പ്രധാന വാർത്തകൾ

2022 | മാർച്ച് 21 | തിങ്കൾ | 1197 | മീനം 7 | ചോതി

◼️ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ കലാശപ്പോരിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 120 മിനുറ്റുകളും വിയര്‍ത്ത് കളിച്ച ശേഷം ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. വിസ്മയ സീസണിനൊടുവില്‍ കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു.

◼️യുക്രെയിനില്‍ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ ആക്രമണം. നാന്നൂറു പേര്‍ അഭയം തേടിയ സ്‌കൂളിനുനേരെ റോക്കറ്റാക്രമണം നടത്തി. സ്‌കൂള്‍ തകര്‍ന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടു. പരിക്കുകളോടെ രക്ഷപ്പെട്ട അനേകം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. മരിയുപോളില്‍ 1,200 പേര്‍ അഭയം തേടിയിരുന്ന ഡ്രാമാ സ്‌കൂള്‍ കഴിഞ്ഞ ദിവസം റഷ്യ റോക്കറ്റാക്രമണത്തില്‍ തകര്‍ത്തിരുന്നു. മരിയുപോളിലെ അയ്യായിരത്തോളം ജനങ്ങളെ സൈന്യം കസ്റ്റഡിയിലെടുത്ത് റഷ്യയിലേക്കു കൊണ്ടുപോയി. ഒരു കോടി ജനങ്ങള്‍ യുക്രെയിനില്‍നിന്നു പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. ഇതേസമയം, റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു.

◼️അസാധ്യമെന്ന് പലരും എഴുതി തള്ളിയ ദേശീയപാതാ വികസനം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് ആരും മറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡിനായി 91 ശതമാനത്തിലേറെ ഭൂമി ഏറ്റെടുത്തു. ഇതിനായി സര്‍ക്കാര്‍ 5,311 കോടി രൂപ ഇതിനോടകം ദേശീയ പാതാ അതോറിറ്റിക്ക് നല്‍കിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◼️മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ റെയിലിലൂടെ സിപിഎം അനുകൂലികളെപോലും ദ്രോഹിക്കുന്നു. ജനങ്ങളെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. ജനരോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും. നാളെ സമര മുഖത്തേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◼️കെ റെയില്‍ പദ്ധതിക്കായി ചില്ലിക്കാശുപോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കറക്കു കമ്പനിയുണ്ടാക്കി കമ്മീഷന്‍ അടിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എല്ലാ ജില്ലകളിലും കെ റെയിലിനെതിരെ പ്രക്ഷോഭമാരംഭിക്കുകയാണെന്നും പാര്‍ട്ടിയുടെ കെ റെയില്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ കൂടിയായ എ.എന്‍ രാധാകൃഷ്ണന്‍ മലപ്പുറത്ത് പറഞ്ഞു.

◼️പൊലീസ് ജീപ്പില്‍നിന്ന് ചാടിയ യുവാവ് മരിച്ചു. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനാലാണു ചാടിയതെന്ന് ആരോപിച്ച് ഭാര്യയും ബന്ധുക്കളും രംഗത്ത്. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. മദ്യപിച്ച് വീട്ടുകാരെ ഉപദ്രവിച്ചതിന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സനോഫറിനെ പോലീസ് വിളിപ്പിച്ച് താക്കീതു നല്‍കി വിട്ടയച്ചിരുന്നു. ഒരു ദിവസം കസ്റ്റഡിയില്‍ വയ്ക്കണമെന്ന വീട്ടുകാരുടെ അഭ്യര്‍ഥനയനുസരിച്ച് ജീപ്പില്‍ കൊണ്ടുപോകുമ്പോഴാണ് ചാടിയതെന്നാണു പോലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചെന്നു ഭാര്യ തസ്ലിമ ആരോപിച്ചു.

◼️പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍നിന്നു വീണ് യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. മന്ത്രി പറഞ്ഞു.

◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പ്രസംഗിക്കണോയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രഫ. കെ.വി. തോമസ്. ശശി തരൂര്‍ എംപിയേയും കെ.വി. തോമസിനേയും സിപിഎം പ്രഭാഷകരായി ക്ഷണിച്ചിരുന്നു. പോകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വിലക്കിയിരിക്കേ, ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശശി തരൂര്‍ എംപി നേരത്തെ സ്വീകരിച്ച നിലപാടാണ് പ്രഫ.കെ.വി. തോമസും ഇപ്പോള്‍ കൊക്കൊണ്ടത്.

◼️പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരടക്കം ആറ് പേര്‍ക്കെതിരെയും കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസ്. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്നു മുബാറക്കിനെയാണ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കണ്ടക്ടറുമായി വാക്കു തര്‍ക്കമുണ്ടായതോടെ ഹാരിസ് നടത്തിയ കുരുമുളക് പൊടി സ്പ്രേമൂലം ബസ് ജീവനക്കാര്‍ക്കും ചില യാത്രക്കാര്‍ക്കും പരിക്കേറ്റു. അക്രമാസക്തനായ യുവാവിനെ പൊലീസെത്തുന്നതുവരെ പിടിച്ചുനിര്‍ത്താനാണ് കെട്ടിയിട്ടതെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു.

◼️കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. സീറ്റ് ജെബി മേത്തര്‍ പണം കൊടുത്തു വാങ്ങിയതാണെന്നാണ് അസീസിന്റെ വിശദീകരണം. ആര്‍വൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അസീസ്. ദുരാരോപണം ഉന്നയിച്ച അസീസിനെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന നിലപാടുമായി അസീസ് രംഗത്തെത്തി.

◼️എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

◼️തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പിടികൂടി. 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

◼️ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ചെന്നു പോലീസ് ആരോപിക്കുന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെതിരേ തട്ടിപ്പു കേസ്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. കോഴിക്കോട് സ്വദേശി മിന്‍ഹാജ് നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്.

◼️ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ. വി.കെ. വിജയന്‍ ചുമതലയേറ്റു. തൃശൂര്‍ കേരളവര്‍മ കോളജിലെ റിട്ടയേഡ് അധ്യാപകനാണ്. സിപിഐ പ്രതിനിധിയായ ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രനും ചുമതലയേറ്റു.

◼️വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അര്‍ധരാത്രി മദ്യപസംഘത്തിന്റെ അതിക്രമം. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. മൂന്നു പേരെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കു പരിക്കേറ്റ ഒരാളെയുമായി അഞ്ചു പേര്‍ പന്ത്രണ്ടരയോടെയാണ് ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ ഇല്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെയാണ് വാക്കു തര്‍ക്കവും അക്രമവും തുടങ്ങിയത്.

◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് തിരുവനന്തപുരം വലിയമല പോലീസ് അറസ്റ്റു ചെയ്തത്.

◼️ഐഎസ്എലില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സിനു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കേരളത്തിന്റെ അഭിമാനമായി മാറാന്‍ ബ്ലാസ്റ്റേഴ്സിനു സാധിച്ചെന്നും അടുത്ത തവണ കിരീടം നേടാന്‍ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി കോയമ്പത്തൂരില്‍ അറസ്റ്റിലായി. സ്ഥലമിടപാടില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

◼️ലക്ഷദ്വീപില്‍ നിരോധനാജ്ഞ. ഇന്ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് എന്‍സിപി പ്രഖ്യാപിച്ചതിനു പിറകേയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

◼️എന്‍ ബിരേന്‍ സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി തുടരും. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേന്‍ സിംഗിനെ തെരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകരില്‍ ഒരാളായ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്.

◼️കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് എട്ടു മുതല്‍ 16 വരെ ആഴ്ച്ചയ്ക്കുള്ളില്‍ അടുത്ത ഡോസ് സ്വീകരിക്കാം. നേരത്തെ ഇത് 12 മുതല്‍ 16 വരെയായിരുന്നു.

◼️ബിഹാറിലെ നാലു ജില്ലകളില്‍ വിഷമദ്യദുരന്തം. 17 പേര്‍ മരിച്ചു. മധേപുര, ഭഗല്‍പൂര്‍, ബങ്ക, മുര്‍ളിഗഞ്ച് എന്നീ ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്.  

