പണിമുടക്കിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം; പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു, തലസ്ഥാനത്ത് പെട്രോള്‍ പമ്ബ് തകര്‍ത്തു


കൊച്ചി: ദ്വിദിന പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി. എറണാകുളം ജില്ലയില്‍ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ പണിമുടക്ക് അനുകൂലികള്‍ മ‌ര്‍ദ്ദിച്ചു.
പണിമുടക്ക് ദിവസവും ജോലിക്കെത്തിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ മനോജ് ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ സമരാനുകൂലികള്‍ എത്തി മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് കാവലില്‍ ഇദ്ദേഹം ജോലി നോക്കവെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്ന് നാട്ടുകാര്‍ക്കും പരിക്കുണ്ട്. കോതമംഗലം പൊലീസ് സംഭവത്തില്‍ കേസെടുത്തു.
തിരുവനന്തപുരത്ത് മംഗലപുരത്തും സമരാനുകൂലികളുടെ അക്രമമുണ്ടായി. രാവിലെ തുറന്നുപ്രവര്‍ത്തിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്ബില്‍ എത്തിയ സമരാനുകൂലികള്‍ പമ്ബ് അടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ ഒരുവിഭാഗം പമ്ബില്‍ തന്നെ തുടര്‍ന്നു. ഇവര്‍ക്ക് പിന്നാലെയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിലവില്‍ പമ്ബിലുള‌ളവര്‍ക്ക് ഇന്ധനം നല്‍കാനും സമരക്കാരെ തങ്ങള്‍ പ്രതിരോധിക്കുമെന്നും അറിയിച്ചു. ഓഫാക്കിയ പമ്ബിലെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നതിനിടെ സമരക്കാര്‍ വീണ്ടും വരികയും പമ്ബില്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.
തൃശൂര്‍ സ്വരാജ് റൗണ്ടിലും രാവിലെ സമരാനുകൂലികള്‍ വാഹനം തടഞ്ഞത് പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളികളെ പിന്‍വലിച്ചത്.

Post a Comment

Previous Post Next Post