പ്രധാന വാർത്തകൾ

2022 | മാർച്ച് 3 | വ്യാഴം | 1197 | കുംഭം 19 
➖➖➖➖➖➖➖➖

◼️കാര്‍കീവില്‍ നിന്ന് 800 മലയാളി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് തിരിച്ചു. ഇവര്‍ക്ക് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് ട്രെയിന്‍ കിട്ടി. ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്‍കീവിലുണ്ടെന്നും സഹായങ്ങള്‍ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 

◼️നാല് വിമാനങ്ങളിലായി എണ്ണൂറിനടുത്ത് ഇന്ത്യക്കാരെ വ്യോമസേന ഇന്ന് തിരികെ എത്തിച്ചു. പോളണ്ട്, റൊമേനിയ, ഹംഗറി, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് തിരികെ എത്തിയത്.

◼️വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ മന്ത്രി ആര്‍ ബിന്ദു. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും ആര്‍ ബിന്ദു വിമര്‍ശിച്ചു.

◼️റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നു സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ വിമര്‍ശനം. പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നാണ് സിപിഐക്കെതിരേ ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്.   

◼️യുക്രെയിനില്‍നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്കു കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം ഉച്ചയോടെ എത്തി.. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ദില്ലിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസും ഉണ്ടാകും.

◼️കോണ്‍ഗ്രസില്‍ തന്റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് അറിയാം. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ പറഞ്ഞു. 

◼️മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ രണ്ടു പേര്‍ മരിച്ച ഈസ്റ്റ് മാറാടിയില്‍ ഇന്നും രണ്ട് അപകട മരണം. തിരുവനന്തപുരം പിള്ളവീട് നഗര്‍ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷി അമ്മാള്‍ (ഗീത -60), ആലുവ ബ്രാഞ്ച് സ്ട്രീറ്റ് രാമന്തിര്‍ വേണുഗോപാലിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (70) എന്നിവരാണ് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരുടെ നില ഗുരുതരമാണ്. 

◼️സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേ കല്ലിടലിനെതിരെ ആലുവ ചൊവ്വരയിലും ചെങ്ങന്നൂര്‍ മുളക്കുഴിയിലും നാട്ടുകാരുടെ പ്രതിഷേധവം. എന്നാല്‍ രണ്ടിടത്തും കനത്ത പൊലീസ് സുരക്ഷയില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കല്ലിട്ടു. പ്രതിഷേധത്തിനിടെ ചെങ്ങന്നൂരില്‍ ആത്മഹത്യ ഭീഷണിയും ഉണ്ടായി. 

◼️മദ്യശാലകളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. ഇടത്തരം റമ്മും ബ്രാണ്ടിയും കിട്ടാക്കനിയാണ്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത ബ്രാന്‍ഡുകള്‍ക്ക് നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. 


◼️നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സിനിമാ രംഗത്ത് നിന്നുള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും ക്രൈംബ്രാഞ്ച് കോടതിക്ക് നല്‍കി.

◼️എറണാകുളം കാഞ്ഞൂരില്‍ മധ്യവയസ്‌കന്‍ സുഹൃത്തിന്റെ വീടിനു മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. കാഞ്ഞൂര്‍ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ ഓട്ടോറിക്ഷയില്‍ എത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കാരണം.

◼️എറണാകുളം ചെന്പുമുക്കില്‍ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ വീട്ടുകാര്‍ വാക്കത്തി വീശി ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത അഡ്വക്കേറ്റ് കമ്മീഷന് കൈയില്‍ പരിക്കേറ്റു. മുമ്പ് നാലു തവണ വീട് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴും വീട്ടുകാര്‍ വളര്‍ത്ത് നായ്ക്കളെ തുറന്നുവിട്ടിരുന്നു. എസ്ബിഐ പാലാരിവട്ടം ശാഖയില്‍
8 കോടി രൂപയുടെ ബാധ്യതയുള്ള ചെന്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കിടെയാണ് കൈയേറ്റം. ഇവരുടെ സ്വത്ത് വകകള്‍ പണയപ്പെടുത്തി അയല്‍വാസി രണ്ടരക്കോടി രൂപ വായ്പയെടുത്തിരുന്നു. പണം തിരിച്ചടക്കാതെയാണ് ജപ്തിയിലെത്തിയത്. 

