പത്രം (വാർത്തകൾ ഒറ്റനോട്ടത്തിൽ)

www.wayanadvartha.com
2022 | ഫെബ്രുവരി 2 | ബുധൻ | 1197 | മകരം 19 | അവിട്ടം
➖➖➖➖➖➖➖➖
🌀 *റോഡ്, റെയില്‍, ഭവന നിര്‍മാണ മേഖലയില്‍ വന്‍നിക്ഷേപം വാഗ്ദാനം ചെയ്യുന്ന ബജറ്റ്*. ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. കാര്‍ഷിക മേഖലയ്ക്കു കാര്യമായൊന്നും ഇല്ല. പെട്രോളിയം, വളം, ഭക്ഷ്യ ഇനങ്ങള്‍ എന്നിവയ്ക്കുള്ള സബ്സിഡി വെട്ടിക്കുറച്ചു. സംസ്ഥാനങ്ങളുടെ ചുമതലയായിരുന്ന ഭൂമി രജിസ്ട്രേഷനില്‍ കേന്ദ്രത്തിന്റെ കൈകടത്തല്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഈ വിശേഷങ്ങള്‍.

🌀 *ബജറ്റ് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വില കൂടാന്‍ സാധ്യതയുള്ള ഇനങ്ങള്‍:* ഇറക്കുമതി ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, കുടകള്‍, സോഡിയം സയനൈഡ്, കാര്‍ഷികോപകരണങ്ങള്‍, എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍. കുടകള്‍ക്ക് 20 ശതമാനം വില കൂടും. കുടയ്ക്കുണ്ടായിരുന്ന കസ്റ്റംസ് തീരുവയിലെ ഇളവ് വെട്ടിക്കുറച്ചതോടെയാണിത്. കുട നിര്‍മ്മാണത്തിനുള്ള ഘടകങ്ങള്‍ക്കായിരുന്നു നേരത്തെ ഇളവുണ്ടായിരുന്നത്.

🌀 *വില കുറയാന്‍ സാധ്യതയുള്ള ഇനങ്ങള്‍:* തുണിത്തരങ്ങള്‍, ഡയമണ്ട്, ജെം സ്റ്റോണ്‍സ്, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, അസറ്റിക് ആസിഡ്, മെഥനോള്‍ അടക്കമുള്ള രാസവസ്തുക്കള്‍.


🌀കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് അവഗണന. നെല്ല്, ഗോതമ്പ് തുടങ്ങിയ വിളകളുടെ താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ മാറ്റിവച്ചതു മാത്രമാണ് കാര്‍ഷിക മേഖലയ്ക്കുള്ളത്. കഴിഞ്ഞ ബജറ്റില്‍ ഇത് 2.48 ലക്ഷം കോടി രൂപയായിരുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പു നടക്കാനിരിക്കേ, കാര്‍ഷിക മേഖലയ്ക്കു കൂടുതല്‍ പരിഗണന പ്രതീക്ഷിച്ചിരുന്നു.

Wayanad Vartha 
https://chat.whatsapp.com/G1hCYhKFQ7LCIJThAlPOQm

🌀എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കും. ചോളം ഉള്‍പ്പടെ ചെറുധാന്യങ്ങളുടെ കൃഷിക്കും മൂല്യവര്‍ധനക്കും പ്രാധാന്യം നല്‍കും. കൃഷി ശാസ്ത്രീയമാക്കാന്‍ ഡ്രോണുകളുടെ സഹായം കര്‍ഷകര്‍ക്ക് നല്‍കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ. എന്നാല്‍ ഉല്‍പ്പാദന ചെലവ് കുറക്കുന്നതിനും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനും പ്രഖ്യാപനങ്ങള്‍ ഇല്ല.

🌀നദീ സംയോജനത്തിന് 44605 കോടി രൂപയുടെ പദ്ധതി. ഈ പദ്ധതി കര്‍ഷകര്‍ക്കു പ്രതീക്ഷയേകുന്നതാണ്. ഒന്‍പത് ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.


🌀പോസ്റ്റ് ഓഫീസുകള്‍ ഇനി കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക്. ഈ വര്‍ഷം ഒന്നര ലക്ഷം പോസ്റ്റോഫീസുകള്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരും. ഇതോടെ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എടിഎമ്മുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും. ഓണ്‍ലൈനായി ബാങ്കിങ് ഇടപാട് നടത്താനും അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കും.

