന്‍ ദിലീപിനെതിരേ കൂടുതല്‍ കുരുക്കുകള്‍. ദിലീപിന്റ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കള്‍. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിനു സമീപമുണ്ടായ റോഡപടകത്തില്‍ മരിച്ചത്. കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു മരണം. മരണത്തിനു പിന്നില്‍ ദുരൂഹതകളുണ്ടെന്നു സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കിയത്.

🔳അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ ഹാജരാക്കി. ദിലീപിന്റെ മൂന്ന് ഫോണുകള്‍ അടക്കം ആറു ഫോണുകളാണ് കൈമാറിയത്. പ്രോസിക്യൂഷന്‍ പറയുന്ന നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നാണ് ദിലീപിന്റെ നിലപാട്.

🔳നടന്‍ ദിലീപ് കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഫോണുകളില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഐ ഫോണില്ല. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഐ ഫോണ്‍ ഏതാണെന്ന് മനസിലായിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോണ്‍ ആകാം. പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ പ്രവര്‍ത്തിക്കാത്തതുമൂലം ഉപേക്ഷിച്ചെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഫോണ്‍ കൈമാറാത്തതു നിസ്സഹകരണമായി കണക്കാക്കാമെന്നു നിരീക്ഷിച്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു ചൊവ്വാഴ്ചത്തേക്കു മാറ്റി.

🔳ലോകായുക്ത ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും മുന്‍മന്ത്രി കെ.ടി. ജലീല്‍. സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തില്‍ ആറു കേസുകളില്‍ മാത്രം വിധി പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത മഹാനെന്നാണു പുതിയ വിമര്‍ശനം. തനിക്കെതിരായ കേസില്‍ വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞു. 'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' എന്ന തലക്കെട്ടോടെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
   
🔳ലോകായുക്ത ജസ്റ്റിക്ക് സിറിയക് ജോസഫിനെതിരായ പരാമര്‍ശത്തില്‍ കെ.ടി. ജലീലിനെ പിന്തുണയ്ക്കാതെ സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷികളും. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാട്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകയ്യും ആര്‍ക്കു വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ജലീല്‍ കഴിഞ്ഞ ദിവസം ആക്ഷേപിച്ചത്.

🔳ലോകായുക്തയ്ക്കെതിരായ പരാമര്‍ശത്തില്‍ കെ.ടി. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണെന്നും ജലീല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിലെ കാര്യങ്ങളാകാമെന്നും കാനം പറഞ്ഞു.

🔳തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ 450 കിലോയിലധികം കഞ്ചാവുമായി മൂന്നു പേര്‍ പിടിയിലായി. ചരക്കു ലോറിയില്‍ കടലാസുകെട്ടുകള്‍ക്കടിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കഞ്ചാവ്. ചില്ലറ വിപണിയില്‍ അഞ്ചു കോടി രൂപയോളം വില വരുമെന്ന് ചാലക്കുടി പോലീസ്. കൊടുങ്ങല്ലൂര്‍ ചന്തപുര മണപ്പാട്ട് വീട്ടില്‍ ലുലു (32), തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശി കുരു വീട്ടില്‍ ഷാഹിന്‍ (33), പൊന്നാനി ചെറുകുളത്തില്‍ വീട്ടില്‍ സലീം (37) എന്നിവരാണ് പിടിയിലായത്.

🔳ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകര്‍ക്കു മന്ത്രിയുടെ താക്കീത്. പരസ്യ പ്രസ്താവന നടത്തരുതെന്നാണു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ താക്കീത്. ഉത്തരവാദിത്തം ഇല്ലാത്ത കാര്യങ്ങളില്‍ പ്രസ്താവന നടത്തുന്നത് ഉചിതമല്ല. അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് അംഗീകരിക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വിദ്യാഭ്യസ നയത്തെ വിമര്‍ശിച്ചാല്‍ ബുദ്ധിമുട്ടാകും. മന്ത്രി പറഞ്ഞു.

🔳കോഴിക്കോട് ബാലികാമന്ദിരത്തില്‍നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചുള്ള കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു ചാടിപോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എഎസ്ഐ എം സജി, സിവില്‍ പോലീസ് ഓഫീസര്‍ ദിലീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

🔳കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളില്‍ ഒരാളെ രക്ഷിതാവിനൊപ്പം പറഞ്ഞയച്ചു. കുട്ടിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണു സിഡബ്ല്യുസി തീരുമാനമെടുത്തത്.

