പ്രധാന വാർത്തകൾ

2022 | മാർച്ച് 27 | ഞായർ | 1197 | മീനം 13 | പൂരാടം
➖➖➖➖➖➖➖➖
🌀 *അവശ്യ മരുന്നുകളുടെ വില പത്തര ശതമാനം വര്‍ധിപ്പിക്കുന്നു*. ഏപ്രില്‍ ഒന്നിന് വിലവര്‍ധന നിലവില്‍ വരും. എണ്ണൂറ് ഇനം മരുന്നുകളുടെ വിലയാണു വര്‍ധിക്കുക. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിലവര്‍ധന പ്രഖ്യാപിച്ചത്.

🌀 *സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാങ്കേതിക, സാമ്പത്തികവശങ്ങള്‍ പരിശോധിച്ചശേഷമേ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കൂവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്*. കേരളം സമര്‍പ്പിച്ച ഡി.പി.ആര്‍ അപൂര്‍ണമാണ്. പദ്ധതിയുടെ അലൈന്മെന്റ്, ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1000 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ലോക്സഭയില്‍ അടൂര്‍ പ്രകാശ് എം.പിക്കു നല്‍കിയ മറുപടിയിലാണു മന്ത്രി നിലപാടു വ്യക്തമാക്കിയത്.

🌀 *എറണാകുളം മാമലയില്‍ കെ റയില്‍ സര്‍വേ തടസപ്പെടുത്തിയതിന് കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെ കേസെടുത്തു*. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. കോട്ടയം കുഴിവേലിപ്പടിയിലെ കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയും കേസെടുത്തു. നൂറിലധികം പേര്‍ക്കെതിരെയാണ് കേസ്. പെരുമ്പായിക്കാട് വില്ലേജ് ഓഫീസിനു മുന്നില്‍ കുറ്റിനാട്ടിയവര്‍ക്കെതിരെയും കേസുണ്ട്.

🌀 *കല്ലിടുന്നത് കെ റെയിലാണ്, റവന്യു വകുപ്പല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍*. കല്ലിടല്‍ റവന്യൂ വകുപ്പ് അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിനു ചുമതല. സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടുന്നത്. ഡിപിആറിന് അന്തിമ രൂപമായിട്ടില്ല. സില്‍വര്‍ ലൈനില്‍ സിപിഐക്ക് എതിര്‍പ്പുണ്ടെങ്കില്‍ സിപിഐ സെക്രട്ടറി ആണ് പറയേണ്ടതെന്നും കോടിയേരി പറഞ്ഞു.

https://chat.whatsapp.com/E5Xu1xPJOyF1DD6VLQxv4H

🌀മൂലമറ്റത്ത് തട്ടുകടയില്‍ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ സനലാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ പ്രദീപ് അടക്കം മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്‍ എന്ന 26 കാരനെ പോലീസ് പിടികൂടി. രാത്രി പത്തുമണിയോടെയാണ് സംഭവം.

🌀സര്‍ക്കാരിനുള്ള അപേക്ഷകളില്‍ ഇനി താഴ്മയോടെ അപേക്ഷിക്കേണ്ട. താഴ്മയോടെ എന്ന പദം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റേതാണ് ഉത്തരവ്.

🌀ബസ് ചാര്‍ജ് ഉടനേ വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചെന്നു ബസുടമകള്‍. യാത്രാനിരക്ക് കൂട്ടാതെ സമരം അവസാനിപ്പിക്കില്ല. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചര്‍ച്ചക്കുപോലും സര്‍ക്കാര്‍ തയ്യറാകുന്നില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി.

🌀ബസുടമകളെ പറഞ്ഞു കബളിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അവര്‍ ചര്‍ച്ചയ്ക്കു വന്നാല്‍ സംസാരിക്കാന്‍ തയാറാണ്. ഈ മാസം 30 നു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

🌀കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ആറു മാസത്തേക്കുകൂടി നീട്ടി. എണ്‍പത് കോടിയിലേറെ കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 2020 മാര്‍ച്ചിലാണ് പദ്ധതി ആരംഭിച്ചത്.


🌀പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണു വര്‍ധിപ്പിച്ചത്.

🌀റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്നും തുറന്നു പ്രവര്‍ത്തിക്കും. നാളേയും ചൊവ്വാഴ്ചയും പൊതുപണിമുടക്കായതിനാലാണ് ഞായറാഴ്ചയായ ഇന്നു തുറക്കാന്‍ നിര്‍ദേശമുള്ളത്.

