വനമേഖലയില്‍ അതിക്രമിച്ച്‌ കയറിയതിന് ബാബുവിനെതിരെ കേസെടുക്കാനൊരുങ്ങി വനം വകുപ്പ്


പാലക്കാട്: ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച്‌ കയറിയതിനാണ് കേസെടുക്കുക. 

കേരളാ ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരമാണ്  കേസെടുക്കുക. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

 കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


*പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു*. 


ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാല്‍ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമായിരിക്കും ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുക.


ബാബുവിനെതിരെയുള്ള കേസ് ഞെട്ടിപ്പിച്ചുവെന്ന് മാതാവ് പ്രതികരിച്ചു. അനുമതിയില്ലാതെ വനപ്രദേശത്ത് കയറിയത് തെറ്റാണെങ്കിലും ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തനിക്ക് കേസ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പകല്‍ ചൂടും രാത്രി കൊടുംതണുപ്പും അനുഭവിച്ച്‌ വന്യമൃഗങ്ങളെ പേടിച്ചാണ് ബാബു പാറപ്പൊത്തില്‍ കഴിഞ്ഞത്. ഇതിലും വലിയത് ഇനി അനുഭവിക്കാനില്ലെന്നും സഹോദരന്‍ പറഞ്ഞു.


തിങ്കളാഴ്ച ഉച്ചക്കാണ് ബാബു മലമുകളില്‍ നിന്ന് തെന്നി വീണ് പാറയിടുക്കില്‍ അകപ്പെട്ടത്. യുവാവ് കുടുങ്ങിക്കിടക്കുന്ന വിവരം വൈകിട്ടോടെ പുറംലോകമറിയുകയും പിറ്റേന്ന് രാവിലെയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ഒടുവില്‍ സൈന്യമാണ് ബുധനാഴ്ച ഉച്ചയോടെ ബാബുവിനെ രക്ഷിച്ചത്.

Post a Comment

Previous Post Next Post