പത്രം (വാർത്തകൾ ഒറ്റനോട്ടത്തിൽ )

www.wayanadvartha.com
2022 | ഫെബ്രുവരി 4 | വെള്ളി | 1197 | മകരം 21 | പൂരുരൂട്ടാതി
➖➖➖➖➖➖➖➖

🌀 *ഒത്തുകളിയിലൂടെ ടയര്‍വില വര്‍ധിപ്പിച്ച ആറു ടയര്‍ കമ്പനികള്‍ക്ക് 1,788 കോടി രൂപ പിഴ.* കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഇത്രയും ഭീമമായ തുക പിഴയടക്കാന്‍ ഉത്തരവിട്ടത്. എംആര്‍എഫ് - 622.09 കോടി, അപ്പോളോ- 435.53 കോടി, ജെകെ- 309.95 കോടി, സീയറ്റ്- 252.16 കോടി, ബിര്‍ള- 178.33 കോടി എന്നിങ്ങനെയാണു പിഴ. ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് എട്ടര ലക്ഷം രൂപയും പിഴ ചുമത്തി. 2011- 2012 ല്‍ കമ്പനികള്‍ ഒത്തുകളിച്ച് ടയര്‍ വില കൂട്ടിയതിനെതിരേ ടയര്‍ ഡീലേഴ്സ് അസോസിയേഷന്‍ നല്‍കിയ കേസിലാണ് വിധി.  
🌀 *കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുനര്‍നിയമിക്കാന്‍ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണെന്ന് രാജ്ഭവന്‍*. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടെന്നും രാജ്ഭവന്‍ വിശദീകരിച്ചു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു നിയമനമെന്ന സര്‍ക്കാരിന്റെ വാദം രാജ്ഭവന്‍ തള്ളി. ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന്റെ രേഖ ലോകായുക്തയില്‍ സമര്‍പ്പിച്ചെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു.

🌀 *ലോകായുക്ത ഇന്നു പരിഗണിക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കക്ഷി ചേര്‍ക്കുമെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍*. രാജ് ഭവന്‍ പുറത്തിറക്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.


🌀 *പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായന്ന പരാതിയുമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയെ സമീപിച്ചത് രണ്ടു പേര്‍മാത്രം.* പരിശോധനകള്‍ക്കും തെളിവെടുപ്പിനുമായി ഫോണ്‍ കൈമാറേണ്ടിവരുമെന്നു വിദഗ്ധ സമിതി മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടിസ് നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പരാതിക്കാര്‍ രണ്ടു പേരേയുള്ളൂ. രണ്ടുപേര്‍ ആരെന്ന് വെളിപെടുത്തിയിട്ടില്ല.

*Wayanad Vartha*
https://chat.whatsapp.com/G1hCYhKFQ7LCIJThAlPOQm

🌀കര്‍ഷക സമരം നയിച്ച കിസാന്‍ മോര്‍ച്ച ബിജെപിക്കെതിരെ പ്രചാരണത്തിന്. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് കിസാന്‍ മോര്‍ച്ച പ്രചാരണത്തിനിറങ്ങുന്നത്.

🌀ലോകായുക്ത ഭേദഗതിയെ സിപിഐ എതിര്‍ക്കും. ജനങ്ങളോടു യുദ്ധം ചെയ്ത് കെ റെയില്‍ പദ്ധതി നടപ്പാക്കേണ്ടതില്ല. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണു ഈ തീരുമാനങ്ങളെടുത്തത്. ലോകായുക്താ ഭേദഗതി നിര്‍ദേശം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതിരുന്നതിന് മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനമുണ്ടായി. പാര്‍ട്ടി സെന്ററിനെ അറിയിച്ചെന്നും വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിച്ചില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.


🌀കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും മരണം റിപ്പോര്‍ട്ടു ചെയ്യുന്നതിലും കേരളം ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലുമാണ് രോഗവ്യാപനം കൂടുതല്‍. രോഗവ്യാപനത്തിലും രോഗികളുടെ എണ്ണത്തിലും കേരളമാണു മുന്നില്‍. ടിപിആര്‍ 47 ശതമാനമാണ്. ഒക്ടോബര്‍ മുതല്‍ രേഖപ്പെടുത്താത്ത 24,730 മരണങ്ങളാണ് കേരളം കൂട്ടിച്ചേര്‍ത്തത്. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

🌀സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്നു മുതല്‍ ഏഴാം തീയതി വരെ പ്രവേശനം. ഓള്‍ ഇന്ത്യ ദന്തല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ വര്‍ക്കല ശ്രീശങ്കര ദന്തല്‍ കോളജില്‍ പ്രവേശനം ഇല്ല.

