പ്രഭാത വാർത്തകൾ


2022 | ഫെബ്രുവരി 17 🔳കെഎസ്ഇബിയില്‍ ശമ്പളം വര്‍ധിപ്പിച്ചതു സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചതുമൂലം 1,200 കോടി രൂപ അധിക ബാധ്യതയുണ്ടായി. ഇതുമൂലം കെഎസ്ഇബിയുടെ നഷ്ടം വര്‍ധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ചു ശമ്പളം വര്‍ധിപ്പിച്ചതു സംബന്ധിച്ച് വിശദീകരണം വേണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ കെഎസ്ഇബിക്കു നോട്ടീസ് നല്‍കി. നഷ്ടം നികത്താന്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിരിക്കേയാണ് ശമ്പളവര്‍ധന വിവാദമായത്.


🔳കെഎസ്ഇബിയില്‍ ചെയര്‍മാനെതിരേ സമരത്തിനിറങ്ങിയ സിഐടിയുവിനെ പിന്തുണച്ച് മുന്‍മന്ത്രി എ.കെ. ബാലന്‍. കെഎസ്ഇബി ആര്‍ക്കും കുടുംബസ്വത്തായി കിട്ടിയതല്ലെന്നു ബാലന്‍. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചുകൂട്ടിയ യോഗം ഇന്നുച്ചയ്ക്ക് മന്ത്രിയുടെ വസതിയില്‍.


🔳പോലീസില്‍ കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കൂട്ടര്‍ക്കെതിരേ നടപടിയുണ്ടാകും. പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുന്നവര്‍ ആരെല്ലാമാണെന്ന് അറിയാം. സിപിഐയെ ശത്രുതയോടെ കാണരുതെന്നും പിണറായി ഓര്‍മിപ്പിച്ചു.  


🔳യുക്രെയിനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസ് തുടങ്ങും. വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.


🔳യുക്രെയിന്‍ അതിര്‍ത്തിയില്‍നിന്നു പിന്മാറുകയാണെന്നു റഷ്യ ദൃശ്യങ്ങള്‍ സഹിതം പ്രചരിപ്പിച്ചെങ്കിലും പിന്മാറിയിട്ടില്ലെന്ന് നാറ്റോ. യുദ്ധസന്നാഹങ്ങളുമായി റഷ്യന്‍ പട്ടാളം അതിര്‍ത്തിയില്‍തന്നെയുണ്ടെന്ന് നാറ്റോ വ്യക്തമാക്കി. സൈന്യം നടത്തുന്ന ഒരുക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും നാറ്റോ പുറത്തുവിട്ടു.


🔳ശബരിമലയില്‍ തമിഴ്നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതി ദര്‍ശനം നടത്തിയെന്നു തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം. ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് വ്യവസായി ചുക്കാപ്പള്ളി ഗോപിയും 56 വയസുള്ള ഭാര്യ മധുമതി ചുക്കാപ്പള്ളിയുമാണ്. ആധാര്‍ കാര്‍ഡില്‍ മധുമതിയുടെ ജനനവര്‍ഷം 1966 ആണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. അനന്തഗോപന്‍ വ്യക്തമാക്കി.


🔳കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പു പരിശോധന നടത്തി. തട്ടുകടയില്‍നിന്ന് ഉപ്പിലിട്ടതാണെന്നു ധരിച്ച് അസറ്റിക് ആസിഡുപോലുള്ള ദ്രാവകം കഴിച്ച് കുട്ടികള്‍ ആശുപത്രിയിലായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. തട്ടുകടകളില്‍നിന്ന് ചൊറുക്കയല്ലാതെ അപകടകാരികളായ ആസിഡോ ദ്രാവകങ്ങളോ കണ്ടെത്താനായില്ല.


🔳ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റു തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവു ചമച്ചെന്ന് ആരോപിച്ച് അഭിഭാഷകനെ അറസ്റ്റു ചെയ്തു. കരമനയില്‍ ഭാര്യയെ തലക്കടിച്ചെന്ന കേസില്‍ പ്രതി പ്രശാന്ത്കുമാറിനെയാണ് അറസ്റ്റു ചെയ്തത്. വധശ്രമക്കേസില്‍ അറസ്റ്റു തടയാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍  ഹൈക്കോടതി ഉത്തരവുണ്ടെന്നു കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.