🌀ബജറ്റിനെ ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു. ബജറ്റിനുശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിര്‍മ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ പര്‍വ്വത മേഖലകള്‍ക്കായി പ്രഖ്യാപിച്ച പര്‍വത് മാല പദ്ധതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

🌀ദീര്‍ഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ പാകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🌀എല്ലാ വിഭാഗങ്ങളെയും ബജറ്റില്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവര്‍ഗ്ഗത്തിനും, പാവപ്പെട്ടവര്‍ക്കും, യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, ഇടത്തരം ചെറുകിട കച്ചവടക്കാര്‍ക്കും ബജറ്റില്‍ ഒന്നുമില്ല. രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.

🌀സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കുകൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ബജറ്റ് പരിഗണിച്ചില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം എന്നിവയില്‍ പരിഗണനയില്ല.

🌀കേന്ദ്ര ബജറ്റ് ഇന്ധന വില വര്‍ധിപ്പിക്കുന്നെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ട് രൂപ വര്‍ധിക്കും. കെ റെയിലിന് സഹായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംസ്ഥാന വിഷയമാണ്. കേന്ദ്രം അതു തട്ടിയെടുത്തിരിക്കുകയാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

🌀കേന്ദ്ര ബജറ്റ് ജനജീവിതം ദുസഹമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിത്തെടുത്തു കുത്തിയാണ് മുന്നോട്ടു പോകുന്നതെന്നും സാമ്പത്തിക നില മെച്ചപ്പെട്ടെന്ന അവകാശവാദം തെറ്റാണെന്നും സതീശന്‍ പറഞ്ഞു.

🌀400 വന്ദേഭാരത് ട്രെയിനുകള്‍ തുടങ്ങുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

🌀ഏഴു ദിവസത്തിനു താഴെയുള്ള സന്ദര്‍ശനത്തിനായി വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ഏഴ് ദിവസത്തിനകം മടങ്ങുകയും വേണം. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

🌀കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചെന്ന രേഖ സര്‍ക്കാര്‍ ലോകായുക്തയില്‍ ഹാജരാക്കി. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് പുനര്‍ നിയമനത്തിനായി മന്ത്രി ആര്‍ ബിന്ദു കത്തു നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം. ഗവര്‍ണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാര്‍ശ ചെയ്യാതെ നിര്‍ദ്ദേശം മാത്രമല്ലേ മുന്നോട്ട് വച്ചതെന്ന് ചോദിച്ചു. കേസില്‍ വിധിവരും മുമ്പ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നും ലോകായുക്ത ചോദിച്ചു.

🌀ലോകായുക്ത നിയമത്തിലെ പതിന്നാലാം വകുപ്പു ഭരണഘടനാ വിരുദ്ധമാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു മറുപടി നല്‍കി. നിയമ ഭേദഗതിക്കു രാഷ്ട്രപതിയുടെ അനുമതി വേണ്ട. ലോക് പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണ്. എജിയുടെ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.

🌀നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി നാളെ. ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിനു മുന്നില്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

🌀ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ ആറു ഫോണുകള്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ആലുവാ കോടതിക്കു കൈമാറി. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം. ഫോണുകള്‍ക്കായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. ഫോണുകള്‍ തുറക്കാനുള്ള പാറ്റേണ്‍ ലോക്കുകള്‍ കൈമാറാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

🌀ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകനാണ് പിടിയിലായത്. കൃത്യത്തില്‍ പങ്കാളികളായ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി. ഇനിയും മൂന്നു പേര്‍കൂടി അറസ്റ്റിലാകാനുണ്ട്. ഗൂഢാലോചനക്കേസില്‍ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതുവരെ 23 പേര്‍ പിടിയിലായി.