🌀തിരുവനന്തപുരം കോര്‍പറേഷന്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ ബിജെപി -എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. പരിക്കേറ്റ് രണ്ട് ബിജെപി കൗണ്‍സിലര്‍മാരെയും രണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയ ബിജെപി അംഗങ്ങള്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

🌀പാട്ടത്തിനു കൊടുത്ത സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി തടഞ്ഞു. തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ സുരക്ഷാ ഭീഷണിയായതിനാല്‍ പൊളിച്ചു നീക്കണമെന്ന കളക്ടറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

🌀കടക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഒളിവിലായിരുന്ന സുഹൈലിനെയാണ് പിടികൂടിയത്. നേരത്തെ ചിതറ സ്വദേശികളായ മോഹനന്‍, സുധീര്‍, വിഷ്ണു, നിയാസ് എന്നീ നാലു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ ഏണ്ണം അഞ്ചായി. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്.

🌀സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉടന്‍ നിലവില്‍വരുമെന്ന് സിനിമാ സംഘടനകള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിംഗിലാണ് സംഘടനാ പ്രതിനിധികളുടെ ഉറപ്പ്. മേല്‍നോട്ടത്തിന് സംസ്ഥാനതലത്തില്‍ സമിതി രൂപീകരിക്കും. എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള അഞ്ചംഗ സമിതികളുണ്ടാകും. ഈ സമിതിയാകും പരാതികള്‍ സ്വീകരിക്കുക.

🌀സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് നടന്‍ വിനായകനെതിരേ ദേശീയ വനിതാ കമ്മീഷനില്‍ പരാതി. ഒബിസി മോര്‍ച്ചയാണ് പരാതി നല്‍കിയത്.

🌀പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോറസ് ലോറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ടോളില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു സമരം. റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇരുഭാഗത്തേക്കുമായി പോകാന്‍ 645 രൂപ നല്‍കാനാവില്ലെന്ന നിലപാടിലാണ് ടോറസ് ഉടമകള്‍.

🌀നിലമ്പൂര്‍ ടൗണില്‍ കാട്ടാനകളുടെ വിളയാട്ടം. ജനം ഭീതിയില്‍. വെള്ളിയാഴ്ച രാത്രി കെ.എന്‍.ജി റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ഏറെനേരം ശ്രമിച്ചാണ് കാടുകയറ്റിയത്.

🌀കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ നേതാവിനെതിരെ പാര്‍ട്ടി നടപടി. പിറവത്ത് സമരത്തില്‍ പങ്കെടുത്ത ലോക്കല്‍ സെക്രട്ടറി തങ്കച്ചനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സമരത്തില്‍ പങ്കെടുത്തതില്‍ തെറ്റുപറ്റിയെന്ന് കെസി തങ്കച്ചന്‍ പാര്‍ട്ടിക്ക് എഴുതി നല്‍കിയിരുന്നു.

🌀കെ റെയിലിനെതിരെ സമരം നടത്തുന്നത് ഓരോ പ്രദേശത്തെയും നാട്ടുകാരാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ തീവ്രവാദികളുടെ സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. സമരത്തിനു പിറകില്‍ തീവ്രവാദ സംഘടനകളാണെന്നു പറഞ്ഞ മന്ത്രിമാര്‍ ഏതു സംഘടനയെന്നുകൂടി വ്യക്തമാക്കണമെന്ന് ചെന്നിത്തല.

🌀കെ റെയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണെന്ന് മന്ത്രി സജി ചെറിയാന്‍. ചെങ്ങന്നൂര്‍ കൊഴുവള്ളൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയുടെ പോലും അഴിമതി നടത്തിയിട്ടില്ല. സാമ്പത്തിക അടിത്തറയുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

🌀മരണ വീട്ടില്‍ കയര്‍ത്തുള്ള സംസാരം സംഘര്‍ഷമാണെന്നു ധരിച്ച പൊലീസ് വീട്ടിലേക്ക് ഓടിക്കയറി ബലപ്രയോഗത്തിലൂടെ മകനെ കസ്റ്റഡിയിലെടുത്തു. പെരുമ്പഴുതൂര്‍ പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയില്‍ മധുവിന്റെ മകന്‍ അരവിന്ദിനെയാണ് (22) പൊലീസ് കസ്റ്റഡിയിലെടുത്തത്. മതില്‍ ചാടിക്കടന്ന് എത്തിയ പൊലീസ് യുവാവിനെ മര്‍ദിച്ചു. പൊലീസിന്റെ അതിക്രമം പകര്‍ത്തിയ ഫോണുകള്‍ പൊലീസ് പിടിച്ച് വാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

🌀തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപത്തെ അല്ലാപുരം സിവികെരിയയില്‍ താമസിക്കുന്ന ദുരൈ വര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ വര്‍മ്മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി. പുകയില്‍ ശ്വാസം മുട്ടിയാണു മരണം.

