യുക്രൈന്‍ യുദ്ധം ഇന്ത്യന്‍ അടുക്കളകളേയും പ്രതിസന്ധിയിലാക്കിയേക്കും; ഭക്ഷ്യ എണ്ണവില കുതിച്ചുയരുന്നു

യുക്രൈന്‍ റഷ്യ യുദ്ധം ആഗോളതലത്തില്‍ വലിയ പ്രതിസന്ധിതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇതിനോടകം ബാരലിന് 100 ഡോളര്‍ പിന്നിട്ടു കഴിഞ്ഞു.അന്താരാഷ്ട്ര ഓഹരിവിപണിയെയും പാടെ തകര്‍ത്തിരിക്കുകയാണ് യൂറോപ്പില്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ ഭീതി. എന്നാല്‍ യുക്രൈന്‍ റഷ്യ പ്രതിസന്ധി ഇന്ത്യന്‍ അടുക്കളകളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റമായിരിക്കും ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുക എന്നണ് റിപ്പോര്‍ട്ടുകള്‍.

പ്രതിവര്‍ഷം 2.5 ദശലക്ഷം ടണ്‍ സണ്‍ ഫ്‌ളവര്‍ ഓയില്‍ ആണ് ഇന്ത്യയില്‍ ഉപയോഗിച്ച്‌ വരുന്നത്. അതായത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യ എണ്ണയില്‍ നാലാം സ്ഥാനമാണ് സണ്‍ ഫ്‌ളവര്‍ ഓയിലിനുള്ളത്. എന്നാല്‍ സണ്‍ഫ്‌ളവര്‍ ഓയിലിന്റെ ആഭ്യന്തര നിര്‍മാണം വെറും 50,000 ടണ്‍ മാത്രമാണ്. ബാക്കിവരുന്ന സണ്‍ ഫ്‌ളവര്‍ ഓയില്‍ മുഴുവന്‍ ഇറക്കുമതിയിലൂടെയാണ് രാജ്യത്ത് എത്തിക്കുന്നത്. ഇതിനായി കൂടുതല്‍ ആശ്രയിക്കുന്നത് യുക്രൈനെയും റഷ്യയെയും ആണെന്നതും പ്രതിസന്ധി രൂക്ഷമാക്കിയേക്കും.
ഉക്രെയ്നിലെയും റഷ്യയിലെയും കരിങ്കടല്‍ തുറമുഖങ്ങളിലൂടെ പ്രതിമാസം 200,000 ടണ്‍ സണ്‍ഫ്‌ളവര്‍ ഓയിലാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യം ചരക്ക് നീക്കം പുര്‍ണമായി തടസപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. കരിങ്കടലിലെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത് എന്നാണ് മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിവി മേത്തയുടെ പ്രതികരണം.
റഷ്യയും ഉക്രൈനും തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെതന്നെ സണ്‍ഫ്‌ളവര്‍ ഓയിലിന്റെ വില കുതിച്ചുയരുന്ന നിലയുണ്ടായിരുന്നു. ബുധനാഴ്ച, മുംബൈയിലേക്ക് എത്തിയ ക്രൂഡ് സണ്‍ഫ്‌ലവര്‍ ഓയിലിന്റെ വില ടണ്ണിന് 1,630 ഡോളറായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 1500 ഡോളര്‍ ഉണ്ടായിരുന്നിടത്ത് നിന്നാണ് നൂറ് ഡോളറിലധികം ഉയര്‍ന്നത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വില എവിടെ പോകുമെന്നറിയില്ല എന്നും സാള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, പുതിയ സാഹചര്യം സണ്‍ഫ്‌ളവര്‍ ഓയില്‍ മാത്രമല്ല മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയിലും കാര്യമായ വ്യതിയാനം ഉണ്ടായിട്ടുണ്ട്. മുംബൈയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് പാം ഓയിലും, ഡീഗംഡ് സോയാബീന്‍ ഓയിലിനും ടണ്ണിന് യഥാക്രമം 1,810 ഡോളറും 1,777 ഡോളറുമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 1545, 1626 ഡോളര്‍ എന്ന നിലയിലുണ്ടായിരുന്ന വിലയാണ് ഇത്തരത്തില്‍ വര്‍ധിച്ചത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post