🌀കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള്‍ മരിച്ചു. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒന്നര മാസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. കുട്ടികള്‍ക്ക് ജന്മനാ മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

🌀തൃശൂരില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ഇടിച്ചുവീഴ്ത്തി ഓട്ടോയുമായി രക്ഷപ്പെട്ടയാള്‍ പിടിയില്‍. ചെറുതുരുത്തി നെടുമ്പുര വെള്ളങ്ങാലില്‍ വീട്ടില്‍ ഷനീഷിനെയാണ് പഴയന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

🌀വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം കഴിഞ്ഞ വരന്‍ 30 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയുമായി മുങ്ങി. പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു മുങ്ങിയതിന് കായംകുളം സ്വദേശി അസറുദ്ദീന്‍ റഷീദ് എന്ന മുപ്പതുകാരനെ അടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ 30 നായിരുന്നു വിവാഹം.

🌀പാലക്കാട് ഉമ്മിനിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്.

🌀മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി അബുദാബിയില്‍ കൂടിക്കാഴ്ച്ച നടത്തി. നിക്ഷേപകരെ കേരളത്തിലേക്കു സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും വലുതാണെന്ന് അവകാശപ്പെട്ടു.

🌀കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യലഹരിയില്‍ അടിപിടി, ഒരാള്‍ കുത്തേറ്റു മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ റെയില്‍വേ സ്റ്റേഷന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

🌀സാങ്കേതിക തകരാര്‍മൂലം മലയാളം വാര്‍ത്താ ചാനലുകളുടെ സംപ്രേക്ഷണം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറര മുതല്‍ ഏഴര മണിക്കൂറാണ് സംപ്രേക്ഷണം മുടങ്ങിയത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പുനസ്ഥാപിച്ചത്.

🌀കേന്ദ്ര ബജറ്റ് ചെറുകിട വ്യാപാര മേഖലക്കു ഗുണകരമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര. എം.എസ്.എം.ഇ മേഖലക്കുള്ള രണ്ടു ലക്ഷം കോടി രൂപ എങ്ങനെ വ്യാപാരികള്‍ക്കു പ്രയോജനപ്പെടുമെന്ന് അറിയില്ല. കൊവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന വ്യാപാര മേഖലക്ക് ബാങ്ക് പലിശ ഇളവു പ്രഖാപിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.  

🌀ആലപ്പുഴ ജില്ലയുടെ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപ വര്‍മ്മ തമ്പാനെ മാറ്റി. മരിയാപുരം ശ്രീകുമാറിനാണു പകരം ചുമതല. രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചതിന് പ്രതാപ വര്‍മ്മ തമ്പാനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

🌀പതിനാറ് കുപ്പികളില്‍ നിറച്ച ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. കോഴിക്കോട് കരുവിശ്ശേരി ശാന്തിരുത്തിവയല്‍ വീട്ടില്‍ ശിഖില്‍(26) ആണ് പിടിയിലായത്.

🌀ലോകായുക്ത വിവാദത്തില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍മന്ത്രി കെടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസിലെ വിധിയും വൈസ് ചാന്‍സലര്‍ നിയമനവും തമ്മില്‍ ബന്ധമില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തിനെതിരായാണ് ജലീലിന്റെ പുതിയ പോസ്റ്റ്. ചാന്‍സലര്‍ നിയമനത്തിനായി ഡോ ജാന്‍സി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് ജലീല്‍ പറയുന്നു.

🌀ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ അപകടം. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഈസ്റ്റേണ്‍ കോള്‍ഫീഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. അനധികൃത ഖനനത്തിനിടെയാണ് അപകടം.

🌀കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്

🌀മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല, പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിവിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജഗ്മോഹന്‍ കാംഗാണ് കുടുംബ സമേതം പാര്‍ട്ടി മാറിയത്.

🌀റഷ്യ ആക്രമിക്കുമെന്ന ഭീതിയോടെ ഉക്രൈനിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ യുദ്ധ പരിശീലനം തുടങ്ങി. മരത്തോക്കുകളുമായാണ് ആയുധ പരിശീലനം. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സാണു പരിശീലകര്‍. യന്ത്രത്തോക്കാണെന്നു തോന്നിക്കുന്ന മരത്തോക്കുകള്‍ ഉപയോഗിച്ച് സ്വയം പ്രതിരോധിക്കാനാണു പഠിപ്പിക്കുന്നത്.  