🌀നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഇന്ന് പ്രോസിക്യൂഷന്റെ ഭാഗം കേട്ടശേഷം ആവശ്യമെങ്കില്‍ വാദിക്കാമെന്നാണു ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള വ്യക്തമാക്കിയത്. സിഐ സുദര്‍ശന്റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വാഹനം ഇടിപ്പിച്ചുകൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു.

🌀അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ കൊല്ലാന്‍ ദിലീപ് അനൂപിന് നിര്‍ദ്ദേശം നല്‍കുന്നതിന്റെ റെക്കോര്‍ഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശബ്ദസന്ദേശം താന്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

🌀മോഷണക്കേസ് പ്രതിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്നതിനു പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന ഇ.എന്‍. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് ഡിഐജി രാഹുല്‍ ആര്‍ നായര്‍ റദ്ദാക്കി. മൂന്നു വര്‍ഷത്തേക്ക് വാര്‍ഷിക വേതന വര്‍ധന തടഞ്ഞുകൊണ്ടാണു തിരിച്ചെടുക്കല്‍.

🌀കണ്ണൂര്‍ മാതമംഗലത്ത് മുസ്ലിം ലീഗ് പ്രകടനത്തിലേക്ക് സിഐടിയു പ്രവര്‍ത്തകര്‍ ഇരച്ചുകയറി പ്രകടനക്കാരെ മര്‍ദിച്ചു. പോലീസ് നോക്കിനില്‍ക്കേയാണ് സിഐടിയു അതിക്രമം. സിഐടിയു ഉപരോധം ഏര്‍പ്പെടുത്തിയ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിയതിന് യുവാവിനെ മര്‍ദിച്ച സിഐടിയുവിനെതിരേ പ്രകടനം നടത്തിയതിനാണ് അക്രമം.

🌀കോതമംഗലം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെയെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

🌀തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കു സൗജന്യ പാസ് തുടരും. ഒരു വീട്ടിലെ ഒരു വാഹനത്തിനു മാത്രം സൗജന്യ പാസെന്ന നിയന്ത്രണം ടോള്‍ പ്ലാസ അധികൃതര്‍ മാറ്റി. നിയന്ത്രണത്തിനെതിരെ ടോള്‍ പ്ലാസയ്ക്കുമുന്നില്‍ പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉപരോധ സമരം നടത്തിയിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

🌀ബിവറേജസ് കോര്‍പറേഷനു മദ്യം സൂക്ഷിക്കാന്‍ സംസ്ഥാനത്ത് 17 പുതിയ സംഭരണ കേന്ദ്രങ്ങള്‍ കൂടി തുറക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രണ്ടു വീതം മദ്യ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും. 11 ജില്ലകളില്‍ ഓരോ സംഭരണ കേന്ദ്രങ്ങളാണ് തുറക്കുക.

🌀സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജിക്കാരുടെ ഭൂമിയില്‍ കെ റെയിലിനായി സര്‍വേ നടത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

🌀ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച 50 രൂപക്കുപകരം 110 രൂപ ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടര്‍. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതിയുയര്‍ന്ന കാട്ടാക്കട കുറ്റിച്ചല്‍ അക്ഷയ കേന്ദ്രത്തില്‍ അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

🌀കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ചരക്ക് ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയില്‍ വീട്ടില്‍ ബെന്നിയുടെ 21 കാരനായ മകന്‍ സെബാന്‍ ബെന്നി ആണ് മരിച്ചത്. സഹയാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലിക്കാട്ടില്‍ വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🌀ഭൂരഹിതര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് വയ്ക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 13 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി. അടൂരിലുള്ള കുടുംബ സ്ഥലമാണ് സര്‍ക്കാറിനു കൈമാറിയത്.

