കൊവിഡ് നഷ്ടപരിഹാരം ലഭിക്കുന്നതിന് പുതിയ ഇളവ്; സുപ്രീം കോടതി വിമര്‍ശനത്തോടെ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാനം..

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ ധനസഹായത്തിനായി നല്‍കുന്ന അപേക്ഷയോടൊപ്പം മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റും കൊവിഡ് പോര്‍ട്ടലിലെ മരണ സ്ഥിരീകരണ പട്ടികയിലെ നമ്പറും നല്‍കി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതി.
കൊവിഡ് മരണ സ്ഥികരീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ രണ്ടാഴ്ച നീളുന്ന നടപടി ക്രമങ്ങള്‍ ആവശ്യമാണ്. ഇതൊഴിവാക്കാനാണ് തീരുമാനം. മരണ കാരണം കൊവിഡ് ആണെന്ന് അപ്പീല്‍ കമ്മിറ്റി അംഗീകരിക്കുമ്പോള്‍ തന്നെ കൊവിഡ് പോര്‍ട്ടലിലെ പട്ടികയില്‍ ഇതുള്‍പ്പെടും. നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് ധനസഹായം ആളുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കൊവിഡ് ബാധിച്ച് മരിച്ച ഏഴായിരത്തിലേറെ പേരുടെ ആശ്രിതര്‍ ഇനിയും അപേക്ഷ നല്‍കാനുണ്ട്.

ധനസഹായത്തെക്കുറിച്ച് അറിവില്ലായ്മ, അവകാശ തര്‍ക്കം എന്നിവ മൂലമാണ് പലരും അപേക്ഷിക്കാത്തത്. കൊവിഡ് മരണം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. അപേക്ഷ വില്ലേജ് അടിസ്ഥാനത്തില്‍ സ്വീകരിച്ചതും തിരിച്ചടിയായി. ധനസഹായ വിതരണം സംബന്ധിച്ച് ജനുവരി 19 ന് സുപ്രീം കോടതി കേരളത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നഷ്ടപരിഹാര അപേക്ഷകള്‍ കൂടുമ്പോള്‍ കേരളത്തില്‍ അപേക്ഷകള്‍ കുറയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഒരാഴ്ചക്കകം ധനസഹായം കൊടുത്ത് തീര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അപേക്ഷ തള്ളരുതെന്നും ഓര്‍മ്മിപ്പിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും സുപ്രീം കോടതിയില്‍ വരാനിരിക്കെയാണ് നഷ്ടപരിഹാര നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്. വെള്ളിയാഴ്ച കേരളം ഇത് സംബന്ധിച്ച് സത്യവാങ് മൂലം നല്‍കണം. കഴിഞ്ഞ രണ്ട് ഞായാറാഴ്ചകളില്‍ അവധി ഉപേക്ഷിച്ച് കൂടുതല്‍ പേരില്‍ നിന്നും അപേക്ഷ വാങ്ങാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍.

Post a Comment

Previous Post Next Post