മീഡിയ വണ്ണിനു വിലക്കു തുടരും; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി  ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതോടെ ചാനല്‍ സംപ്രേഷണത്തിനുള്ള വിലക്കു തുടരും.

ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ്, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. 

ദേശസുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് നിഷേധിച്ചതോടെയാണ്, ചാനലിനു വിലക്കു വീണത്. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഏറെയാണെന്നും വിലക്കു നീക്കണമെന്നും മീഡിയ വണ്‍ ചാനലിനു വേണ്ടി ഹാജരായ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. എന്നാല്‍, വിലക്കിലേക്കു നയിച്ച കാരണങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറാം എന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post