ലോറിയിടിച്ച കാല്‍നട യാത്രക്കാരൻ മടിയില്‍ കിടന്നു മരണപ്പെട്ടു; വിഷമം താങ്ങാനാവാതെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച വിഷമത്തില്‍ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. മലപ്പുറത്തെ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറി ഡ്രൈവര്‍ മുതിയേരി ബിജു (28)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. നാലു മാസം മുമ്പാണ് അപകടം നടന്നത്. ഫര്‍ണിച്ചറുകളുമായി പുനലൂരിലേക്ക് പോവുകയായിരുന്നു ബിജു. കാല്‍നട യാത്രക്കാരന്‍ റോഡു മുറിച്ചു കടക്കവെ ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റയാളെ ബിജു തന്നെ ലോറിയില്‍ കയറ്റി ആശുപത്രിയിലേക്ക് പോയി. എന്നാല്‍ യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ കിടന്ന് ഇദ്ദേഹം മരിച്ചു. വിഷമം കാരണം ബിജുവിന് വിഷാദ രോഗം ബാധിച്ചിരുന്നു. മനപ്രയാസം ബിജു ഇടയ്ക്ക് വീട്ടുകാരോട് പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Post a Comment

Previous Post Next Post