മീഡിയ വണ്‍ ചാനലിന് സംപ്രേഷണം തുടരാം; ചാനൽ വിലക്കിന് സുപ്രീം കോടതിയുടെ സ്റ്റേന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ.അടുത്ത ഉത്തരവ്​ വരെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച്‌ പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങള്‍ വിധിക്കുന്നു. ഹരജിക്കാര്‍ക്ക്, മീഡിയവണ്‍ ചാനല്‍ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കുന്നതിനു മുമ്ബുള്ള അതേ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താം.' - കോടതി വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 'ഫയലുകള്‍ പുറത്തു വിടണം. ഹരജിക്കാര്‍ക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല.' - ബെഞ്ച് പറഞ്ഞു.

ഹരജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാരജായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് പുറമേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാദങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുന്ന പ്രവണതയെ മറ്റൊരു കേസില്‍ എതിര്‍ത്ത് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ രംഗത്തെത്തിയത് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.

'11 വര്‍ഷത്തെ ഉത്തരവാദിത്തപരമായ മാധ്യമപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിലക്കെന്ന് പറയുന്നു. ലൈസന്‍സിനായി മേയില്‍ തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്. ജനുവരിയിലാണ് സുരക്ഷാ കാരണം പറഞ്ഞു വിലക്കുന്നത്. മുദ്രവെച്ച കവറാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്രവെച്ച കവറുമായി വരേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്.' - ദവെ ചൂണ്ടിക്കാട്ടി.

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹരജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളില്‍ പറയുന്നു.

ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.

Post a Comment

Previous Post Next Post