🌀നികുതിയടക്കാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിന് 17,500 രൂപ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ദേവികുളം താലൂക്കില്‍ സര്‍വീസ് നടത്തുന്ന സപ്ലൈകോയുടെ വാഹനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്.

🌀കാലടി സര്‍വ്വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു കത്ത്. അക്കാദമിക് കൗണ്‍സിലെ നാലംഗങ്ങളും, വകുപ്പ് മേധാവികളുമായി 18 പേരാണ് കത്തയച്ചത്. കഴിഞ്ഞ നവംബര്‍ മുതല്‍ സര്‍വ്വകലാശാലയില്‍ വിസിയും പ്രൊ വിസിയും ഇല്ല.

🌀തൃശൂരില്‍ വിസ തട്ടിപ്പുകേസിലെ പ്രതി പിടിയില്‍. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് മരത്താക്കര സ്വദേശിയില്‍ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത മൂവാറ്റുപുഴ മുളവൂര്‍ മാളിക്കുന്നേല്‍ വീട്ടില്‍ ജോബി എന്ന മുപ്പത്തൊന്നുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

🌀സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ രക്ഷിതാക്കളുടെ സമ്മത പത്രം നിര്‍ബന്ധമാക്കണോയെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സംഘമായുള്ള പരിപാടികളും, മത്സരങ്ങളും അനുവദിക്കണോ എന്നും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. സാമൂഹിക അകലം എന്നതിനു പകരം ശാരീരിക അകലം എന്ന പദം ഉപയോഗിക്കണം.  

🌀കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ 8,75,158 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ സിപിഎം അംഗം വി ശിവദാസന്റെ ചോദ്യത്തിനു മാനവ വിഭവശേഷി മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിംഗ് നല്‍കിയ മറുപടിയിലാണ് ഈ വിവരം. ഗ്രൂപ്പ് എ വിഭാഗത്തില്‍ 21,255 ഒഴിവുകളും, ഗ്രൂപ്പ് സി വിഭാഗത്തില്‍ 7,56,146 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

🌀ലോക്‌സഭയിലെ പ്രസംഗത്തിന് രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കേ, രാഹുലിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭരണഘടനയുടെ ആശയം ഊന്നിപ്പറഞ്ഞ് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ നന്ദി പറയുന്നുവെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

🌀പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും തുടരും. പ്രധാനമന്ത്രി തിങ്കളാഴ്ച മറുപടി നല്‍കും. തമിഴ്നാട്ടില്‍ നീറ്റ് ഒഴിവാക്കാന്‍ കൊണ്ടുവന്ന ബില്‍ ഗവര്‍ണ്ണര്‍ മടക്കിയ വിഷയം ഡിഎംകെ അംഗങ്ങള്‍ ഇരു സഭകളിലും ഉന്നയിക്കും. ഇന്നലെ ഡിഎംകെ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.

🌀കൊവിഡ് പരിശോധനയ്ക്ക് മൂക്കില്‍നിന്ന സ്രവമെടുക്കുന്നതിനു പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്നു സ്രവമെടുത്ത ലാബ് ടെക്നീഷ്യന് 10 വര്‍ഷം തടവുശിക്ഷ. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ 2020 ജൂലൈ 30 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു മാളിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് യുവതി ലാബിലെത്തിയത്.

🌀സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാര്‍ക്കു ലഭിക്കില്ലെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

🌀ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെ അമേരിക്ക വധിച്ചു. ഐഎസ് തലവനായ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെ വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് അബു ഇബ്രാഹിമിനെ വകവരുത്തിയത്.

🌀ഫേസ് ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റയുടെ സിഇഒയുമായ മാര്‍ക് സക്കര്‍ബര്‍ഗിന് ഇരുപതിനായിരം കോടി ഡോളറിന്റെ നഷ്ടം. ഓഹരി മൂല്യം 20 ശതമാനത്തിലേറെ ഇടിഞ്ഞതാണു കാരണം. മെറ്റ പ്ലാറ്റ്ഫോം കമ്പനിയുടെ നാലാം പാദവാര്‍ഷിക ഫലം പുറത്തുവന്നതോടെയാണ് ഓഹരി വില തകര്‍ന്നത്.

