കല്പറ്റ: ജില്ലയില്‍ ഇതുവരെ തിരിച്ചേല്പിച്ചത് അനര്‍ഹമായി കൈവശംവെച്ച 2129 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍.സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള ഈ ഉപഭോക്താക്കള്‍ മുന്‍ഗണനേതര കാര്‍ഡുകളിലേക്ക് മാറി.മൊത്തം 2,29,858 റേഷന്‍ കാര്‍ഡുടമകളുള്ള ജില്ലയില്‍ ഇനിയും അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശംവെക്കുന്നവരുണ്ടെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍നിന്നാണ് കൂടുതല്‍ അനര്‍ഹമായി കൈവശംവെച്ച മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചേല്പിച്ചത്. 1074 കാര്‍ഡുടമകളാണ് സുല്‍ത്താന്‍ ബത്തേരിയില്‍ ഇതുവരെ മുന്‍ഗണനേതര റേഷന്‍ കാര്‍ഡിലേക്ക് മാറിയത്.
മാനന്തവാടി താലൂക്കില്‍ 581ഉം വൈത്തിരിയില്‍ 474ഉം ഉപഭോക്താക്കള്‍ മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചേല്പിച്ചു. ജില്ലയില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഉപഭോക്താക്കളുടെ സര്‍ക്കാര്‍ നിശ്ചയിച്ച ക്വോട്ട പൂര്‍ത്തിയായതിനാല്‍, ഒഴിവുവരുന്ന മുറക്കേ പുതിയ അര്‍ഹരായവര്‍ക്ക് ഇനി മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്കാന് കഴിയൂ. അതിനാല്‍, അനര്‍ഹമായി കാര്‍ഡ് കൈവശംവെക്കുന്നവര്‍ അര്‍ഹരായവരുടെ ആനുകൂല്യമാണ് തടയുന്നത്.
സ്വമേധയാ കാര്‍ഡ് തിരിച്ചേല്പിക്കുന്ന അനര്‍ഹര്‍ക്കെതിരെ നടപടിയുണ്ടാവില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തുന്നതാണെങ്കില്‍ കാര്‍ഡുടമകളില്‍നിന്ന് അതുവരെ അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില ഈടാക്കും.
മുന്‍ഗണന വിഭാഗത്തില്‍ അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനേതര കാര്ഡുടമകളായിരുന്ന 6396 ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ അധികൃതര്‍ ഇതിനകം ജില്ലയില്‍ മാറ്റിനല്‍കി ആശ്വാസം പകര്‍ന്നിട്ടുണ്ട്.
മാനന്തവാടി താലൂക്കില്‍ 2877 ഉപഭോക്താക്കളുടെ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് മാറ്റി മുന്‍ഗണന കാര്‍ഡ് നല്കി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 2364ഉം വൈത്തിരി താലൂക്കില്‍ 1155 കുടുംബങ്ങള്‍ക്കുമാണ് മുന്‍ഗണന കാര്‍ഡിലേക്ക് മാറാനായത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡ് കൈവശംവെക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ പി.എ. സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു.
മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍
• നിര്‍ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ (21 വയസ്സിന് മുകളിലുള്ള പുരുഷന്മാരില്ലാത്ത) കുടുംബം, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാല്‍ നയിക്കപ്പെടുന്ന കുടുംബം.
• തദ്ദേശ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ (സാമ്ബത്തിക സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍).
• പട്ടികവര്‍ഗം.
• ആശ്രയ പദ്ധതിയില്‍ അംഗങ്ങളായുള്ളവര്‍ (തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പട്ടിക പ്രകാരം സാമ്ബത്തിക സ്ഥിതിയില്‍ ഉയര്‍ച്ച വന്നിട്ടില്ലെങ്കില്‍).
• കുടുംബത്തില്‍ ആര്‍ക്കെങ്കിലും താഴെ പറയുന്ന ഗുരുതര രോഗങ്ങളുണ്ടെങ്കില്‍: എയ്ഡ്സ്, അര്‍ബുദം, ഓട്ടിസം, ശാരീരിക- മാനസിക വെല്ലുവിളികള്‍, സ്ഥിരമായ കുഷ്ഠം അല്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, സ്ഥിരമായ ഡയാലിസിസിന് വിധേയരാകുന്നവര്‍, ഹൃദയം, കിഡ്നി മാറ്റിവെക്കല്‍ ശസ്തക്രിയക്ക് വിധേയരായവര്‍, പക്ഷാഘാതം പോലുള്ള രോഗങ്ങളാല്‍ പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്തവര്‍. ശരീരം തളര്‍ന്ന് കിടപ്പിലായവര്‍.
• പരമ്ബരാഗത അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങള്‍
മുന്‍ഗണന പട്ടികയില്‍നിന്ന്
ഒഴിവാക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍
• സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.
സര്‍വിസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് നാല് തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്ഷന് വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യ സമര പെന്ഷന് വാങ്ങുന്നവര്‍ ഒഴികെ).
• ആദായനികുതി ദാതാക്കള്‍.
• പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍.
• സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍.
• സ്വന്തമായി 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവര്‍.
• നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെ).
• കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍നിന്നോ പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍.
Post a Comment