കേരളത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച്‌ യോഗി ; രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് യോഗി

 കേരളത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 

കേരളത്തിലും പശ്ചിമ ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും യോഗി ചോദിച്ചു. 

നേരത്തെ കേരളം, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെയും യോഗി ന്യായീകരിച്ചു. "ഈ ആളുകള്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. അതിനാല്‍ കരുതലോടെയിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യമായിരുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും ഇല്ലാതാക്കാന്‍ ആളുകള്‍ വന്നിട്ടുണ്ടെന്നും അത് അനുവദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു," യോഗി പറഞ്ഞു. യുപിയില്‍ രണ്ടാം ഘട്ട പോളിം​ഗ് നടക്കുന്നതിന് മുന്നോടിയായാണ് യോ​ഗിയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. പിന്നാലെ യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. യു.പി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് ഹിന്ദി ട്വീറ്റിലൂടെ പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയത്.

Post a Comment

Previous Post Next Post