🌀അഫ്ഗാനിസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ ആക്ടിവിസ്റ്റുകള്‍ അപ്രത്യക്ഷരാവുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരെയാണ് കാണാതാവുന്നത്. താലിബാന്‍ അര്‍ദ്ധരാത്രിയില്‍ വീടുകളില്‍ വന്ന് ഇവരെ തട്ടിയെടുക്കുകയാണെന്നാണ് ആരോപണം. എന്നാല്‍, താലിബാന്‍ അതു നിഷേധിച്ചു.

🌀മാരക വിഷം കലര്‍ന്ന കൊക്കെയിന്‍ ഉപയോഗിച്ച് അര്‍ജന്റീനയില്‍ 29 പേര്‍ മരിച്ചു. 74 പേര്‍ അവശനിലയില്‍ ആശുപത്രികളില്‍ കഴിയുന്നു. അടുത്ത ദിവസങ്ങളില്‍ കൊക്കെയ്ന്‍ വാങ്ങിയവര്‍ അതുപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

🌀ചൈനയില്‍ ഇന്ന് ആരംഭിക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും. ഇന്ത്യയുടെ അംബാസഡര്‍ പങ്കെടുക്കില്ല. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിയോഗിച്ചതിലാണ് ഇന്ത്യയുടെ പ്രതിഷേധം.

🌀ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് മുംബൈ സിറ്റി എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്.

🌀ഐപിഎല്‍ പതിനഞ്ചാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍തന്നെ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഈ സൂചന ആവര്‍ത്തിച്ചത്. 2020 ല്‍ യുഎഇയിലും കഴിഞ്ഞ വര്‍ഷം ഇന്ത്യയിലും യുഎഇയിലുമായുമാണ് പൂര്‍ത്തിയാക്കിയത്. ഇത്തവണ കാണികള്‍ക്കു പ്രവേശനമുണ്ടാകുമോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.

🌀കേരളത്തില്‍ ഇന്നലെ 1,14,610 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രേഖപ്പെടുത്തിയ 561 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 56,701 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,69,073 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🌀കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714.

🌀രാജ്യത്ത് ഇന്നലെ 1,45,149 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 15,252, കര്‍ണാടക- 16,436, തമിഴ്നാട്- 11,993, ഡല്‍ഹി- 2,668.

🌀ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ - 2,77,835, ഫ്രാന്‍സ്- 2,74,352, ഇംഗ്ലണ്ട് - 88,171, റഷ്യ- 1,55,768, തുര്‍ക്കി - 1,07,530, ഇറ്റലി- 1,12,691, ജര്‍മനി-2,40,218. ഇതോടെ ആഗോളതലത്തില്‍ 38.80 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.49 കോടി കോവിഡ് രോഗികള്‍.

🌀ആഗോളതലത്തില്‍ 10,311 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,720, ഇന്ത്യ - 1,100, ബ്രസീല്‍ - 923, ഇംഗ്ലണ്ട് - 321, റഷ്യ- 667, ഇറ്റലി - 414, മെക്‌സികോ- 573. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.28 ലക്ഷമായി.

🌀ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 454 കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 213 കോടി രൂപയായിരുന്നു. 113 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രവര്‍ത്തന ലാഭം 12 ശതമാനം കുറഞ്ഞ് 1,527 കോടിയായി. പലിശ വരുമാനം 4,244 കോടി രൂപയില്‍ നിന്ന് 4,198 കോടി രൂപയായും മറ്റ് വരുമാനം 23 ശതമാനം ഇടിഞ്ഞ് 1,186 കോടി രൂപയായും കുറഞ്ഞു. മൊത്തം ബിസിനസ് 4,58,276 കോടി രൂപയില്‍ നിന്ന് 4,92,507 കോടി രൂപയായി. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപം 42.53 ശതമാനം ഉയര്‍ന്ന് 1,05,105 കോടി രൂപയായി.