🌀ബിജെപിക്ക് അധികാരം വേണമെങ്കില്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും കുടുംബാംഗങ്ങളെ ഉപദ്രവിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഭാര്യാസഹോദരെന്റെ ആറര കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതിനെതിരേയാണ് താക്കറെയുടെ പ്രസ്താവന.  

🌀ഛത്തീസ്ഗഢില്‍ മകളുടെ മൃതദേഹം ചുമന്ന് പിതാവ് സ്വന്തം വീട്ടിലേക്കു നടന്നത് 10 കിലോമീറ്റര്‍. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ലഖന്‍പുരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍നിന്നാണ് മകളുടെ മൃതദേഹവുമായി നടക്കേണ്ടി വന്നത്.

🌀1200 കോടി രൂപ വായ്പാബാധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് ഡവലപറായ സൂപര്‍ടെക് കമ്പനിയെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ പാപ്പരായി പ്രഖ്യാപിച്ചു. യൂണിയന്‍ ബാങ്കില്‍ നിന്നുള്ള 150 കോടി രൂപയുടെ വായ്പയും പലിശയും അടക്കം 432 കോടി രൂപ കിട്ടാനുണ്ടെന്ന് ബാങ്ക് നല്‍കിയ പരാതിയിലാണ് നടപടി. ഫ്ളാറ്റിനായി പണം കൊടുത്ത നൂറോളം പേര്‍ നൂറു കോടി രൂപ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതിപ്പെട്ടിരുന്നു.

🌀റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി രണ്ട് ഉപ കമ്പനികളിലെ ഡയറക്ടര്‍സ്ഥാനം രാജിവച്ചു. റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ ഡയറക്ടര്‍ സ്ഥാനമാണ് രാജിവച്ചത്. ലിസ്റ്റഡ് കമ്പനികളുമായി ബന്ധപ്പെടുന്നതില്‍നിന്ന് സ്റ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കിയതിനാലാണു രാജി.

🌀ഐപിഎല്‍ 15-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 18.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

🌀കേരളത്തില്‍ ഇന്നലെ 16,663 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 4,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,374 കോവിഡ് രോഗികള്‍. നിലവില്‍ 32,214 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിമൂന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.96 കോടി കോവിഡ് രോഗികളുണ്ട്.

🌀ഇന്ത്യയുടെ വാരന്‍ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ കമ്പനി ആകാശ എയര്‍ലൈന്‍സ് പറക്കാന്‍ സജ്ജം. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ആകാശ എയര്‍ എന്ന തങ്ങളുടെ ആദ്യത്തെ ഫ്ളൈറ്റ് ജൂണിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്എന്‍വി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആകാശ എയര്‍ലൈന്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒക്ടോബറില്‍ തന്നെ സര്‍ക്കാരില്‍ നിന്ന് കമ്പനിക്ക് എന്‍ഒസി ലഭിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം പെര്‍മിറ്റ് ലഭിക്കുന്നതിന് സാധാരണയായി ആറ് മാസമെടുക്കാറുണ്ട്. ലോഞ്ച് ചെയ്ത് 12 മാസത്തിനുള്ളില്‍ 18 വിമാനങ്ങളാണ് എയര്‍ലൈന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം 12 മുതല്‍ 14 വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി.

🌀ഓയ്ല്‍ & ഗ്യാസ്, സിങ്ക്, സ്റ്റീല്‍ ബിസിനസുകളില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി വേദാന്ത ഗ്രൂപ്പ്. ശതകോടീശ്വരനായ അനില്‍ അഗര്‍വാള്‍ സാരഥ്യം വഹിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്, പുതിയ എണ്ണക്കിണറുകള്‍ക്കായി 687 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. ഇതിനു പുറമെ ദക്ഷിണാഫ്രിക്കയിലെ ഗാംസ്ബെര്‍ഗ് സിങ്ക് പ്രോജക്റ്റിന്റെ രണ്ടാം ഘട്ട വികസനത്തിനായി 466 ദശലക്ഷം ഡോളറും സ്റ്റീല്‍ പദ്ധതിക്കായി 348 ദശലക്ഷം ഡോളറും ചെലവഴിക്കാനുള്ള നിര്‍ദ്ദേശത്തിന് അനുമതി നല്‍കി. പുതിയ എണ്ണക്കിണറുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനായാണ് 687 ദശലക്ഷം ഡോളറില്‍ കൂടുതലും ഉപയോഗിക്കുക.

