മുറി പൂട്ടി, ടാങ്ക് വറ്റിച്ചു, ഫ്രിഡ്ജില്‍ പോലും വെള്ളമില്ല, പൈപ്പ് കണക്ഷന്‍ മുറിച്ചു; തീവെച്ച്‌ കൊല സൂക്ഷ്മമായ ആസൂത്രണത്തോടെ

തൊടുപുഴ: ചീനിക്കുഴിയില്‍ വീടിന് തീവെച്ച്‌ മകന്‍ ഫൈസലിനെയും കുടുംബത്തേയും പിതാവ് കൊലപ്പെടുത്തിയത് കൃത്യമായ ആസുത്രണത്തോടെയെന്ന് പ്രാഥമിക നിഗമനം.മകനും കുടുംബവും രക്ഷപ്പെടാതിരിക്കാന്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും, വാട്ടര്‍ ടാങ്കിന്റെയും പൈപ്പിന്റെയും കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തതിന് ശേഷമാണ് ഹമീദ് മകന്റെ മുറിയ്ക്ക് തീവെച്ചത്. രക്ഷിക്കാനായെത്തിയ അയല്‍വാസിയെ തടയാനും ആളുന്ന തീയിലേക്ക് വീണ്ടും പെട്രോള്‍ ഒഴിക്കാനും ഹമീദ് മടിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഫൈസല്‍ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റ് നോക്കിയപ്പോഴാണ് അയല്‍ വാസിയായ രാഹുല്‍ വീടിന് തീപിടിച്ചതറിഞ്ഞ് ഓടിചെല്ലുന്നത്. പുറത്തുനിന്നും അടച്ച വാതില്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി തന്നെ തള്ളി മാറ്റിയതായും രാഹുല്‍ പറഞ്ഞു. വാട്ടര്‍ കണക്ഷന്‍ കട്ടാക്കിയതും ഫൈസലിനും കുടുംബത്തിനും വെല്ലുവിളിയായി മാറിയിരുന്നു. തീ ആളിയതിനെ തുടര്‍ന്ന് പുറത്തേക്ക് കടക്കാനാകാതെ ബാത്ത് റൂമിലേക്ക് പോയെങ്കിലും പൈപ്പില്‍ വെള്ളം ഉണ്ടായിരുന്നില്ല. വാട്ടര്‍ ടാങ്കിന്റെയും പൈപ്പിന്റെയും കണക്ഷന്‍ പ്രതി ഹമീദ് നേരത്തെ വിച്ഛേദിച്ചിരുന്നു.

പുറത്തുനിന്നും ആളുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്താതിരിക്കാന്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്നുള്ള പൈപ്പിന്റെ കണക്ഷനും കട്ടാക്കിയിരുന്നു.രക്ഷിക്കാനായെത്തിയ അയല്‍വാസിയെ തടയനുള്ള ശ്രമങ്ങളും പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. എന്നാല്‍ ഹമീദിനെ ഉന്തിമാറ്റിയ ശേഷം അകത്തേക്ക് കയറിയെങ്കിലും ബെഡില്‍ നിന്നും തീ ആളിയതിനാല്‍ അകത്തേക്ക് കയറാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഫൈസലും കുടുംബവും ബാത്ത്‌റൂമിലേക്ക് കയറിയത്. പിന്നാലെ അയല്‍വാസി ഫ്രിഡ്ജ് തുറന്നെങ്കിലും വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.

പ്രതി ഹമീദിന്റെ മകന്‍ ചീനിക്കുഴി ആലിയേക്കുന്നേല്‍ ഷിബു എന്ന് വിളിക്കുന്ന മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റു, അസ്‌ന എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്. ഹമീദിനെ കരിമണ്ണൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടേ മുക്കാലോടെയായിരുന്നു കൊലപാതകം. മരിച്ച മുഹമ്മദ് ഫൈസലും ഭാര്യയും മക്കളും ഒരു മുറിയിലാണ് കിടന്നുറങ്ങിയത്. ഇവര്‍ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ഹമീദ് മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടി. പുറത്തിറങ്ങി ജനലിലൂടെ പെട്രോള്‍ അകത്തേയ്ക്ക് ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ഇയാളെ ക്രൂര കൊലപാതകത്തിലേയ്ക്ക് നയിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post