സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; തലശ്ശേരിയിലും ന്യൂമാഹിയിലും ഇന്ന് ഹര്‍ത്താല്‍

തലശ്ശേരി: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഹരിദാസാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് -ബി.ജെ.പി സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ആരോപിച്ചു.

പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.

ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയി. ബഹളം കേട്ട് സംഭവ സ്ഥലത്ത് എത്തിയ ബന്ധുക്കളുടെ കണ്‍മുന്നിലായിരുന്നു ക്രൂരമായ അക്രമം. ഹരിദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോജരന്‍ സുരനും വെട്ടേറ്റു.

പുന്നോലില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം -ബ‌ി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ, ഹരിദാസനെ കൊലപ്പെടുത്തുമെന്ന് തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലര്‍ പ്രസംഗിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും എം.വി.ജയരാജന്‍ ആരോപിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ബി.ജെ.പി നേതാരിന്റെ പ്രകോപനപരമായ പ്രസംഗം.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post