200 കിലോമീറ്റർ വേഗതയിൽ ഓടുന്ന വാഹനങ്ങളുടെ പോലും നമ്പറും ഉടമയുടെ വിവരവും നിമിഷനേരം കൊണ്ട് ഇനി കൺട്രോൾ റൂമിൽ; എഐ ക്യാമറകള്‍ ഏപ്രില്‍ ഒന്നിന് മിഴിതുറക്കും


മോട്ടോർ വാഹനവകുപ്പിന്റെ അത്യാധുനിക കൺട്രോൾ റൂം സജ്ജമായി. റോഡ് സുരക്ഷയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽനിന്നുള്ള തത്സമയ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തും. നിർമിതബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) 49 ക്യാമറകളാണ് വിവിധ പാതകളിൽ സ്ഥാപിച്ചത്. ഏപ്രിൽ ഒന്നുമുതൽ ക്യാമറ മിഴിതുറക്കും. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് തപാൽമുഖേന നോട്ടീസ് നൽകും. ഗ്ലോബൽ ഷട്ടർ ടെക്‌നോളജി സംവിധാനമാണ് ക്യാമറയിൽ ഉപയോഗിച്ചത്.

200 കിലോമീറ്റർ വേഗതയിൽ ഓടുന്ന വാഹനങ്ങളുടെ നമ്പറും ഉടമയുടെ വിവരവും നിമിഷനേരംകൊണ്ട് മനസ്സിലാക്കാൻ സാധിക്കുമെന്ന്‌ കെൽട്രോൺ ടെക്‌നിക്കൽ ഓഫീസർ രാജ്കുമാർ പറഞ്ഞു.  സേഫ് കേരള പദ്ധതിയിലുൾപ്പെടുത്തി റോഡ് സുരക്ഷാ അതോറിറ്റി നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകൾ ഇല്ലാത്ത ഇടങ്ങളിൽ അമിതവേഗക്കാരെ പിടികൂടാനായി മൊബൈൽ യൂണിറ്റുകൾകൂടി സജ്ജമാക്കും.

Post a Comment

Previous Post Next Post