🌀ഐഎസ്എല്ലില്‍ ഇന്നലെ നടന്ന എഫ്‌സി ഗോവ - ഒഡിഷ എഫ്‌സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളിന് മുന്നില്‍ നിന്ന ഒഡിഷയ്‌ക്കെതിരേ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ഗോവ സമനില പിടിക്കുകയായിരുന്നു.

🌀ഐപിഎല്‍ 2022 മെഗാ താര ലേലത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തുവിട്ട് ബിസിസിഐ. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 12,13 തിയതികളിലാണ് താര ലേലം. മലയാളി താരം ശ്രീശാന്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില.

🌀കേരളത്തില്‍ ഇന്നലെ 1,21,048 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 24 മരണം. എന്നാല്‍ ഇന്നലെ രേഖപ്പെടുത്തിയ 1181 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 55,600 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🌀കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552.

🌀രാജ്യത്ത് ഇന്നലെ 1,58,128 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 14,372, കര്‍ണാടക- 14,366, തമിഴ്നാട്- 16,096, ഡല്‍ഹി- 2,683.

🌀ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയെട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,71,028, ഫ്രാന്‍സ്- 4,16,896, ഇംഗ്ലണ്ട് - 1,12,452, റഷ്യ- 1,25,836, തുര്‍ക്കി - 1,02,601, ഇറ്റലി- 1,33,142, ജര്‍മനി-1,83,434. ഇതോടെ ആഗോളതലത്തില്‍ 38.15 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.43 കോടി കോവിഡ് രോഗികള്‍.

🌀ആഗോളതലത്തില്‍ 10,080 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2,052, ബ്രസീല്‍ - 767, റഷ്യ- 663, ഫ്രാന്‍സ് - 381, ഇറ്റലി - 339, സ്പെയിന്‍ - 408. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.02 ലക്ഷമായി.

🌀വിമാന ഇന്ധനത്തിന്റെ വില (എടിഎഫ്) എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. 8.5 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിലുണ്ടായത്. ഒരു മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയോടെ എടിഎഫ് സര്‍വകാല റെക്കോര്‍ഡില്‍ എത്തി. കിലോലിറ്ററിന് 6743 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പുതിയ വില 86,038 രൂപ. 2008 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 71,028.26 രൂപയാണ് ഇതിനു മുമ്പ് എടിഎഫിനു രേഖപ്പെടുത്തിയ ഉയര്‍ന്ന വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയാണ് എടിഎഫ് വില വര്‍ധനയ്ക്കു കാരണമെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. ഈ മാസം ഇതു മൂന്നാം തവണയാണ് കൂടുന്നത്.

🌀പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ബെംഗളൂരുവിനെ മറികടന്ന് ഡല്‍ഹി. 2019-21 കാലയളവില്‍ 5,000 സ്റ്റാര്‍ട്ടപ്പുകളാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയത്. ഇക്കാലയളവില്‍ ബെംഗളൂരുവില്‍ നിന്ന് 4,514 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍, സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയാണ്(11,308)ഒന്നാമത്. കഴിഞ്ഞ വര്‍ഷം മാത്രം 44 സ്റ്റാര്‍ട്ടപ്പുകളാണ് യൂണീകോണായത് ( 1 ബില്യണ്‍ ഡോളര്‍ മൂല്യം). 2021ല്‍ ഏറ്റവും കൂടുതല്‍ യൂണീകോണുകളെ സൃഷ്ടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്. യുഎസും ( 487) ചൈനയുമാണ് (301) ആദ്യ രണ്ട് സ്ഥാനങ്ങളില്‍. നിലവില്‍ 83 യുണീകോണ്‍ കമ്പനികളാണ് ഇന്ത്യയിലുള്ളത്.