◼️പൊതുപരീക്ഷകളില്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ ഇന്ന് ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാര്‍ക്ക് വൈകിട്ട് 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം. 

◼️കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ തിയറ്ററുകളിലേക്ക് ഇന്നെത്തിയത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ഹേ സിനാമികയും ടൊവിനോ ചിത്രമായ നാരദനുമാണ് ഒരേ ദിവസം തന്നെ തിയറ്ററുകളിലെത്തിയത്. തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിക്കാനുള്ള അനുമതിക്ക് പിന്നാലെയുള്ള ആദ്യ റിലീസാണ് ഇന്ന് നടന്നത്. 

◼️വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി എന്നാണ് പേര്. വാളയാറിലെ ഇളയ പെണ്‍കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമാണ് നാളെ. ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി മക്കളുടെ മരണത്തില്‍ പങ്കുണ്ടെന്ന് അമ്മ വെളിപ്പെടുത്തുന്നു. 

◼️വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലിലാണു സംഭവം. 

◼️സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി നടന്ന ലൈവ് ഡോണര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫെബ്രുവരി 14 നാണ് സര്‍ക്കാര്‍ മേഖലയിലെ തന്നെ ആദ്യ ലൈ് ഡോണര്‍ ശസ്ത്രക്രിയ നടന്നത്. ജീവിച്ചിരിക്കുന്ന ആളില്‍ നിന്ന് രോഗിക്ക് കരള്‍ പകുത്ത് നല്‍കുന്നതാണ് ലൈവ് ഡോണര്‍ ശസ്ത്രക്രിയ. കരള്‍ പകുത്ത് നല്‍കിയ തൃശൂര്‍ സ്വദേശി പ്രവിജയും അത് സ്വീകരിച്ച ഭര്‍ത്താവ് സുബീഷും സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ട ഇരുവരേയും ഡിസ്ചാര്‍ജ് ചെയ്തു .

◼️വാഹന അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായി വ്യാജ കേസുണ്ടാക്കാന്‍ ഉപയോഗിച്ച ബൈക്ക് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കുന്നുകുഴി സ്വദേശി സെബാസ്റ്റിന്റെ ബൈക്ക് ഉപയോഗിച്ചാണ് അഞ്ചു വ്യാജ എഫ്‌ഐആറുകള്‍ ട്രാഫിക് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ കേസുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ചിന് ലഭിക്കുന്നത്. വ്യാജ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച് കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറനസ് തട്ടിയതിനെ കുറിച്ച് ഇന്‍ഷുറന്‍സ് കമ്പനികളാണ് ആദ്യം അന്വേഷണം നടത്തിയത്.

◼️മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. തിരുവനന്തപുരം കിളിമാനൂരില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ വീട് കൈമാറും.

◼️ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ സ്‌കൂട്ടറിടിച്ചത് കണ്ട് ആന വിരണ്ടോടി. എറണാകുളം അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം ശിവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണു സംഭവം. കാളകുത്തന്‍ കണ്ണന്‍ എന്ന ആനയാണ് വിരണ്ടോടിയത്. സംസ്ഥാനപാതയുടെ സൈഡില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആനയെ താഴെ ഇറക്കിയ ഉടനെയാണ് സംഭവം. യുവതി ഓടിച്ച സ്‌കൂട്ടറാണ് ആനയ്ക്ക് സമീപം നിന്ന പാപ്പാനെ ഇടിച്ചത് 

◼️കോണ്‍ഗ്രസ് പുന:സംഘടനയില്‍ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്കമാണ്ട് ആണെന്ന് കെ.മുരളീധരന്‍ എം പി. പുന:സംഘടനയില്‍ പരാതി ഉള്ളവര്‍ ഉണ്ടാകും. എം പിമാര്‍ പരാതിക്കത്ത് ഹൈക്കമാണ്ടിന് നല്‍കിയോ എന്ന് അറിയില്ല. അദ്ദേഹം പറഞ്ഞു.