🔳പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി. ഓരോ മതവിഭാഗങ്ങള്‍ക്കും വസ്ത്ര സ്വാതന്ത്യമുണ്ട്. പൂണൂല്‍ ധരിക്കുന്നവരും പൊട്ടു തൊടുന്നവരും തലപ്പാവ് അണിയുന്നവരുമെല്ലാം നമ്മുടെ രാജ്യത്തുണ്ട്. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ അനീതിയും വിവേചനവുമാണ്. നമ്മുടെ രാജ്യം ലോകത്തിനു മുന്നില്‍ നാണം കെടുകയാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.


🔳ഹിജാബ് വിഷയം ഉപയോഗിച്ച് കേരളത്തില്‍ വിവാദമുണ്ടാക്കാനാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഔചിത്യമില്ലായ്മയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. ഇന്ന് ഗവര്‍ണര്‍ പറയുന്നത് നാളെ ബിജെപി ഏറ്റെടുത്താല്‍ എന്താവും സ്ഥിതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.


🔳സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. സംസ്ഥാന സമിതി അംഗം സജി ചെറിയാന്‍ ജില്ലാ കമ്മറ്റിയില്‍നിന്ന് ഒഴിവായി.


🔳അട്ടപ്പാടി മധുകൊലക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി. രാജേന്ദ്രനെ നിയമിച്ചു. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന്‍ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ  കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. കേസ് നാളെ ഒറ്റപ്പാലം എസ് സി എസ്ടി കോടതി പരിഗണിക്കും.


🔳കെഎസ്ഇബി ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നത്. ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലേയ്ക്കു കെഎസ്ഇബിയെ തള്ളിയിട്ടിട്ട് ജനങ്ങളുടെ തലയില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന കെട്ടിവെയ്ക്കാനാണു സര്‍ക്കാര്‍ ശ്രമം. കോണ്‍ഗ്രസ് ഇതനുവദിക്കില്ലെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


🔳ലോകായുക്ത നിയമഭേദഗതിക്കെതിരേ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിരാകരണ പ്രമേയക്കാര്യം യുഡിഎഫും പാര്‍ലമെന്ററി കമ്മിറ്റിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂവെന്നു സതീശന്‍ പറഞ്ഞു. ചെന്നിത്തല ആരോടും ആലോചിക്കാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനെതിരേ പ്രതികരിക്കുകയായിരുന്നു സതീശന്‍.


🔳കൊവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് സര്‍വീസുകള്‍ തിങ്കളാഴ്ച  പുനഃരാരംഭിക്കും. സ്പൈസ് ജെറ്റ് ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു.


🔳സന്ദര്‍ശക വിസയില്‍ വിദേശത്തു കൊണ്ടുപോയി ജോലി വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് പലരില്‍നിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. തിരുവല്ല സ്വദേശി അജില്‍ (29) ആണു പിടിയിലായത്.  


🔳ഒറ്റപ്പാലത്തെ ആഷിക് കൊലക്കേസിലെ പ്രതി ഫിറോസ് വിദേശത്തേക്കു പോകാന്‍ ഒരുങ്ങിയതാണ് ഇരുവരും തമ്മില്‍ കലഹത്തിന് ഇടയാക്കിയതെന്ന് പോലീസ്. കൊല്ലപ്പെട്ട ആഷിക്കും പ്രതി ഫിറോസും കഞ്ചാവു കേസിലെ പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ ആറിലധികം കേസുകളുണ്ടെന്നും പോലീസ്.


🔳റോയ് വയലാട്ടിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി. കേസില്‍  ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍  സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.


🔳കണ്ണൂര്‍ മാതമംഗലത്തെ കട സിഐടിയു സമരം നടത്തി പൂട്ടിച്ച വിഷയത്തില്‍ തിങ്കളാഴ്ച ചര്‍ച്ച. ലേബര്‍ കമ്മീഷണറാണു ചര്‍ച്ചക്ക് വിളിച്ചത്. കടയിലേക്കുള്ള ചരക്കിറക്കുന്ന തൊഴില്‍ തങ്ങളുടെ അവകാശമാണെന്ന് സമരം നടത്തുന്ന സിഐടിയു.


🔳കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറക്കി.


🔳കാക്കനാട് എംഡിഎംഎ കേസിലെ മുഖ്യപ്രതി ഷംസുദ്ദീന്‍ സേട്ട് അറസ്റ്റില്‍. മധുരയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎ മൊത്ത വിതരണക്കാരനാണ് ഇയാള്‍. പ്രതികള്‍ ഇയാളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.


