വീട്ടില്‍ അതിക്രമിച്ച് കയറി, ബാങ്ക് ജീവനക്കാരനെ നഗ്നനാക്കി ഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

കൊച്ചി: വീട്ടില്‍ അതിക്രമിച്ച് കയറി ബാങ്ക് ജീവനക്കാരനെ ബലം പ്രയോഗിച്ചു നഗ്‌നനാക്കി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ അഞ്ചംഗ സംഘം പിടിയില്‍. ആമ്പല്ലൂര്‍ മടപ്പിള്ളില്‍ ആദര്‍ശ് ചന്ദ്രശേഖരന്‍ (25), മാമല വലിയപറമ്പില്‍ ഫ്രെഡിന്‍ ഫ്രാന്‍സിസ്(22), മുളന്തുരുത്തി പെരുമ്പിള്ളി മങ്ങാട്ടുപറമ്പില്‍ ലബീബ് ലക്ഷ്മണന്‍(22), ചോറ്റാനിക്കര അമ്പാടിമല വടക്കേമലയില്‍ വിശ്വാസ്(42), ഒന്നാം പ്രതി ആദര്‍ശിന്റെ ഭാര്യ കാശ്മീര(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കയ്യില്‍ നിന്നു 50,000 രൂപയും ഒരു പവന്റെ മോതിരവും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. 

കഴിഞ്ഞ 14നു രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഒറ്റയ്ക്കായിരുന്ന ബാങ്ക് ജീവനക്കാരന്റെ കഴുത്തില്‍ കത്തി വച്ച് ബലം പ്രയോഗിച്ചു വസ്ത്രങ്ങള്‍ മാറ്റി ഇയാളുടെ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 5500 രൂപയും 2 ലക്ഷം രൂപയുടെ ചെക്കും എഴുതി വാങ്ങി. പിറ്റേന്ന് ബാങ്കിലെത്തി തുക പിന്‍വലിച്ചു. മൊബൈല്‍ കൈവശപ്പെടുത്തിയ സംഘം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ കാര്‍ത്തിക്, പുത്തന്‍കുരിശ് ഡിവൈഎസ്പി ജി അജയ്‌നാഥ്, ചോറ്റാനിക്കര ഇന്‍സ്‌പെക്ടര്‍ കെ പി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണു പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.ആദര്‍ശ് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post