സാദിഖലി ശിഹാബ് തങ്ങള്‍ ഇനി മുസ്ലീം ലീഗിനെ നയിക്കും

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്ന് അഖിലേന്ത്യാ പ്രസിഡണ്ട് അറിയിച്ചു. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ടും ഉന്നതാധികാര സമിതി അംഗവുമാണ് സാദിഖലി ശിഹാബ് തങ്ങള്‍. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായപ്പോള്‍ സാദിഖലി തങ്ങള്‍ക്കായിരുന്നു താല്‍ക്കാലിക ചുമതല. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായും സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി.

മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഹൈദരലി തങ്ങള്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികിത്സയിവിരിക്കെ മരണപ്പെടുകയായിരുന്നു.
പാണക്കാട് ജുമാ മസ്ജിദില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഖബറടക്കം പൂര്‍ത്തിയായത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇന്ന് രാവിലെ 9 മണിക്ക് നടത്താനിരുന്ന ഖബറടക്കം പുലര്‍ച്ചെ നടത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം നേരത്തെ അവസാനിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post