🌀ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളിലുള്ള ഗാനങ്ങളുടെ വീഡിയോ ഒരേ ദിവസം പുറത്തിറക്കി സാല്‍മണ്‍. ത്രി ഡി സിനിമയായ സാല്‍മണിലെ ഏഴു ഭാഷകളിലേയും ആദ്യഗാനം ടു ഡി രൂപത്തില്‍ ടി സീരിസ് ലഹിരി യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി. വിജയ് യേശുദാസും ജോനിറ്റ ഡോഡയും രംഗത്തെത്തുന്ന 'കാതല്‍ എന്‍ കവിതൈ' എന്ന ഗാനമാണ് തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ പുറത്തിറങ്ങിയത്. തമിഴില്‍ നവീന്‍ കണ്ണന്റെ രചയില്‍ സിദ് ശ്രീരാം ആലപിച്ച ഗാനം മലയാളത്തില്‍ നവീന്‍ മാരാരും തെലുങ്കില്‍ രാജേഷും രചനയും രണ്ട് ഭാഷകളിലും ശ്രീജിത്ത് എടവന ആലപിക്കുകയും ചെയ്തിരിക്കുന്നു. മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍.

🌀ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' തരംഗമാകുന്നു. ആദ്യദിനത്തില്‍ തന്നെ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 248 കോടിയാണ്. തെലുങ്കില്‍ നിന്നും ആദ്യദിനം തന്നെ 127 കോടിയാണ് വാരിക്കൂട്ടിയത്. പല തിയറ്ററുകളിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഹിന്ദിയില്‍ നിന്നും 22 കോടി, കര്‍ണാടക 16 കോടി, തമിഴ്‌നാട് ഒന്‍പത് കോടി, കേരളം നാല് കോടി, ഓവര്‍സീസ് അവകാശങ്ങളില്‍ നിന്നും 69 കോടി. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് ആര്‍ആര്‍ആര്‍ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ലോകത്താകമാനം 10,000 സ്‌ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തി.

🌀ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ദീര്‍ഘകാലമായി കാത്തിരുന്ന ജീപ്പ് മെറിഡിയന്‍ മൂന്നു വരി എസ്യുവി ഇന്ത്യയില്‍ ലോഞ്ചിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഇപ്പോഴിതാ തിരഞ്ഞെടുത്ത ജീപ്പ് ഡീലര്‍ഷിപ്പുകള്‍ മെറിഡിയന്‍ എസ്യുവിക്കായി അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതാണ് പുതിയ റിപ്പോര്‍ട്ട്. മൂന്ന് നിരകളുള്ള ഫുള്‍ സൈസ് എസ്യുവിയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തിറങ്ങി. വിലകള്‍ മെയ് മാസത്തില്‍ പ്രഖ്യാപിക്കും. വാഹനത്തിന്റെ ഡെലിവറികള്‍ അതേ സമയം തന്നെ ആരംഭിക്കും.

🌀പാരമ്പര്യത്തോടു ചേര്‍ന്നുനിന്നുകൊണ്ട് മലയാള കവിതയുടെ നവഭാവുകത്വത്തെ ജീവിതാനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളാല്‍ രേഖപ്പെടുത്തുന്ന കവിയാണ് റഫീക്ക് അഹമ്മദ്. ദീപ്തവും ശക്തവുമായ ആശയങ്ങളും ഭാവങ്ങളും കാവ്യാത്മകമായ വാങ്മയങ്ങള്‍കൊണ്ട് ഈ കവിതകളില്‍ സ്പന്ദിക്കുന്നു. എന്റെ ഗാന്ധി, അമ്മമണ്ണ്, പിരിയല്‍, സന്ദര്‍ശനം, സൈക്കിള്‍, വേനല്‍മൊഴി, സിഗ്നല്‍... തുടങ്ങിയ ശ്രദ്ധേയമായ കവിതകള്‍. 'കടല്‍ക്കാഴ്ച'. മാതൃഭൂമി. വില 128 രൂപ.

🌀ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടുമെന്നും സന്തോഷം ഇല്ലാതാക്കുമെന്നുമൊക്കയാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചിലയവസരങ്ങളില്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ആത്മവിശ്വാസവും ശാരീരിക ബലവും വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇംഗ്ളണ്ടിലെ കീലെ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. മാത്രമല്ല ദേഷ്യപ്പെടുന്നത് റിസ്‌ക് എടുക്കാന്‍ പ്രാപ്തരാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഡോ. റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തില്‍ ദേഷ്യവും ആത്മവിശ്വാസവും തമ്മിലുള്ള മനശാസ്ത്രപരമായ ബന്ധവും കണ്ടെത്തി. ശാരീരിക പ്രവര്‍ത്തികള്‍ കൂടുതലായി ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സ്വയം ശകാരിക്കുകോ മറ്റുള്ളവരെ ശകാരിക്കുകയോ ചെയ്യുന്നതിലൂടെ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനാകുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും കഠിനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് മുന്നോടിയായി ദേഷ്യപ്പെടുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനും സഹായകമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ശകാരത്തിലൂടെ ഭയവും ആശങ്കകളും കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം പറയുന്നു.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post