🔳മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനും കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ. എല്‍സി അടക്കമുള്ളവരുടെ നിയമനത്തില്‍ ഇടതു സംഘടന ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാന്‍ എംപ്ലോയീസ് അസോസിയേഷന്‍ വിസിക്ക് നല്‍കിയ കത്താണു പുറത്തായത്. എല്‍സിയുടെ ബിരുദത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔳എംജി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയില്‍നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വ്വകലശാല രജിസ്ട്രാറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

🔳ഒമിക്രോണിനേക്കാള്‍ അപകടകാരി 'ഓ മിത്രോണ്‍' ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ട്വിറ്ററില്‍. ജനാധിപത്യത്തേയും ഭരണഘടനയേയും അവഹേളിക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന 'ഓ മിത്രോണ്‍' ആണു കൂടുതല്‍ അപകടകാരിയെന്നു പരിഹസിച്ചുകൊണ്ടാണ് കുറിപ്പ്.

🔳ആറ്റിങ്ങലില്‍ കെ റയില്‍ പദ്ധതിക്കായി കല്ലിടുന്നതിനെതിരേ പ്രതിഷേധം. പോലീസുമായുള്ള ഉന്തും തള്ളും ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. വനിതയടക്കം ഏഴു പേരെ അറസ്റ്റു ചെയ്തു. പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

🔳തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുല്‍ റഹ്‌മാന്‍, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

🔳കണ്ണൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കള്ളുചെത്തു തൊഴിലാളി മരിച്ചു. ആറളം ഫാമില്‍ കള്ളുചെത്താന്‍ പോയ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷാണ് (39) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.

🔳റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്റെ ചക്രം ഊരത്തെറിച്ചു. കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് അപകടം. ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങി. റോഡില്‍ മറ്റു വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

🔳പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നു പരാതി. തിരുവനന്തപുരം ജില്ലയിലെ വിതുര ആദിവാസി കോളനിയിലാണ് സംഭവം. പ്രതികളായ വിനോദ്, ശരത് എന്നിവരെ വിതുര പൊലീസ് പിടികൂടി.

🔳അധ്യാപകനും എഴുത്തുകാരനും നാടന്‍ കലകളുടെ ഗവേഷകനുമായ ഡോ. സി.ആര്‍. രാജഗോപാലന്‍ തൃശൂരില്‍ അന്തരിച്ചു. 64 വയസായിരുന്നു. കോവിഡ് ബാധിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

🔳ബജറ്റ് സമ്മേളനം ഇന്ത്യക്കു വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ വികസനത്തിനായുള്ള ചര്‍ച്ച നടക്കണം. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് ചര്‍ച്ചകളെ സ്വാധീനിക്കേണ്ടതില്ല. പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

🔳കേന്ദ്ര ബജറ്റ് നാളെ. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ഉത്തേജന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം.

🔳തെലുങ്കാനയിലെ കരിംനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഓടിച്ച കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി നാലു സ്ത്രീകള്‍ മരിച്ചു. പ്രതിയെയും മാതാപിതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

🔳ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍ അടക്കം 220 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ബാങ്കിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

🔳ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പിന്തള്ളി പ്രമുഖ നിക്ഷേപകന്‍ വാറന്‍ ബഫറ്റ്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് സക്കര്‍ബര്‍ഗിന്റെ മെറ്റ കമ്പനിയുടെ മൂല്യത്തില്‍ 12 ശതമാനത്തിന്റെ (12 ബില്യണ്‍ ഡോളര്‍) ഇടിവാണ് ഉണ്ടായത്. അതേ സമയം വാറന്‍ ബഫറ്റിന്റെ ആസ്ഥിയില്‍ 2022ല്‍ 2.4 ബില്യണിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. നിലവില്‍ സക്കര്‍ബര്‍ഗിനെക്കാള്‍ ഒരു ബില്യണ്‍ ഡോളറിന് മുമ്പിലാണ് ബഫറ്റ്. ശതകോടീശ്വര പട്ടികയിലെ ഒന്നാമനായ ഇലോണ്‍ മസ്‌കിന് ഈ വര്‍ഷം ഇതുവരെ നഷ്ടമായത് 25.8 ബില്യണ്‍ ഡോളറാണ്. 2022 തുടങ്ങിയ ശേഷം ശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍, ബഫറ്റ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ജനുവരി മുതല്‍ ലോകത്തെ 500 ശതകോടീശ്വന്മാര്‍ക്ക് ആകെ നഷ്ടമായത് 635 ബില്യണ്‍ ഡോളറാണ്.

🔳തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില കുറഞ്ഞതിന് ശേഷം ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് 80 രൂപയുടെ കുറവുണ്ടായി. 35920 രൂപയാണ് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.

