ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച,ജില്ലാ ഫയര്‍മേധാവിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

 പാലക്കാട്: ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ചേറാട് കൂമ്പാച്ചി മലയിൽ ബാബു കുടുങ്ങിയപ്പോൾ ഫയർ ആൻഡ് റെസ്ക്യൂ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.


48 മണിക്കൂറിനുള്ളിൽ നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 40 മണിക്കൂറിലധികം ഒരു മനുഷ്യൻ ജീവൻ രക്ഷിക്കാനായി അപേക്ഷിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും തന്നെ സംസ്ഥാന ഓഫീസിലോ ടെക്നിക്കൽ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നൽകിയില്ലെന്നും സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നും പരാതികൾ വ്യാപകമായിരുന്നു.

ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. പാലക്കാട് ജില്ലയിൽ തന്നെ സൈന്യം വന്ന് ചെയ്ത അതേ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ ഉണ്ടായിരുന്നു. സ്കൂബാ ടീം ഉണ്ടായിരുന്നു. അവരെല്ലാം തന്നെ 400 മീറ്റർ താഴ്ചയുള്ള കുന്നിൻചെരിവുകളിൽ പോലും രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ളവരാണ്.


വടംകെട്ടി ആളുകളെ രക്ഷിച്ച് പരിശീലനം ഉള്ള ആളുകളുണ്ടായിരുന്നു. അവരെ ഒന്നും ഉപയോഗിക്കാതെ കൈയും കെട്ടി നോക്കിനിന്നു എന്ന പരാതിയുയർന്നിരുന്നു. ജില്ലാ ഫയർ ഓഫീസറുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി എന്ന ആരോപണവും ശക്തമായിരുന്നു.

Post a Comment

Previous Post Next Post