🔳കോഴിക്കോട് മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ബിജെപി പ്രവര്‍ത്തകനായ ചെരണ്ടത്തൂര്‍ ഹരിപ്രസാദിന്റെ കൈപ്പത്തി തകര്‍ന്നു.വടകര പൊലീസ് കേസെടുത്തു.


🔳തലശ്ശേരി മനാല്‍ മടപ്പുര പ്രദേശത്ത് മൂന്നു ബോംബുകള്‍ കണ്ടെത്തി. രാത്രിയോടെ ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി.


🔳തിരുവനന്തപുരം ചിറയിന്‍കീഴ് സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞ നാട്ടുകാരെ അറസ്റ്റ് ചെയ്തു. സ്ത്രീകളെ പൊലീസ് മര്‍ദ്ദിച്ചെന്ന് സമരസമിതി പരാതിപ്പെട്ടു. അറസ്റ്റിനുശേഷം ഉദ്യോഗസ്ഥര്‍ കല്ലിടല്‍ തുടര്‍ന്നു.


🔳രാജധാനി എക്സ്പ്രസിനു തൃശൂരില്‍ കല്ലേറ്. ട്രെയിനിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.


🔳തമിഴ്നാട്ടില്‍ ഡോക്ടര്‍ ദമ്പതികളെ കെട്ടിയിട്ട് 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും കാറും കൊള്ളയടിച്ചു. ദിണ്ടിഗല്‍ ജില്ലയില്‍ ഒട്ടന്‍ച്ചത്രം- ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് രാത്രി രണ്ടു മണിയോടെ നാലംഗ സംഘം വന്‍ കവര്‍ച്ച നടത്തിയത്. വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന മുഖംമൂടി സംഘം സിസിടിവി ക്യാമറ തകര്‍ത്തു.  കവര്‍ന്ന സ്വര്‍ണവും പണവുമായി കവര്‍ച്ചാസംഘം രക്ഷപ്പെട്ടത് ശക്തിവേലിന്റെ കാറിലാണ്.


🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനു ജാമ്യം. മുംബൈ സെഷന്‍സ് കോടതിയാണു ജാമ്യം അനുവദിച്ചത്. കേസില്‍ വ്യവസായി ഗൗതം താപ്പര്‍ അടക്കം ഏഴു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. 97,000 കോടി രൂപ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് 31,000 കോടി രൂപ വ്യാജ കമ്പനികളുടെ പേരിലേക്കു വകമാറ്റിയെന്നാണു കേസ്.


🔳കര്‍ണാടകത്തില്‍ ഇന്നലേയും ഹിജാബ് സമരം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഇന്നലേയും കാമ്പസിലേക്കു പ്രവേശിപ്പിച്ചില്ല. ഇതോടെ കുടക്, വിജയപുര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകത്തിലെ ഏതാനും പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി.


🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വായ് തുറക്കുന്നതു വര്‍ഗീയ, വിദ്വേഷ വിഷം ചീറ്റാന്‍ മാത്രമാണെന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ക്രമസമാധാനം, വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേരളം യോഗി ആദിത്യനാഥിന്റെ ഭരണത്തേക്കാള്‍ എത്രയോ മെച്ചമാണെന്ന് അദ്ദേഹം പറഞ്ഞു.


🔳ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ നിര്‍ദേശിച്ചത്.


🔳കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും റേഷന്‍ നല്‍കി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം ഉണ്ടാകുമെന്നും യുപിയിലെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.


🔳ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ഒഡിഷ എഫ്‌സി - ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.


🔳വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.


🔳കേരളത്തില്‍ ഇന്നലെ 77,598 സാമ്പിളുകള്‍ പരിശോധിച്ചതില്‍  12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ രേഖപ്പെടുത്തിയ 313 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 63,019 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,13,798 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264.


🔳രാജ്യത്ത് ഇന്നലെ 29,059 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 2,748, കര്‍ണാടക- 1,894, തമിഴ്നാട്- 1,310.


🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിരണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,41,828, റഷ്യ- 1,79,284, തുര്‍ക്കി - 94,176, ജര്‍മനി - 2,34,886. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.78 കോടിപേര്‍ക്ക്. നിലവില്‍ 7.11 കോടി കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ 10,193 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,926, ഇന്ത്യ - 538, ബ്രസീല്‍ - 952, റഷ്യ- 748. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.66 ലക്ഷമായി.


