ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കുതിച്ചുയര്‍ന്ന് കൊവിഡ്

ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ന് 4,00,741 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദിവസക്കണക്കാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 76 ലക്ഷം കടന്നു.

ചൈനയിലെ 13ലേറെ നഗരങ്ങളില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ചില നഗരങ്ങളില്‍ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ചൈനയില്‍ ആയിരത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെന്‍, ചാങ്ചുന്‍, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കേസുകള്‍ കൂടുതലാണ്.

ഹോങ്കോങ് അതിര്‍ത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്ക് വിധേയമാകണം. ഈ പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. വിവിധ പ്രവിശ്യകളില്‍ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്. വ്യാപനം തടയുന്നതിന് രാജ്യതലസ്ഥാനമായ ബെയ്ജിങ്ങില്‍ ഉള്‍പ്പെടെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.

Post a Comment

Previous Post Next Post