ഇന്ത്യയുടെ രക്ഷാദൗത്യം; ചെലവ് മണിക്കൂറിന് എട്ട് ലക്ഷം രൂപ വരെ

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മൂന്ന് സംഘങ്ങള്‍ ഇതുവരെ രാജ്യത്ത് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പലഘട്ടങ്ങളിലായി മലയാളികള്‍ കൊച്ചിയിലും കോഴിക്കോട്ടും എത്തിക്കഴിഞ്ഞു. ഇതിനിടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ചെലവാവുന്ന കണക്കുകള്‍ പുറത്ത് വന്നു. രക്ഷാ ദൗത്യത്തിന് രണ്ട് ഭാഗത്തേയ്ക്കും പറക്കുന്ന ഒരു വിമാനത്തിന് ഒരു കോടിയിലേറെ രൂപ ചെലവാവുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ഡ്രീം ലൈനര്‍ എന്ന് അറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളാണ് ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ടിരിക്കുന്ന രക്ഷാ ദൗത്യത്തനായി ഉപയോഗിക്കുന്നത്. റൊമേനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നുമാണ് ഇപ്പോള്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നത്. മണിക്കൂറിന് ഏഴ് മുതല്‍ എട്ട് ലക്ഷം രൂപവരെ ചെലവാകുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. എത്ര ദൂരം, എവിടെനിന്നും കൊണ്ടു വരുന്നു എന്നതിനെ ആശ്രയിച്ച് ചെലവ് കൂടാമെന്നും ഇവര്‍ പറയുന്നു.

വിമാന ജീവനക്കാരുടെ ചെലവും ഇന്ധന ചെലവും ലാന്‍ഡിംഗിനും പാര്‍ക്കിംഗിനുമുള്ള ചെലവും ഇതില്‍പ്പെടും. രണ്ട് സെറ്റ് ക്രൂ ആണ് വിമാനത്തില്‍ ഉണ്ടാവുക. അങ്ങോട്ട് യാത്ര ചെയ്യുമ്പോള്‍ ഒരു സെറ്റ് ക്രൂ പ്രവര്‍ത്തിക്കുകയും തിരിച്ച് വരുമ്പോള്‍ മറ്റൊരു സെറ്റ് ക്രൂ ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇതുവരെ എത്തിയ വിമാനങ്ങളുടെ ശരാശരി ദൗത്യത്തിന് എടുത്ത സമയം ഒരു ഭാഗത്തേയ്ക്ക് ആറു മണിക്കൂറായിരുന്നു. 250 സീറ്റുകളാണ് ഡ്രീംലൈനര്‍ വിമാനത്തിലുള്ളത്. അഞ്ച് ടണ്‍ ഇന്ധനമാണ് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടി വരുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 16,000ത്തിലേറെ ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ആയിരത്തോളം പേര്‍ നേരത്തെ റഷ്യന്‍ ആക്രമണം രൂക്ഷമാവുന്നതിന് മുമ്പ് തന്നെ രാജ്യത്ത് തിരിച്ചെത്തിയിരുന്നതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഖ്‌ല അറിയിച്ചു. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ യുക്രൈന്‍ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് അതിര്‍ത്തികള്‍ വഴിയാണ് ഇന്ത്യ രക്ഷാദൗത്യം നടത്തുന്നത്.

Post a Comment

Previous Post Next Post