🔳പകയുടെയും സ്നേഹത്തിന്റെയും കഥ പറയുന്ന സ്റ്റേറ്റ് ബസിന്റെ ടീസര്‍ പുറത്തുവിട്ടു. ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചന്ദ്രന്‍ നരീക്കോടിന്റെ പുതിയ ചിത്രമാണ് 'സ്റ്റേറ്റ് ബസ്'. സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്റെ ഇതിവൃത്തം. സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

🔳ഡോക്ടര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ഡോണിന്റെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തിയറ്ററില്‍ തന്നെയാകും റിലീസ് എന്ന് ശിവ കാര്‍ത്തികേയന്‍ അറിയിച്ചു. സിബി ചക്രവര്‍ത്തിയാണ് സംവിധാനം. ആക്ഷന്‍- കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡോണ്‍. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധയമായ വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.

🔳മാരുതി സുസുക്കി നെക്‌സ ഡീലര്‍ഷിപ്പുകള്‍ ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്യുന്ന പുതിയ ബലേനോയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. 2022 ഫെബ്രുവരി 20-ന് വാഹനത്തിന്റെ ലോഞ്ച് നടക്കും. പുതിയ ബലേനോയിലെ എയര്‍ബാഗുകളുടെ എണ്ണം മുന്‍നിര മോഡലുകളില്‍ ആറ് വരെയായിരിക്കും. രണ്ട് 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ പുതിയ ബലേനോയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരെണ്ണം 83 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നതും.

🔳'കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ ആത്മകഥ. വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ മനോഹരമായ ബാല്യകാല ഓര്‍മകളും വിജയകരമായ തന്റെ എഴുത്തുജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അഗത ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നു. 'അഗതാ ക്രിസ്റ്റിയുടെ ആത്മകഥ'. വിവര്‍ത്തനം എന്‍ മൂസകുട്ടി. ഡിസി ബുക്സ്. വില 675 രൂപ.

🔳നിത്യ ജീവിതത്തില്‍ ഓരോ ചെറിയ കാര്യങ്ങള്‍ക്കു പോലും അമിതമായി ചിന്തിച്ചു സമാധാനം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ വന്നാല്‍ അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. ആവര്‍ത്തിച്ചു മനസ്സിലേക്കു കടന്നുവരുന്ന ചിന്തകള്‍ കാരണം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക, രോഗമാണോ എന്ന് തോന്നിപ്പോവുക, മുന്‍പ് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളില്‍ താല്പര്യം നഷ്ടപ്പെടുക എന്നിവ അനുഭവപ്പെടും. പുതിയതായി എന്തെങ്കിലും കാര്യങ്ങള്‍ ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുക, ആത്മവിശ്വാസം നഷ്ടപ്പെടുക എന്ന അവസ്ഥ. കേള്‍ക്കുന്നവര്‍ എന്തു കരുതും എന്ന പേടിയില്‍ ഈ ചിന്തകളും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഒക്കെ ആരോടും പറയാതെ മനസ്സില്‍ ഒതുക്കിവയ്ക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അതിനാല്‍ തന്നെ അതു വളരെ വലിയ രീതിയില്‍ മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. മനസ്സിലേക്ക് ആവര്‍ത്തിച്ചു കടന്നുവരുന്ന ഇത്തരം ചിന്തകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ യാതൊരു സാധ്യതയും ഉണ്ടായിരിക്കുകയില്ല എന്നതാണ് പ്രത്യേകത. ഇത് സംഭവിക്കില്ല എന്ന് വ്യക്തമായി അറിയാം എന്നിരിക്കുമ്പോഴും ആ ചിന്തകളെ മനസ്സില്‍ നിന്നും മാറ്റാന്‍ കഴിയുന്നില്ല എന്ന അവസ്ഥ. ഉത്കണ്ഠമൂലം ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ചിന്തകള്‍ ഒരുപാടാളുകള്‍ക്കു മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. തോട്ട് സ്റ്റോപ്പിംഗ്, ഡിസ്ട്രാക്ഷന്‍ ടെക്നിക്സ് എന്നീ മനഃശാസ്ത്ര പരിശീലനങ്ങളുടെ സഹായത്തോടെ അനാവശ്യമായി മനസ്സിനെ അലട്ടുന്ന ചിന്തകളെ മാറ്റിയെടുക്കാന്‍ കഴിയും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 74.95, പൗണ്ട് - 100.58, യൂറോ - 83.69, സ്വിസ് ഫ്രാങ്ക് - 80.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 52.74, ബഹറിന്‍ ദിനാര്‍ - 198.89, കുവൈത്ത് ദിനാര്‍ -247.40, ഒമാനി റിയാല്‍ - 194.72, സൗദി റിയാല്‍ - 19.98, യു.എ.ഇ ദിര്‍ഹം - 20.41, ഖത്തര്‍ റിയാല്‍ - 20.59, കനേഡിയന്‍ ഡോളര്‍ - 58.89.

Post a Comment

Previous Post Next Post