◼️ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ രണ്ടിന് എത്തുന്ന അദ്ദേഹം നാലു ദിവസം ഇന്ത്യയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം.

◼️യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യക്കുനേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ജലശുദ്ധീകരണ പ്ലാന്റ്, പവര്‍ സ്റ്റേഷന്‍, ഗ്യാസ് സ്റ്റേഷന്‍, അരാംകോ പ്ലാന്റുകള്‍, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണങ്ങളെ അറബ് സഖ്യസേന തകര്‍ത്തു.

◼️ഫേസ്ബുക്ക് പ്രൊട്ടക്ട് ആക്ടീവ് ആക്കാത്തവരുടെ അക്കൗണ്ട് ഫേസ്ബുക്ക് മരവിപ്പിച്ചേക്കാം. മനുഷ്യാവകാശ സംരക്ഷകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഹാക്കര്‍മാര്‍ വളരെയധികം ലക്ഷ്യമിടുന്ന ആളുകള്‍ക്ക് സുരക്ഷയുടെ ഒരു അധിക ലെയര്‍ എന്ന നിലയ്ക്കാണ് ഫേസ്ബുക്ക് പ്രൊട്ടക്ട് അവതരിപ്പിച്ചത്.

◼️കേരളത്തില്‍ ഇന്നലെ 18,590 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 5,812 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ ആയിരത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 37,928 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനൊന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.77 കോടി കോവിഡ് രോഗികളുണ്ട്.

◼️ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തിയവരോട് നഷ്ടം സഹിക്കാന്‍ തയ്യാറായിക്കോളൂവെന്ന് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയപ്പ്. ക്രിപ്റ്റോ നിക്ഷേപം പൂര്‍ണമായി നഷ്പ്പെടാം എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഓഹരി, ബാങ്ക്, ഇന്‍ഷ്വറന്‍സ് നിരീക്ഷണ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ക്രിപ്റ്റോകറന്‍സി ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംരക്ഷണമോ, നഷ്ടപരിഹാരമോ യൂറോപ്യന്‍ യൂണിയന്റെ നിലവിലുള്ള ധനകാര്യ നിയമങ്ങള്‍ പ്രകാരം ലഭിക്കില്ലെന്നും ഇവര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

◼️പോയവര്‍ഷം മൊത്തം ഭവന വില്‍പ്പനയില്‍ അഫോര്‍ഡബിള്‍ വിഭാഗത്തിന്റെ (45 ലക്ഷം രൂപയില്‍ കുറവുളള ഭവനങ്ങള്‍) വിഹിതം 43 ശതമാനമായി കുറഞ്ഞു. 2020 ല്‍ ഇത് 48 ശതമാനമായിരുന്നു. അതേസമയം 75 ലക്ഷത്തിന് മുകളിലുള്ള യൂണിറ്റുകളുടെ വിഹിതം 25 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി ഉയര്‍ന്നതായി റിയല്‍എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് പ്രോപ്ടിഗര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ ഇന്‍സൈറ്റ് റെസിഡന്‍ഷ്യല്‍ ആനുവല്‍ റൗണ്ടപ്പ് 2021 എന്ന റിപ്പോര്‍ട്ടില്‍, എട്ട് പ്രൈം ഹൗസിംഗ് മാര്‍ക്കറ്റുകളിലെ ഭവന വില്‍പ്പന 2021 ല്‍ 13 ശതമാനം വര്‍ധിച്ച് 2,05,936 യൂണിറ്റായി ഉയര്‍ന്നു. തൊട്ട് മുന്‍ വര്‍ഷം 1,82,639 യൂണിറ്റായിരുന്നു വിറ്റഴിക്കപ്പെട്ടത്. രാജ്യത്തെ എട്ട് പ്രമുഖ ഭവന വിപണികളിലെ മൊത്തം ഭവന വില്‍പ്പനയുടെ 43 ശതമാനവും 45 ലക്ഷം രൂപ വില പരിധിക്കുള്ളിലാണ്.