🔳ടിവിയെ പിന്നിലാക്കി സ്മാര്‍ട്ട് ഫോണ്‍. രാജ്യത്തെ പരസ്യ വിപണിയിലും ഇത് പ്രതിഫലിക്കുകയാണ്. ഈ വര്‍ഷം ഡിജിറ്റല്‍ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി രാജ്യത്തെ സ്ഥാപനങ്ങള്‍ 48,603 കോടി രൂപ ചെലവാക്കുമെന്നാണ് റിപ്പോര്‍ട്ട്. പരസ്യങ്ങളുടെ ആകെ ചെലവിന്റെ 45 ശതമാനവും നീക്കിവെക്കുക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാവും. മീഡിയ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനം ഗ്രൂപ്പ്എം ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഈ വര്‍ഷം ഇന്ത്യയിലെ പരസ്യ വിപണി 1,07,987 കോടിയുടേതാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 690 ബില്യണ്‍ മണിക്കൂറുകളാണ് ഇന്ത്യക്കാര്‍ മൊബൈല്‍ ആപ്പുകളില്‍ ചെലവഴിച്ചത്. ഡിജിറ്റല്‍, ടിവി ചാനലുകള്‍ വിപണിയില്‍ മേധാവിത്വം തുടരുമ്പോള്‍ റേഡിയോ, പത്ര മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ ഈ വര്‍ഷം 5 ശതമാനം ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.


🔳ഇന്ത്യന്‍ കമ്പനികളുടെ ലാഭം ഉയരുന്നു. 3191 ലിസ്റ്റഡ് കമ്പനികളുടെ കഴിഞ്ഞ ത്രൈമാസത്തിലെ ലാഭത്തില്‍ 26.9 ശതമാനം വര്‍ധന. വില്‍പ്പന 24 ശതമാനം കൂടി. ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്(ബിഎഫ്എസ്ഐ), മെറ്റല്‍, ഖനന കമ്പനികള്‍, ഓയ്ല്‍ & ഗ്യാസ് കമ്പനികള്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. അതേസമയം ഉല്‍പ്പാദന കമ്പനികള്‍ക്ക് ഉല്‍പ്പാദന ചെലവും കുറഞ്ഞ ലാഭവും കാരണം വലിയ നേട്ടത്തിലെത്താനായില്ല. ബിസിനസ് സ്റ്റേര്‍ഡേര്‍ഡ് സാംപിള്‍ റിപ്പോര്‍ട്ട് പ്രകാരം 2.39 ലക്ഷം കോടി രൂപയാണ് 2022 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നേടിയ ആകെ ലാഭം. കഴിഞ്ഞ വര്‍ഷം 1.88 ലക്ഷം കോടി രൂപയായിരുന്നു.


🔳പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്'. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ പട്ടികയിലാണ് ആറാട്ട് ഒന്നാമതായി ഇടം പിടിച്ചത്. എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ രണ്ടാം സ്ഥാനത്തും ആലിയ ഭട്ട് നായികയാകുന്ന ഗാംഗുഭായ് കത്ത്യാവടി മൂന്നാം സ്ഥാനത്തുമാണ്. അജയ് ദേവ്ഗണ്‍ ചിത്രം രുദ്ര ആണ് നാലാം സ്ഥാനത്ത്. ക്രൈം ത്രില്ലര്‍ ആയ ലവ് ഹോസ്റ്റല്‍, എ തെസ്ഡേ, മിഥ്യ, രാധേ ശ്യാം, ജണ്ട്, വലിമൈ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു ചിത്രങ്ങള്‍.


🔳മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഇപ്പോഴിതാ ചിത്രത്തിലെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹംസിക അയ്യരും കപില്‍ കപിലനും ചേര്‍ന്നാണ് അകാശം പോലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യം ആണ്. പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ പറുദീസ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.


🔳ടാറ്റ മോട്ടോഴ്‌സ് സഫാരി അഡ്വഞ്ചര്‍ പേഴ്‌സണ എഡിഷനില്‍ പുതിയ ഓര്‍ക്കസ് വൈറ്റ് കളര്‍ സ്‌കീം അവതരിപ്പിച്ചു. ഇതുവരെ, ട്രോപ്പിക്കല്‍ മിസ്റ്റ് പെയിന്റ് സ്‌കീമില്‍ മാത്രമേ മോഡല്‍ ലഭ്യമായിരുന്നുള്ളൂ. ടോപ്പ്-സ്പെക്ക് എക്സ്ഇസെഡ്+, എക്സ്ഇസെഡ്എ+ ട്രിമ്മുകളെ അടിസ്ഥാനമാക്കി, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജര്‍, കൂള്‍ഡ് ഒന്നും രണ്ടും നിര സീറ്റുകള്‍ (6സീറ്റര്‍ മാത്രം) പതിപ്പ് എന്നിവയുള്‍പ്പെടെ പുതിയ പതിപ്പിന് ലഭിക്കുന്നു. ഈ അപ്‌ഗ്രേഡുകള്‍ക്കൊപ്പം, സഫാരി അഡ്വഞ്ചര്‍ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് യഥാക്രമം 14,000 രൂപയും 24,000 രൂപയും വിലവരും.


