ഇളവുകളില്‍ അതിരുവിടരുതേ, ഇനി വരാനിരിക്കുന്ന വകഭേദങ്ങള്‍ വിചാരിച്ചതിനെക്കാര്‍ അതിഭീകരന്മാര്‍: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ലോകം കൊവിഡ് മൂന്നാംതരംഗത്തിന്റെ പിടിയില്‍ നിന്ന് മുക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കാര്യമായ ഇളവുകളും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇളവുകള്‍ നല്‍കുന്നതില്‍ അതിരുവിടരുതെന്നും മിതത്വം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരാേഗ്യ സംഘടന. ഒമിക്രോണിന്റെ കൂടുതല്‍ വകഭേദങ്ങളെ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്. കണ്ടെത്തിയ വകഭേദങ്ങള്‍ ഏതുരീതിയിലാരിക്കും ബാധിക്കുക എന്നുപോലും വ്യക്തമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
'വൈറസ് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒമിക്രോണിനുതന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെക്കുറിച്ച്‌ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിവയാണ് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍, കൂടിയ തോതിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കാണുന്നത്. ബിഎ.1 ആണ് കൂടുതലായി കാണുന്നത്. ബിഎ.2 സാന്നിദ്ധ്യവും കൂടിവരികയാണ്. ബിഎ.2ന് കൂടുതല്‍ വ്യാപനശേഷിയുണ്ട്. അതെങ്ങനെയാണെന്ന് ഇപ്പോള്‍ പറയാനാവില്ല. എത്രമാത്രം ശ്രദ്ധിക്കണം എന്നാണിത് കാണിക്കുന്നത്'-ലോകാരോഗ്യ സംഘടനയിലെ കൊവിഡ് ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കൊര്‍ക്കോവ് വ്യക്തമാക്കുന്നു.


'സാധാരണ അവസ്ഥയിലേക്ക് മടങ്ങാനുള്ള ലോകത്തിന്റെ ആഗ്രഹത്തെ മനസിലാക്കുന്നു. എന്നാല്‍ മഹാമാരി പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ലെന്ന് ഓര്‍ക്കണം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ മിതത്വം പാലിക്കണം'-ഡബ്ല്യുഎച്ച്‌ഒ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.

ഒമിക്രോണ്‍ അപകടകാരിയല്ലെന്ന ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നല്‍കിത്തുടങ്ങിയത്. ചിലയിടങ്ങളില്‍ മാസ്കുപോലും നിര്‍ബന്ധമല്ല. ഇതിനെതിരെ ലോകാരോഗ്യ സംഘടനം രംഗത്തെത്തിയിരുന്നു. ലോകത്തിലെ ചില രാജ്യങ്ങള്‍ മാത്രമാണ് ഏറക്കുറെ പൂര്‍ണമായ വാക്സിനേഷന്‍ നടപ്പാക്കിയത്. എന്നാല്‍ ഭൂരിപക്ഷം രാജ്യങ്ങളിലെയും പകുതിപ്പേര്‍ക്കുപോലും ഒറ്റഡോസ് വാക്സിന്‍ പോലും ലഭ്യമായിട്ടില്ല. ഇത് ഭയാനകമായ അവസ്ഥയിലേക്ക് ലോകത്തെ എത്തിച്ചേക്കാം എന്ന ഭീതിയും ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.

Post a Comment

Previous Post Next Post