യുദ്ധഭീതി: എണ്ണവില പിടിതരാതെ കുതിച്ചുയരുന്നു; ഓഹരി വിപണികളില്‍ വന്‍ ഇടിവ്

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച പശ്ചാത്തലത്തില്‍ യുദ്ധഭീതി പടരുന്നതോടെ എണ്ണവിലയില്‍ വന്‍ കുതിപ്പ്.
ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില നൂറ് ഡോളറിനടുത്തെത്തി. 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 97.87 ഡോളറിലേക്കെത്തി. യു എസ് ക്രൂഡ് വിലയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. 3.61 ശതമാനം വര്‍ധനയോടെ വില ബാരലിന് 94.36 ഡോളറിലെത്തി. 2021 ലെ ക്രൂഡ് ഓയില്‍ വിലയില്‍ നിന്നും ഈ വര്‍ഷം 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുദ്ധസമാന സാഹചര്യം വരും ദിവസങ്ങളില്‍ വന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിലയിലേക്ക് വരെ കുതിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. എണ്ണവില വര്‍ധനയ്‌ക്കൊപ്പം സാധനങ്ങളുടെ വിലയും കുതിച്ചുയരുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

യുദ്ധഭീതി പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് വിപണി തുറന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടിയോളം രൂപയാണ്. 2413 ഓഹരികളുടെ വില ഇടിയുകയായിരുന്നു. വെറും 355 ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇത് നാലാം ദിവസമാണ് വിപണിയില്‍ കനത്ത ഇടിവ് തുടരുന്നത്.

Post a Comment

Previous Post Next Post