🔳ഹിറ്റ്‌ലറുടെ നാസി തേര്‍വാഴ്ച മഹാഹോളോകാസ്റ്റിന്റെ ഇരുണ്ട ഗര്‍ഭങ്ങളില്‍ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപര്‍വങ്ങളിലേക്കും ജൊഹാന ഗസ്താവ്സണിന്റെ നോവല്‍ തെളിച്ചം വീശുന്നു. അനുവാചകന്റെ സിരകളെ ത്രസിപ്പിക്കുന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍. 'ബ്ലോക്ക് 46'. വിവര്‍ത്തനം - ദാസ് ഫെര്‍ണാണ്ടസ്. ഡിസി ബുക്സ്. വില 423 രൂപ.


🔳സാധാരണഗതിയില്‍ നമ്മളെ ബാധിക്കാറുള്ള ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് ഇപ്പോള്‍ നിലവില്‍ ഒമിക്രോണ്‍ ബാധയുടെ ലക്ഷണങ്ങളായി അധികവും വരുന്നത്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് തലവേദനയും. എന്നാല്‍ ഒമിക്രോണിന്റെ തലവേദനയും മറ്റുള്ള തലവേദനയും എങ്ങനെയാണ് വേര്‍തിരിച്ചറിയാന്‍ കഴിയുക? ഇതിന് ചില മാര്‍ഗങ്ങളുണ്ട്. സാധാരണഗതിയില്‍ തലവോദന വരുന്നതിനെല്ലാം കാരണങ്ങളുണ്ടായിരിക്കും. ഈ കാരണത്തിന് അനുസരിച്ചാണ് നമുക്ക് വേദന അനുഭവപ്പെടുക. ചിലരില്‍ തലയുടെ ഒരു വശത്ത് മാത്രമായിരിക്കും വേദന. അല്ലെങ്കില്‍ നടുഭാഗത്താകാം. അതും അല്ലെങ്കില്‍ തലയുടെ ഏതെങ്കിലുമൊരു വശത്ത് മാത്രമാകാം. എന്നാല്‍ ഒമിക്രോണ്‍ ബാധയാണെങ്കില്‍ തലയുടെയും നെറ്റിയുടെയും ഇരുഭാഗങ്ങളിലും വേദന അനുഭവപ്പെടാം. അതുപോലെ തലയ്ക്ക് ആകെ തന്നെ കനവും അസ്വസ്ഥതയും നേരിയ വേദനയും അനുഭവപ്പെടാം. ഒമിക്രോണ്‍ തലവേദനയാണെങ്കില്‍ മറ്റ് തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കാം. ചിലരില്‍ പെയിന്‍ കില്ലര്‍ കഴിച്ചാല്‍ പോലും ഇത്രയും സമയം നീണ്ടുനില്‍ക്കാം. മൈഗ്രേയ്ന്‍ ഉള്ളവരാണെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. കാരണം മൈഗ്രേയ്‌നും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ്.  എന്നാല്‍ ഒമിക്രോണിന്റെ കാര്യത്തില്‍ ശരാശരിയില്‍ നിന്ന് മുകളിലേക്ക് പോകുന്ന അത്രയും തീവ്രത അനുഭവപ്പെടാം. മിടിക്കുന്ന, അമര്‍ത്തുന്നത് പോലെയുള്ള, കുത്തിക്കയറുന്നത് പോലെയുള്ള വേദനയും ഒമിക്രോണിന്റെ സവിശേഷതയാണത്രേ. ഇനി, തലവേദനയ്‌ക്കൊപ്പം മൂക്കൊലിപ്പ്, തൊണ്ടവേദന, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും നേരിടുന്നുവെങ്കിലാണ് ഇത് പ്രധാനമായും ഒമിക്രോണ്‍ ആണെന്ന സംശയത്തില്‍ എത്തേണ്ടതുള്ളൂ. അതിനാല്‍ ഇക്കാര്യങ്ങളും പരിശോധിക്കുക.

Post a Comment

Previous Post Next Post