'അവരുടെ കയ്യില്‍ വെള്ളമോ ഭക്ഷണമോ ഇല്ല; വിവരങ്ങളും അറിയുന്നില്ല'; യുക്രൈനില്‍ നിന്ന് ആശങ്കകള്‍ പങ്കുവച്ച്‌ മലയാളികള്‍

യുക്രൈനില്‍ റഷ്യയുടെ സൈനിക ആക്രമണം രണ്ടാം ദിവസവും തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായും റഷ്യ വളഞ്ഞുകഴിഞ്ഞു.

യുദ്ധഭീതി തുടരുന്ന സാഹചര്യത്തില്‍ ഏറെ ആശങ്കയിലാണ് അവിടെ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളും. ഒരു ദിവസമായി വിദ്യാര്‍ഥികള്‍ ബങ്കറില്‍ തന്നെ കഴിയുകയാണ്. ഒരു ദിവസത്തേക്കുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഇനി കയ്യിലുള്ളതെന്നും പലരുടെയും നെറ്റ്‌വര്‍ക്കുകള്‍ കട്ടാവുന്ന സാഹചര്യമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്ത്യന്‍ എംബസിയോട് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും സാഹചര്യം പേടിപ്പെടുത്തുന്നതാണെന്നും വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

മലയാളി വിദ്യാര്‍ഥിനി ഖദീജയുടെ വാക്കുകള്‍: ''ഞങ്ങള്‍ ഇന്നലെ മുതല്‍ ഹോസ്റ്റലിന്റെ മെസ്സിലെ ബങ്കറിലാണ്. രാവിലെ കുറച്ച്‌ സമയം അസുഖങ്ങളുള്ള ആളുകള്‍ക്ക് മരുന്ന എടുക്കാനും ഭക്ഷണം എടുക്കാനുമായി ഹോസ്റ്റലിലേക്ക് പോയി. വീണ്ടും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ ബങ്കറിലേക്ക് തിരിച്ചു. ഒരു ദിവസം കൂടെയുള്ള ഭക്ഷണം മാത്രമേ ബാക്കിയുള്ളു.''
''ഞങ്ങളുടെ ഹോസ്റ്റലിന് പുറത്ത് നില്‍ക്കുന്ന സീനിയേര്‍സിന്റെ കയ്യില്‍ വെള്ളമോ ഭക്ഷണമോ ഇല്ല. മെട്രോയിലും ബങ്കറിലുമായി കഴിയുകയാണ് അവര്‍. അവരുടെ ലൊക്കേഷന്‍ പോലും അറിയില്ല. അവരോട് കോണ്‍ടാക്റ്റ് ചെയ്യാന്‍ കഴിയുന്നില്ല. ബങ്കറില്‍ ഇപ്പോ 130 ഓളം കുട്ടികളുണ്ട്. എംബസിയോട് സംസാരിക്കാന്‍ കഴിയുന്നില്ല. തങ്ങളുടെ ഏജന്‍സി വഴി മാത്രമേ വിവരം അറിയുന്നൂള്ളു.''
ഒഡേസയിലും സ്ഥിതി മോശമാണെന്നാണ് മലയാളി വിദ്യാര്‍ഥിനി റിസ്വാന പറയുന്നത്: ''സ്‌ഫോടനം കേട്ടാണ് ഉണരുന്നത്. ഒഡേസയും അലേര്‍ട്ട് സോണിലാണ്. എത്രയും പെട്ടെന്ന് ഇവിടെ നിന്നുള്ള യാത്രയ്ക്കുള്ള ഗവണ്‍മെന്റിന്റെ നിര്‍ദേശം കിട്ടാന്‍ കാത്തു നില്‍ക്കുകയാണ്. ഇന്ത്യയില്‍ നിന്നും വിമാനം വരുന്നുണ്ടെന്ന് അറിയാന്‍ കഴിയുന്നുണ്ട്. എന്നാല്‍ യുക്രൈനില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കണമെന്ന് അറിയില്ല. എത്രനേരത്തേക്ക് നെറ്റ് വര്‍ക്ക് കിട്ടുമെന്ന് അറിയില്ല. എല്ലാവരും പലയിടത്തായാണ് നില്‍ക്കുന്നത്. നെറ്റ് വര്‍ക്ക് കൂടി ഇല്ലാതായാല്‍ രക്ഷാപ്രവര്‍ത്തനം അത്രത്തോളം വിഷമകരമാവും''- റിസ്വാന പറഞ്ഞു.

Post a Comment

Previous Post Next Post