മലയിടുക്കില്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം; കരസേനാ സംഘം അരികിലെത്തി, ബാബു വിളികേട്ടു

പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ എത്തിയ കരസേനാ സംഘം 200 മീറ്റർ അരികിലെത്തി. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്ന കരസേനയുടെ പരിചയസമ്പന്നരായ പർവതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. സംഘത്തോട് ബാബു പ്രതികരിച്ചു. എന്നാൽ 40 മണിക്കൂറായി മലയിൽ കുടുങ്ങിയ ബാബുവിന് വെള്ളമോ ഭക്ഷണമോ എത്തിക്കാൻ സാധിച്ചിട്ടില്ല.

ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവർ മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിയ സംഘവും വെല്ലിങ്ടണിൽ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു.


ചെറാട് എലിച്ചിരം കൂർമ്പാച്ചിമലയിൽ കാൽവഴുതിവീണ് മലയിടുക്കിൽ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റർ എത്തിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്നിരക്ഷാസേനാംഗങ്ങളും രാത്രി വൈകിയും രക്ഷാശ്രമം തുടർന്നിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂർമ്പാച്ചിമല കയറാൻ പോയത്. പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാൾ കുടുങ്ങിയത്. മുകളിൽനിന്നും താഴെനിന്നും നോക്കിയാൽ കാണാനാവില്ല. തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈൽ ഫോണിൽനിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു.


പിന്നീട് ഫോൺബന്ധം നിലച്ചു.തിങ്കളാഴ്ച രാത്രി അഗ്നിരക്ഷാസേനയും മറ്റും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇരുട്ട് തടസ്സമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേശീയ ദുരന്തനിവാരണസേനാംഗങ്ങൾ മലകയറി. സംഘം മലയുടെ മുകളിലെത്തിയെങ്കിലും ബാബുവിനടുത്തെത്താനായില്ല. കയർകെട്ടി ബാബുവിനടുത്തേക്ക് ഇറങ്ങാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു.

വൈകീട്ട് മൂന്നോടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ എത്തി മലയുടെ മുകൾത്തട്ടുവരെ പറന്നെങ്കിലും ഇറങ്ങാൻ സൗകര്യമില്ലാത്തത് തിരിച്ചടിയായി. ഡ്രോണിൽ കെട്ടിവെച്ച് ചെറിയ കുപ്പിയിൽ ഇളനീർവെള്ളം യുവാവിന് അടുത്തേക്കെത്തിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഡ്രോൺ താഴെവീണു.

Post a Comment

Previous Post Next Post