◼️സിജു വില്‍സന്റെ ഇന്നോളം കാണാത്ത ഗെറ്റപ്പിലുള്ള വരയന്റെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വ്യത്യസ്ത ഭാവത്തില്‍ പള്ളീലച്ചന്‍ വേഷത്തില്‍ സൈക്കിളിലിരുന്ന് അഭിവാദ്യം ചെയ്യുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതി, നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. സിജു വില്‍സനോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ, ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

◼️നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രം 'എസ്‌കേപ്പ്' മാര്‍ച്ച് 25-നു തിയേറ്ററുകളില്‍ എത്തും. സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിന്റെ ഇതിവൃത്തം, ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുന്നത് ഗായത്രി സുരേഷ് ആണ്.

◼️ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യത്തെ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനം ടൊയോട്ട മിറായ് അവതരിപ്പിച്ചു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കായുള്ള പരിതസ്ഥിതി രൂപീകരിക്കാന്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 650 കിലോമീറ്റര്‍ ഓടും. ചാര്‍ജ് ചെയ്യാന്‍ 5 മിനിറ്റ് മതി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടറും ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഓട്ടമോട്ടീവ് ടെക്നോളജിയും സംയുക്തമായുള്ളതാണ് പദ്ധതി. ഇന്ത്യന്‍ റോഡുകളിലും കാലാവസ്ഥയിലും വാഹനത്തിന്റെ പ്രകടനം നിരീക്ഷിക്കും. 2014ല്‍ ലോകവിപണിയില്‍ അവതരിപ്പിക്കപ്പെട്ട മിറായ്യുടെ രണ്ടാം തലമുറയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

◼️അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് 'കഥക്കൂട്ടം'. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും. 'അമേരിക്കന്‍ കഥകൂട്ടം'. എഡിറ്റര്‍ - ബെന്നി കുര്യന്‍. ഗ്രീന്‍ ബുക്സ്. വില 427 രൂപ.

◼️പകല്‍നേരത്ത് ദീര്‍ഘനേരം കിടന്നുറങ്ങുന്നത് അല്‍സ്ഹൈമേഴ്സ് രോഗവുമായി ബന്ധപ്പെട്ട സ്മൃതിനാശത്തിന്റെ പ്രാരംഭ ലക്ഷണമാകാമെന്ന് പഠനം. മസാച്ചുസെറ്റ്സിലെ ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ശരാശരി 81 വയസ്സ് പ്രായമുള്ള ആയിരത്തിലധികം പേരിലാണ് വര്‍ഷങ്ങള്‍ നീണ്ട പഠനം നടത്തിയത്. ഒരു ദിവസം പകല്‍ ഒരു മണിക്കൂറിലധികം ഉറങ്ങിയവര്‍ക്ക് ഒരു മണിക്കൂറില്‍ താഴെ ഉറങ്ങിയവരെ അപേക്ഷിച്ച് അല്‍സ്ഹൈമേഴ്സ് ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം അധികമാണെന്ന് ഗവേഷകര്‍ കണ്ടമെത്തി. ഒരു തവണയെങ്കിലും പകല്‍ ഉറങ്ങിയവര്‍ക്ക് ഉറങ്ങാത്തവരെ അപേക്ഷിച്ച് അല്‍സ്ഹൈമേഴ്സ് വികസിക്കാനുള്ള സാധ്യതയും 40 ശതമാനം അധികമായിരുന്നു. പകല്‍ സമയത്ത് അമിതമായ ക്ഷീണം അനുഭവപ്പെടുന്നതും ഉറക്കം തൂങ്ങുന്നതുമെല്ലാം സ്മൃതിനാശത്തിന്റെ മുന്നറിയിപ്പാണെന്ന് കലിഫോര്‍ണിയ സന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. യൂ ലെങ് അഭിപ്രായപ്പെട്ടു. പകല്‍ നേരത്തെ ഉറക്കമാണോ അല്‍സ്ഹൈമേഴ്സിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ഒന്നെന്ന സംശയവും ഗവേഷണം ഉയര്‍ത്തുന്നു. അല്‍സ്ഹൈമേഴ്സ് ആന്‍ഡ് ഡിമന്‍ഷ്യ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.


Post a Comment

Previous Post Next Post