സുല്‍ത്താന്‍ ബത്തേരി: ബസില്‍ യാത്ര ചെയ്തിരുന്നയാള്‍ ബോധമറ്റ് വീണിട്ടും ആശുപത്രിയിലെത്തിക്കാതെ മരണമടഞ്ഞ സംഭവത്തില്‍ 23,90,500 രൂപ പരേതന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് വിധി.
വയനാട് ജില്ല എംഎസിറ്റി ജഡ്ജി എസ്.കെ അനില്‍കുമാറാണ് ബസിന്റെ ഇന്‍ഷ്വറന്‍സ് കമ്പിനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പിനിയുടെ ആലുവ ബ്രാഞ്ചിനോട് നഷ്ടപരിഹാരം നല്കാന് വിധിച്ചത്.
2018 മാര്‍ച്ച് 31നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം പോളക്കുളം ഹോട്ടല്‍സ് ഗ്രൂപ്പില്‍ ജീവനക്കാരനായ ബത്തേരി തൊടുവെട്ടി ടി.കെ ലക്ഷ്മണനാണ് തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ മരണമടഞ്ഞത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ട് ബസ് സ്റ്റോപ്പില്‍ നിന്നും പാലാരിവട്ടത്തേക്ക് പോകാനായി ആലുവ-എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഷേണായീസ് ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും ലക്ഷ്മണന് കുഴഞ്ഞുവീഴുകയായിരുന്നു.
യാത്രക്കാര്‍ ബസ് നിര്‍ത്താനും ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയാറായില്ല. പ്രധാനപ്പെട്ട ആറ് ആശുപത്രികള്‍ക്ക് മുന്നിലൂടെ ബസ് മുന്നോട്ടുപോയിട്ടും നിര്‍ത്തിയില്ല. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളി ജംഗ്ഷനില്‍ ബസ് നിര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകായിരുന്നു.
ലക്ഷ്മണന്റെ ആശ്രിതര്‍ അഡ്വ.ടി.ആര് ബാലകൃഷ്ണന് മുഖാന്തിരം കല്‍പ്പറ്റ എംഎസിറ്റി കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി പ്രഖ്യാപിച്ചത്.
Post a Comment