◼️ഭരണപക്ഷത്തിന്റെ പ്രതിഷേധ ബഹളംമൂലം നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി വിധാന്‍ സഭ വിട്ടു. പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങുകയായിരുന്നു. ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയിലെ നിയമസഭാംഗങ്ങള്‍ ഗവര്‍ണര്‍ക്ക് എതിരെയും മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിനെ പ്രശംസിച്ചും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിധാന്‍ സഭ വിട്ടത്. മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിന് എതിരായ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

◼️റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്താന്‍ തനിക്ക് പറയാനാകുമോയെന്നു ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. യുക്രൈന്‍ രക്ഷാദൗത്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വന്ന ഹര്‍ജി മാറ്റിവച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. റൊമാനിയ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇക്കാര്യത്തില്‍ കോടതിക്ക് എന്തു ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലരുടെ ചോദ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ താന്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

◼️ഗഗന്‍യാന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്ന ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്റര്‍ തലപ്പത്ത് മാറ്റം. ആര്‍ ഉമാമഹേശ്വരനെ എച്ച്എസ്എഫ്‌സി ഡയറക്ടറായി നിയമിച്ചു. 2019ല്‍ കേന്ദ്രം രൂപീകരിച്ചത് മുതല്‍ മലയാളിയായ എസ് ഉണ്ണിക്കൃഷ്ണനായിരുന്നു എച്ച്എസ്എഫ്‌സി മേധാവി. 

◼️രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38 കാരന് വധശിക്ഷ. പൂനെയിലെ അതിവേഗ പോക്‌സോ കോടതിയാണ് തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. 2021 ഫെബ്രുവരി 15നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്.

◼️ഭര്‍ത്താവ് സാം ബോംബെയ്ക്കെതിരേ ആരോപണവുമായി നടി പൂനം പാണ്ഡെ. സാം നിരന്തരം മദ്യപിച്ചെത്തി മര്‍ദ്ദിക്കുമെന്നും മര്‍ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറഞ്ഞു. നടി കങ്കണ റണാവത്ത് അവതാരകയായ 'ലോക്കപ്പ് ഷോ'യിലായിരുന്നു പൂനം മനസ്സു തുറന്നത്.

◼️ദുബൈയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ വര്‍ഷവും ഫീസ് കൂടില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധിക്കാതെ തുടരുന്നത്.

◼️ഹര്‍കീവില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥിനികള്‍ യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കു നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുക്രെയ്‌നില്‍നിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിര്‍ദേശം ലഭിച്ചതിനു പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ റഷ്യയുടെ സഹായത്തോടെ ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ചത്. ആണ്‍കുട്ടികളെയും റഷ്യയുടെ സഹായത്തോടെ ഹര്‍കീവിനു പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

◼️യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ വാദം തള്ളി ഇന്ത്യന്‍ വിദശകാര്യ വക്താവ്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട്. ആരേയും ബന്ദികളാക്കിയിട്ടില്ല. നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അധികാരികളുടെ സഹായത്തോടെ കാര്‍കീവ് വിട്ടതായും വിദേശകാര്യ വക്താവ് അറിയിച്ചു. പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രൈന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

◼️യുക്രെയ്ന്‍ തലസ്ഥാനമായി കീവില്‍ നാല് ഉഗ്ര സ്‌ഫോടനങ്ങള്‍. വ്യോമാക്രമണത്തിന്റെ സൈറണുകള്‍ നഗരത്തില്‍ മുഴങ്ങി. ആദ്യ രണ്ടു സ്‌ഫോടനങ്ങളും നഗരമധ്യത്തിലും മറ്റുള്ളവ ദര്‍സ്ബി നരോദോവ് മെട്രോ പ്രദേശത്തുമാണെന്നാണ് വിവരം. 

◼️ഹര്‍കീവില്‍ ഒരു കെട്ടിട സമുച്ചയത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ അടക്കം എട്ടു പേര്‍ കൂടി കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ അറിയിച്ചു. 

◼️യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ഇതിനകം 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. 'ഇപ്പോഴത്തെ റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലികമാണ്. റഷ്യ പരാജയപ്പെടും, അത് തീര്‍ച്ചയാണ്. റഷ്യന്‍ സൈനികരുടെ ശവപ്പറമ്പായി ഞങ്ങളുടെ രാജ്യത്തെ മാറ്റാന്‍ താല്‍പ്പര്യമില്ല. റഷ്യന്‍ സൈന്യം മടങ്ങിപ്പോകണം'-സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.  