🌀മുതിര്‍ന്ന പൗരന്മാര്‍ക്കായി ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് 14 ശതമാനം വരെ കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. മുതിര്‍ന്ന പൗരന്‍ ജനനത്തീയതി സഹിതമുള്ള സാധുവായ ഫോട്ടോ ഐഡി കൈവശം വയ്ക്കുകയും വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ അത് പ്രദര്‍ശിപ്പിക്കുകയും വേണം. ഈ പ്രണയദിനത്തില്‍ പങ്കാളിയോടൊപ്പം പുതിയ സ്ഥലത്തേക്ക് യാത്ര ചെയുവാന്‍ എല്ലാ മുതിര്‍ന്ന പൗരന്മാരെയും ക്ഷണിക്കുന്നതായി സ്‌പൈസ്‌ജെറ്റ് ട്വീറ്റ് ചെയ്തു.

🌀വിഷ്ണു വിശാലിനെ നായകനാക്കി മനു ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എഫ് ഐ ആറി'ന്റെ ട്രെയ്ലര്‍ പുറത്തെത്തി. തീവ്രവാദിയെന്ന മുദ്രകുത്തലില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന 'ഇര്‍ഫാന്‍ അഹമ്മദ്' എന്ന കഥാപാത്രമായാണ് വിഷ്ണു വിശാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജിമ മോഹന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റെയ്സ വില്‍സണ്‍, റെബ മോണിക്ക ജോണ്‍, ഗൗതം വസുദേവ് മേനോന്‍, മാല പാര്‍വ്വതി എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു. ഫെബ്രുവരി 11ന് തിയറ്ററുകളില്‍ എത്തും.

🌀ദുബൈ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവാന്‍ ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍. എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആണ് പ്രദര്‍ശനം. ഫെബ്രുവരി 6ന് വൈകിട്ട് 5 മണിക്കാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുക. ജനുവരി 14ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതുവരെ തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി കളക്റ്റ് ചെയ്തെന്ന് കാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ സാറ്റലൈറ്റ് റൈറ്റ് ആയി 2.5 കോടിയും ഒടിടി റൈറ്റ് വകയില്‍ 1.5 കോടിയും ചിത്രം സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജു കുര്യന്‍ ആണ് നായിക.

🌀ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി പുതിയ 2022 കറ്റാന മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ കുറച്ച് അപ്‌ഡേറ്റുകളും ആയിട്ടാണ് വാഹനം എത്തുന്നത്. കറ്റാനയ്ക്ക് 150എച്ച്പി, 999സിസി, ഇന്‍ലൈന്‍ ഫോര്‍ യൂറോ5/ബിഎസ്6 എഞ്ചിന്‍ ലഭിക്കുന്നു, ഇത് മുന്‍ ബൈക്കിലെ യൂറോ 4 എഞ്ചിനേക്കാള്‍ 2എച്ച്പി കൂടുതലാണ്. പുതിയ ഇന്‍ടേക്ക്, എക്‌സ്‌ഹോസ്റ്റ് ക്യാമറകള്‍, വാല്‍വ് സ്പ്രിംഗുകള്‍, എയര്‍ബോക്‌സ് എന്നിവ എഞ്ചിന്റെ സവിശേഷതകളാണ്.

🌀എസ് കെ പൊറ്റെക്കാട്ടിന്റെ തൂലികയില്‍ നിന്ന് മലയാള സാഹിത്യത്തിന് അവസാനമായി ലഭിച്ച സാഹിത്യ ശില്പമാണ് ഭാരതപുഴയുടെ മക്കള്‍ എന്ന നോവടകം. നോവലിന്റെയും നാടകത്തിന്റെയും സമ്മിശ്രരൂപഭാവങ്ങള്‍ സമ്മേളിക്കുന്നതാണ് ഈ കൃതി. 'ഭാരതപ്പുഴയുടെ മക്കള്‍'. എസ് കെ പൊറ്റക്കാട്. സൈന്ധവ ബുക്സ്. വില 72 രൂപ.

🌀ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തിലായതായി പഠനം. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ കലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡില്‍ നിന്നും ലോകത്തിന് ഉടനൊന്നും മുക്തരാകാന്‍ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നല്‍കുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഒമൈക്രോണിന്റെ വ്യാപന ശേഷി വന്‍തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. വാക്സീനുകള്‍ എല്ലായിടങ്ങളിലും വിതരണം ചെയ്തു ജനത്തിന്റെ ആരോഗ്യനില ഉയര്‍ത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ വാക്സീന്‍ ബൂസ്റ്ററുകള്‍ സ്വീകരിക്കാന്‍ ജനം മടിക്കരുതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post