ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു.

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാൽ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ജനുവരി എട്ടിനാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്കർ ആയിരത്തിലധികം ബോളിവുഡ് സിനിമകളിൽ പിന്നണി ഗായികയായി. വിദേശഭാഷകളിലുൾപ്പെടെ മുപ്പത്തിയാറിൽപരം ഭാഷകളിൽ ലതാജി എന്ന് ആരാധകർ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങൾ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2001 ൽ നൽകിരാജ്യം ആദരിച്ചു.2012 നവംബറിൽ എൽ.എം. എന്ന പേരിൽ ആരംഭിച്ച മ്യൂസിക് ലേബലിലൂടെ ലത ഭജനുകൾ പുറത്തിറക്കി. കൂടാതെ ലതയുടെ സ്വന്തം സ്റ്റുഡിയോയിൽ നിന്ന് നിരവധി ആൽബങ്ങൾ പുറത്തിറങ്ങി. അവയിൽ ലത ഈണമിട്ടവയും ഉൾപ്പെടുന്നു. നാല് സിനിമകൾ ലത നിർമിച്ചിട്ടുണ്ട്. ഒരു മറാത്തി സിനിമയും മൂന്ന് ഹിന്ദി ചിത്രങ്ങളുമായിരുന്നു അവ. പദ്മഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഫ്രാൻസിന്റെ ലീജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലതയെ തേടിയെത്തി. എം.എസ്. സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ചരിത്രമാണ് ലത മങ്കേഷ്കർ എന്ന ഗായികയുടേത്.

Post a Comment

Previous Post Next Post