ചെറാട് മലകയറ്റം; ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി

ചെറാട് മലയിൽ കുടുങ്ങിയ ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്ര തടയും. ഇതിനായി കളക്ടർ കൺവീനറായ സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി ഏഴിനാണ് ചെറാട് കൂർമ്പാച്ചിമലയിൽ ബാബു അകപ്പെട്ടുപോയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവർത്തനം കരസേനയെത്തിയശേഷം ബുധനാഴ്ചയാണ് അവസാനിച്ചത്. കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്റർ, വ്യോമസേനാ ഹെലിക്കോപ്റ്റർ, കരസേന, മറ്റ് രക്ഷാപ്രവർത്തകർ എന്നിവരുടെ സഹായത്തോടെയായിരുന്നു രക്ഷാദൗത്യം. ഇതിനായി മാത്രം അരക്കോടി രൂപയോളം ചെലവിട്ടതായാണ് കണക്കുകൾ.

അനധികൃതമായി മല കയറിയ ബാബുവിനെതിരേ നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ബാബുവിന്റെ മാതാവിന്റെ അഭ്യർഥന മാനിച്ച് നടപടി സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറിയിരുന്നു.


എന്നാൽ കൂർമ്പാച്ചി മലയിൽ കയറി കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതിന്റെ നാലാംനാൾ നാട്ടുകാരെ ആശങ്കപ്പെടുത്തി മലയിൽ വീണ്ടും ആൾ കയറി കുടുങ്ങിയിരുന്നു. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു. ഞായറാഴ്ച രാത്രി മലമുകളിൽ ടോർച്ച് വെളിച്ചം കണ്ടതിനെത്തുടർന്ന് നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്. രാത്രി എട്ടരമുതലാണ് കൂർമ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോർച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. ഇയാൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.


ബാബു മല കയറിയതിന്റെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾ മറ്റുള്ളവരെയും മല കയറാൻ പ്രേരിപ്പിക്കുന്നുണ്ട്. പകലും വൈകുന്നേരങ്ങളിലുമായി പലരും ഈ മലയിലേക്ക് വരുന്നുണ്ട്. ഇത് വലിയ അപകടങ്ങളിലേക്ക് വഴിവെച്ചേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായി ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post