◼️റഷ്യയുടെ ചാര ഉപഗ്രഹങ്ങളുടെ പണി തീര്‍ത്തുവെന്ന് കുപ്രസിദ്ധ ഹാക്കിംഗ് ഗ്രൂപ്പ് അനോണിമസ്. ഇതിനര്‍ത്ഥം, ഉക്രെയ്‌നിലെ അധിനിവേശത്തിനിടയില്‍ 'ചാര ഉപഗ്രഹങ്ങളില്‍ നിയന്ത്രണമില്ല' എന്നാണ്. എന്നാല്‍ റോസ്‌കോസ്‌മോസ് മേധാവി ഈ അവകാശവാദം നിഷേധിക്കുകയും അട്ടിമറിക്കാരെ 'ചെറിയ തട്ടിപ്പുകാര്‍' എന്ന് വിശേഷപ്പിക്കുകയും ചെയ്തു.

◼️അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഭൂമിയിലേക്ക് വീഴ്ത്താന്‍ റഷ്യ തീരുമാനിച്ചാല്‍ തന്റെ കമ്പനിയായ സ്‌പേസ് എക്‌സിന് നിലയത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് എലോണ്‍ മസ്‌ക്. ഐഎസ്എസിലെ പവര്‍, കംപ്യൂട്ടേഷണല്‍ സിസ്റ്റത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെങ്കില്‍, ഐഎസ്എസിനെ ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം റഷ്യക്കാണ്. ബഹിരാകാശ നിലയം തകര്‍ക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സ്‌പേസ് എക്‌സ് ബഹിരാകാശ നിലയത്തെ സംരക്ഷിക്കുമെന്ന് എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. 

◼️3965 ആഡംബരക്കാറുകളുമായി തീപിടിച്ച ചരക്കുകപ്പല്‍ ഒടുവില്‍ മുങ്ങി. ചൊവ്വാഴ്ച പോര്‍ച്ചുഗലിന്റെ ആസൂറസ് ദ്വീപിന്റെ തീരത്ത് നിന്നും 220 നോട്ടിക്കല്‍ മൈല്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണു കപ്പല്‍ മുങ്ങിയത്. ജര്‍മനിയിലെ അംഡണിലുള്ള ഫോക്‌സ്വാഗന്‍ കാര്‍ ഫാക്ടറിയില്‍നിന്ന് യുഎസിലെ ഡേവിസ്വില്ലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
കപ്പിലില്‍ ഉണ്ടായിരുന്ന 22 അംഗ ക്രൂവിനെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു.

◼️ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി വില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. ക്ലബ്ബ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

◼️വാട്‌സ്ആപ്പ് വഴി പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) അപേക്ഷിക്കാവുന്ന സംവിധാനവുമായി പ്രമുഖ നിക്ഷേപ, സേവനദാതാക്കളായ ജിയോജിത്. ഇ-ഐ.പി.ഒ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയിലൂടെ ലളിതമായും സുരക്ഷിതമായും അപേക്ഷിക്കാനാകും. ജിയോജിത് ടെക്‌നോളജീസ് ആവിഷ്‌കരിച്ച ഈ സംവിധാനത്തിലൂടെ ഓഹരി ട്രേഡിംഗും മ്യൂച്വല്‍ഫണ്ട് ഇടപാടുകളും നടത്താം. എല്‍.ഐ.സി ഐ.പി.ഒ ആസന്നമായിരിക്കേ, ഒട്ടേറെ നിക്ഷേപകര്‍ക്ക് നേട്ടമാകുന്നതാണ് ജിയോജിത്തിന്റെ പുതിയ സേവനം.

◼️ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് 3-13 ശതമാനത്തോളം. 100 ഗ്രാം ലക്‌സ് സോപ്പ് പായ്ക്കിന്റെ വില 13 ശതമാനമാണ് കുത്തനെ വര്‍ധിപ്പിച്ചത്. ഇതോടെ വില 31 രൂപയില്‍ നിന്ന് 35 രൂപയായി ഉയര്‍ന്നു. ലൈഫ്ബോയ് 125 ഗ്രാം സോപ്പ് പാക്കിന്റെ വില 6.5 ശതമാനം വര്‍ധിച്ച് 31 രൂപയില്‍ നിന്ന് 33 രൂപയായി ഉയര്‍ത്തി. ജനുവരിയില്‍ കമ്പനി ഇതേ ഉല്‍പ്പന്നത്തിന്റെ വില 29 രൂപയില്‍ നിന്ന് 31 രൂപയായി ഉയര്‍ത്തിയിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയത്.

