അതിദാരിദ്യ നിർണയം സമയബന്ധിതമായി പൂർത്തീകരിച്ച് വയനാട് ജില്ല

വയനാട്: അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിച്ച്‌ വയനാട് ജില്ല

ജില്ലയില്‍ 3005 അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈ പ്രക്രിയയിലൂടെ കണ്ടെത്തിയത്. ജില്ലയിലെ മൊത്തം കുടുംബങ്ങളുടെ 1.5 % മാത്രമാണ് അതിദരിദ്രര്‍. ഏറ്റവും കൂടുതല്‍ അതിദരിദ്ര കുടുംബങ്ങള്‍ പനമരം ഗ്രാമ പഞ്ചായത്തിലാണ്- 219 കുടുംബങ്ങള്‍. ഏറ്റവും കുറവ് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍- 27 കുടുംബങ്ങള്‍.

രണ്ട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ അതിദുര്‍ഘട പ്രദേശങ്ങളിലും വനാതിര്‍ത്തിയില്‍ ആദിവാസി ഊരുകളിലുമുള്‍പ്പെടെ പ്രവര്‍ത്തനം സമയബന്ധിതമായി കൃത്യതയോടെ പൂര്‍ത്തീകരിച്ച്‌ സംസ്ഥാനത്തില്‍ തന്നെ വയനാട് ജില്ല മാതൃകയായി. പതിനയ്യായിരത്തോളം പേരുടെ പങ്കാളിത്തത്തോടെയാണ് പ്രക്രിയ പൂര്‍ത്തീകരിച്ചത്. പതിനൊന്നായിരത്തിലധികം പേര്‍ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ 3696 കുടുബങ്ങളെ കണ്ടെത്തിയിരുന്നു. ഇവരുടെ എന്യൂമറേഷനും മേല്‍ പരിശോധനയും മൊബൈല്‍ ആപ്പ് വഴിയാണ് പൂര്‍ത്തീകരിച്ചത്.


സാങ്കേതിക സഹായത്തിനായി ജില്ലാതലത്തില്‍ രൂപീകരിക്കപ്പെട്ട ഹെല്‍പ് ഡെസ്ക് വഴിയാണ് മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ കണ്ടെത്തിയ അതിദരിദ്രരുടെ ലിസ്റ്റ് പ്രീ എന്യൂമറേഷന്‍, എന്യൂമറേഷന്‍, മേല്‍ പരിശോധന എന്നീ ഘട്ടങ്ങളിലൂടെ പരിഷ്കരിച്ച്‌ 3005 പേരുടെ പട്ടിക 7 ദിവസം പൊതുസ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇതിലുള്ള ആക്ഷേപങ്ങള്‍ ഗ്രാമസഭ മുഖേന പരിശോധിച്ച്‌ തീര്‍പ്പാക്കി ഗ്രാമസഭയുടെ അംഗീകാരം വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതിയും ചേര്‍ന്നാണ് അന്തിമ പട്ടിക്ക് ക്ഷേത്രം അംഗീകാരം നല്‍കിയത്.


രാജ്യത്താദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സാധാരണ കണക്കെടുപ്പിനപ്പുറം സാമൂഹ്യ പങ്കാളിത്തത്തോടുകൂടി ഇത്തരം പ്രക്രിയ നടപ്പിലാക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരും ശബ്ദമില്ലാത്തവരുമായി, പൊതു സമൂഹത്തിന്റെ ദൃഷ്ടിയില്‍പ്പെടാതെ കഴിയുന്ന അതിദരിദ്രരായ ജനതയെ കണ്ടെത്തുക ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു. ആയിരക്കണക്കിന് പേര്‍ക്ക് പരിശീലനം നല്‍കി അവര്‍ പങ്കാളികളായി നടന്ന പ്രവര്‍ത്തനമാണ് ജില്ലയില്‍ നടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍മാര്‍, വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍, വാര്‍ഡ് തല ഓഫീസര്‍മാര്‍, കില റിസോഴ്സ് മെമ്ബര്‍മാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ ഒരേ മനസ്സോടെയുള്ള പ്രവര്‍ത്തനമാണ് വിജയം കണ്ടത്.


ഉള്ളലിയിക്കുന്ന ജീവിതാനുഭങ്ങളുടെ നേര്‍ക്കാഴ്ച കൂടിയായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ. ഭക്ഷണ ലഭ്യത, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര അതിതീവ ഘടകങ്ങള്‍ ബാധകമാക്കുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കുന്ന രീതിയിലാണ് സൂചകങ്ങള്‍ നിശ്ചയിച്ചത്. അഗതി, ആശ്രയ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ട അതിദരിദ്രരെയാണ് കണ്ടെത്തിയത്.


14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അതിദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


സമയബന്ധിതമായി അതിദാരിദ്ര നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ജില്ലാതല നോഡല്‍ ഓഫീസര്‍ പി.സി.മജീദ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post