യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു


ന്യൂഡൽഹി: യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റതായി കേന്ദ്ര ​ഗതാ​ഗത, സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വി.കെ സിങ്. കിയവിൽ നിന്ന് വരുന്നതിനിടെയാണ് വെടിയേറ്റത്. വെടിയേറ്റതോടെ പാതി വഴിയിൽ നിന്ന് തിരിച്ചുകൊണ്ടുപോയെന്നും വി.കെ സിങ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പാതി വഴിയിൽ നിന്നും വിദ്യാർത്ഥിയെ തിരിച്ചുകൊണ്ടുപോയെന്നാണ് ലഭിച്ച വിവരമെന്നും പോളണ്ടിൽ നിന്ന് വി.കെ സിങ് എ.എൻ.ഐയോട് പറഞ്ഞു. വെടിയേറ്റ വിദ്യാർഥിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

യുക്രൈനിലെ റഷ്യൻ ആക്രമണം ഒമ്പതാം ദിനവും തുടരുകയാണ്. യുക്രെയ്നിലെ ആണവനിലയം റഷ്യൻ സേന ആക്രമിച്ചെന്ന് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു.

ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരിക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.

അതേസമയം, റഷ്യഷ്യ-യുക്രെയ്ൻ രണ്ടാംഘട്ട ചർച്ച തുടങ്ങി. ബെലറൂസ്-പോളണ്ട് അതിർത്തി നഗരമായ ബ്രസ്റ്റിലാണ് ചർച്ച നടക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഒന്നാംഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ വീണ്ടും സമാധാന പുനസ്ഥാപനത്തിനായി ഒന്നിച്ചിരിക്കുന്നത്. 

Post a Comment

Previous Post Next Post