◼️ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്റെ' റീലീസ് തിയതി പ്രഖ്യാപിച്ചു. ആദ്യ ഭാഗമായ 'പൊന്നിയിന്‍ സെല്‍വന്‍-1' 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിനെത്തും. വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

◼️പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം മാര്‍ച്ച് 12ന് അള്‍ജീരിയയില്‍ പുനരാരംഭിക്കും. മാര്‍ച്ച് 10ന് പൃഥ്വിരാജ് ജോര്‍ദ്ദാനിലേക്ക് പുറപ്പെടും. ജൂണ്‍ ആദ്യ ആഴ്ച ചിത്രീകരണം പൂര്‍ത്തിയാക്കിയേ പൃഥ്വിരാജ് മടങ്ങി എത്തുകയുള്ളൂ. മൂന്നു മാസം ചിത്രീകരണത്തിനുവേണ്ടി പൃഥ്വിരാജ് മാറ്റിവച്ചു. നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ആടുജീവിതത്തിലെ കേന്ദ്ര കഥാപാത്രമായ നജീബ് ആകാന്‍ വീണ്ടും മെലിയാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ബെന്ന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്.

◼️വരാനിരിക്കുന്ന ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യത്തുടനീളം ആരംഭിച്ചു. വാങ്ങുന്നവര്‍ക്ക് 21,000 രൂപ അടച്ച് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇതിന്റെ ഡെലിവറികള്‍ 2022 മാര്‍ച്ച് പകുതിയോടെ ആരംഭിക്കും. ടാറ്റയുടെ പുതിയ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്റെ (ഡിസിടി) അരങ്ങേറ്റം കുറിക്കുന്നതാണ് അല്‍ട്രോസ് ഓട്ടോമാറ്റിക്. ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്ന സെഗ്മെന്റിലെ ആദ്യത്തെ വാഹനമായും ഇത് മാറും.

◼️ഭാവിതലമുറയുടെ ഭാവിയെക്കുറിച്ച് വല്ലാതെ കലമ്പുന്ന ഒരമ്മ മനസ്സില്‍ അനുരണനമാണ് ഈ നോവല്‍ എന്നു വളരെ കൃത്യമായി നിരീക്ഷിക്കുന്നാവുന്നതാണ്. 'കാലം കാത്തിരിക്കുന്നു'. കെ. മീനാക്ഷി. ഗ്രാന്‍ഡ് ബുക്സ്. വില 180 രൂപ.

◼️ആരോഗ്യത്തിന് ചില ചെറിയ ഭക്ഷണങ്ങങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരത്തില്‍ ഒന്നാണ് എള്ള്. രണ്ടു തരം എള്ളാണ് ഉള്ളത് കറുത്ത എളളും ബ്രൗണ്‍ നിറത്തിലുള്ളതും. കറുത്ത എള്ളാണ് കൂടുതല്‍ നല്ലതെന്ന് പറയാം. കാരണം ഇതില്‍ അയേണ്‍ കൂടുതലാണ്. എള്ള് കുതിര്‍ത്ത് കഴിക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് നല്ലത്. എള്ളില്‍ ഫാറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ഇതേ രൂപത്തില്‍ എത്തുന്നത് മറ്റു പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസമായി നില്‍ക്കുന്നു. എള്ള് കുതിര്‍ത്തു കഴിയുമ്പോള്‍ ഇതിലെ ഫൈററിക് ആസിഡ് നീങ്ങുന്നു. ഇതാണ് ഇത് കുതിര്‍ത്ത് കഴിക്കണം എന്നു പറയുന്നതിന്റെ കാര്യം. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ എള്ളിനൊപ്പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഇതില്‍ ധാരാളമുണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദ സാദ്ധ്യത കുറയ്ക്കാനും എള്ള് ഉത്തമം. കാല്‍സ്യം, സിങ്ക് ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്. എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണിത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 75.76, പൗണ്ട് - 101.53, യൂറോ - 84.07, സ്വിസ് ഫ്രാങ്ക് - 82.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.42, ബഹറിന്‍ ദിനാര്‍ - 200.96, കുവൈത്ത് ദിനാര്‍ -249.82, ഒമാനി റിയാല്‍ - 196.76, സൗദി റിയാല്‍ - 20.19, യു.എ.ഇ ദിര്‍ഹം - 20.63, ഖത്തര്‍ റിയാല്‍ - 20.81, കനേഡിയന്‍ ഡോളര്‍ - 60.06.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post