കൂട്ട ആത്മഹത്യ: രാസവസ്തു വാങ്ങിയത് ഓൺലൈനിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം മടക്കം

കൊടുങ്ങല്ലൂർ  ചന്തപ്പുര ഉഴുവത്തുകടവിലെ കൂട്ട ആത്മഹത്യയ്ക്കു വേണ്ടി വിഷവാതകം ഒരുക്കുന്നതിനു രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈനിൽ. ജനുവരിയിൽ ഇവ ഓർഡർ ചെയ്തതായാണു പാക്കറ്റുകളിൽ നിന്നു ലഭിക്കുന്ന വിവരം.  പ്രമുഖ ഓൺലൈൻ വ്യാപാര ഏജൻസി മുഖേനയാണു രാസവസ്തുക്കളും ഇവ പൊടുന്നനെ കത്തുന്നതിനു വേണ്ടി മിശ്രിതവും വാങ്ങിയത്.

ന്യൂഡൽഹി ശക്തിനഗർ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ കവറും ഓൺലൈൻ ഏജൻസിയുടെ കവറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. മരിച്ച ആഷിഫ് ഉബൈദുല്ലയുടെ പേരിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് രാസവസ്തുക്കൾ ഉഴുവത്തുകടവിലെ മേൽവിലാസത്തിൽ ലഭിച്ചിരിക്കുന്നത്.ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി തുറന്നപ്പോൾ അലുമിനിയം പാത്രത്തിൽ മിശ്രിതം കത്തികൊണ്ടിരിക്കുകയായിരുന്നു. രാസവസ്തുവിന്റെ ഗന്ധം മുറിയിൽ നിന്നു പുറത്തേക്ക് തള്ളി. മുറിയിൽ നിന്നു വാതകത്തിന്റെ ഗന്ധം പുറത്തേക്കു പോകാതിരിക്കാൻ ജനൽപ്പാളികളിലെ വിടവ് പുറത്തു നിന്നും അകത്തു നിന്നും അടച്ച നിലയിലായിരുന്നു.

മക്കളെ കിടത്തി ഉറക്കിയ ശേഷം ആഷിഫ് ഉബൈദുല്ലയും ഭാര്യ അബീറയും ചേർന്നു വിഷവാതകം ഒരുക്കിയെന്നാണു പൊലീസ് നിഗമനം. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപത്തെ കടയിൽ നിന്നു പലചരക്ക് വാങ്ങിയതിനു നൽകാനുള്ള മുഴുവൻ തുകയും അബീറ കൊടുത്തിരുന്നു. 


ആഷിഫ് ഉബൈദുല്ലയും ഭാര്യ അബീറയും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഒരാഴ്ച മുൻപ്  ഫേയ്സ് ബുക് ,ഇൻസ്റ്റ ഗ്രാം എന്നിവിടങ്ങളിൽ ഇവരുടെ ചിത്രങ്ങളടക്കമുള്ള പോസ്റ്റുകൾ നീക്കിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ അക്കൗണ്ടുകൾ പൂർണമായും നീക്കം ചെയ്തതായാണ് സൂചന.

Post a Comment

Previous Post Next Post