ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി; ഹർജി പരിഗണിച്ചില്ല


ന്യൂഡൽഹി: കർണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജിയിൽ തീർപ്പ് കൽപ്പിക്കുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് ഇന്നലെ ഇടക്കാല ഉത്തരവിലൂടെ കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോൾ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ഹർജി അടിയന്തിരമായി കേൾക്കണമെന്ന് സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. കർണാടകത്തിൽ നടക്കുന്നത് തങ്ങൾ വീക്ഷിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ട്. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Post a Comment

Previous Post Next Post