ചെറാട് മേഖലയില്‍ കുടുങ്ങിയ യുവാവിനെ താഴെയെത്തിയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

പാലക്കാട് : മലമ്ബുഴ ചെറാട് മേഖലയില്‍ കുടുങ്ങിയ യുവാവിനെ താഴെയെത്തിയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി കോഴിക്കോട് നിന്നും എത്തിയ പര്‍വ്വതാരോഹകസംഘത്തെ വച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുവാനാണ് ആലോചിക്കുന്നത്.

നിലവില്‍ യുവാവിന് വെള്ളവും ഭക്ഷണവും എത്തിയ്ക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. വെളിച്ചം മങ്ങുന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകും. കോഴിക്കോട് നിന്നും പര്‍വ്വതാരോഹ സംഘം ഉടന്‍ മലമ്ബുഴയില്‍ എത്തുമെന്നാണ് വിവരം. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേര്‍ന്നാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മലകയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നല്‍കിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു. ഇന്നലെ രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.

വീഴ്ച്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ബാബു തന്നെ താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂര്‍മ്ബാച്ചി മല. ഇതിന് മുന്‍പും മല കയറുന്നതിനിടെ കാല്‍ വഴുതിവീണ് ബാബുവിന് പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post