🌀പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബ്രോ ഡാഡിയിലെ വീഡിയോ ഗാനം പുറത്തെത്തി. 'കാണാക്കുയിലേ' എന്ന ഗാനത്തിന്റെ വീഡിയോയാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ദീപക് ദേവ് ആണ്. എവുഗിനും ആന്‍ ആമിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

🌀രാജ്കുമാര്‍ റാവു നായകനാകുന്ന ചിത്രമാണ് 'ബധായി ദോ'. ഭൂമി പെഡ്നേകറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ ഗാനത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് രാജ്കുമാര്‍ റാവു. 'ബധായി ദോ'യെന്ന ചിത്രത്തിലെ വിവാഹ രംഗങ്ങളുള്‍പ്പെട്ട ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയായാണ് പുറത്തുവിട്ടത്. ഹര്‍ഷവര്‍ധന്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫെബ്രുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക. ഒരു പൊലീസ് കഥാപാത്രമായിട്ടാണ് രാജ്കുമാര്‍ റാവു അഭിനയിക്കുന്നത്.

🌀ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്സ് മൂന്നു വരി എംപിവി ആയ കാരന്‍സിന്റെ നിര്‍മ്മാണം ആരംഭിച്ചു. കിയ കാരന്‍സിന്റെ ആദ്യ യൂണിറ്റ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ നാലാമത്തെ മോഡലാണ് കിയ കാരന്‍സ്. എസ്യുവിഷ് സ്റ്റൈലിംഗും സവിശേഷതകളുമുള്ള എംപിവി ഫെബ്രുവരിയില്‍ പുറത്തിറക്കും. കിയ കാരന്‍സ് ഇന്ത്യയില്‍ നിര്‍മ്മിക്കുകയും 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

🌀ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഐതിഹാസികമായ ബ്രിട്ടീഷ് വിരുദ്ധ കലാപം നയിച്ച കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ ധീരോജ്ജ്വലമായ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന മലയാളത്തിലെ ഏക പഠനഗ്രന്ഥത്തിന്റെ പരിഷ്‌കൃത രൂപം. 'പഴശ്ശി സമരരേഖകള്‍'. ഡോ കെ കെ എന്‍ കുറുപ്പ്. മാതൃഭൂമി ബുക്സ്. വില 189 രൂപ.

🌀ഒമിക്രോണ്‍ ബാധിച്ചാല്‍ ജൈവികമായി കൈവരുന്ന പ്രതിരോധശക്തി പിന്നീട് കൊവിഡ് പിടിപെടുന്നതില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാലിതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്? യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ പറയുന്നത് ഒമിക്രോണ്‍ ബാധിച്ചുവെന്നതിനാല്‍ ഭാവിയില്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത ഇല്ലാതാകുന്നില്ലെന്നാണ്. രോഗം എത്രത്തോളം തീവ്രമായി ബാധിക്കുന്നു എന്നതിന് അനുസരിച്ച് പ്രതിരോധശക്തി കൈവരുമെന്നും, ചെറിയ രീതിയില്‍ ഒമിക്രോണ്‍ ബാധിച്ചയാളാണെങ്കില്‍ അവര്‍ക്ക് അത്രത്തോളം പ്രതിരോധശേഷി കൈവരില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 'യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ'യില്‍ നിന്നും യുകെ ഗവണ്‍മെന്റ് ആരോഗ്യവിഭാഗത്തില്‍ നിന്നെല്ലാമുള്ള ഗവേഷകരാണ് ഈ പഠനങ്ങള്‍ക്ക് പിന്നില്‍. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ഒമിക്രോണിനെക്കാളും വേഗതയില്‍ രോഗം വ്യാപിപ്പിക്കുന്നുണ്ടെന്നും ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ബിഎ.2 കൂടിവരുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രോഗം ഒരു തവണ പിടിപെട്ടതിന്റെ ഭാഗമായി കൈവരുന്ന പ്രതിരോധശക്തിക്ക് കാലാവധിയുണ്ട് എന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളുടെ പ്രാധാന്യം ഏറെയാണെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നുണ്ട്. പ്രതിരോധം ശക്തമാക്കാനും, രോഗത്തെ നേരിടാന്‍ സജ്ജമാക്കാനും ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്ക് കഴിയുമെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. വാക്‌സിനേഷന്‍ പ്രക്രിയ ദീര്‍ഘദൂരം മുന്നോട്ടുപോയ രാജ്യങ്ങളില്‍ കൊവിഡ് മരണനിരക്കും ആശുപത്രി കേസുകളും കുറഞ്ഞതായും പഠനം പറയുന്നു.
➖➖➖➖➖➖➖

Post a Comment

Previous Post Next Post