പ്രധാന വാർത്ത

2022 | മാർച്ച് 3 | വ്യാഴം | 1197 | കുംഭം 19 | പൂരുരൂട്ടാതി
➖➖➖➖️➖️➖️➖️
🌀 *കിഴക്കന്‍ യുക്രെയിനിലെ ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കി*. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് പുടിന്‍ ആരോപിച്ചു. യുക്രൈന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കിയതുപോലെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുട്ടിനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഈ ആരോപണം.
🌀 *ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു*. ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശം പോലെ റഷ്യന്‍ പ്രദേശത്ത്‌നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

🌀 *യുക്രൈന്‍ - റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്*. പോളണ്ട് - ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.


🌀 *സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിനെതിരേ രൂക്ഷവിമര്‍ശനം*. ചില പൊലീസുകാര്‍ ഇടതുനയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരിനെ മോശമാക്കുന്നുവെന്നുമാണ് ആരോപണം. ക്രമസമാധാനപാലനത്തിലും വീഴ്ചയുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പൊലീസ് കൊലയാളികള്‍ക്കൊപ്പമാണെന്നും വിമര്‍ശനമുയര്‍ന്നു.

🌀 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ ലോകായുക്തയില്‍ ഇന്നും വാദം തുടരും*. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ധനസഹായം അനുവദിച്ചതെന്നും സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

🌀 *ഉന്നത വിദ്യാഭ്യാസ രംഗത്തും വ്യവസായിക രംഗത്തും സ്വകാര്യ നിക്ഷേപം വേണമെന്നു നിര്‍ദേശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള നയരേഖ പാര്‍ട്ടി നയം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍*. നവകേരളരേഖയ്ക്ക് എതിരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മില്‍ നയപരമായ ഭിന്നതകളില്ലെന്നും കോടിയേരി.


🌀നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്ന ഒരു മാസത്തെ സമയപരിധി മാര്‍ച്ച് ഒന്നാം തീയതിയോടെ അവസാനിച്ചിരുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചേക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സാവകാശംകൂടി വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിട്ടുണ്ട്.

🌀സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എന്‍ഐഎ രേഖപ്പെടുത്തി. ജയില്‍ മോചിതയായശേഷം സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്. എന്‍ഫോഴ്സ്മെന്റും മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സ്വപ്നയുടെ അപേക്ഷയനുസരിച്ച് മാറ്റിവയ്ക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ശിവശങ്കറിനെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല.

🌀ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം പുറത്തറിയാന്‍ വൈകിയതിനു പിന്നില്‍ ഗൂഢാലോചന നടന്നെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്. എംഎല്‍എയുടെ നേതൃത്വത്തിലാണ് ഗൂഡാലോചന നടന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ ഗൂഡാലോചനയുടെ ഭാഗമായി. അഡ്മിറ്റാകുമ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്ന ദീപു മരണശേഷം പൊസീറ്റിവായതില്‍ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🌀യുക്രെയിനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെയെല്ലാം തിരികെയെത്തിക്കാന്‍ റഷ്യ വഴി വേഗത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. യുദ്ധ മേഖലയില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ക്കു പുറത്തുവരാന്‍ സുരക്ഷിതപാത ഒരുക്കണമെന്നും ഇതിനായി റഷ്യന്‍ ഭരണ നേതൃത്വവുമായി ധാരണയുണ്ടാക്കണണെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

🌀യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയോട് എറണാകുളം ജില്ലാ കമ്മിറ്റി. റഷ്യയുടെ 'സൈനികനടപടി' തെറ്റാണെന്നും, എന്നാല്‍ നാറ്റോ വിപുലീകരണം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിലപാട്. യുക്രെനില്‍ റഷ്യയുടെ അധിനിവേശം എന്നു പറയാന്‍ സിപിഎം മടിക്കുന്നതെന്തിനെന്നാണു വിമര്‍ശനം. ഇതുമൂലം പാര്‍ട്ടിയ്ക്കുള്ളിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാണിച്ചു.  

🌀സുല്‍ത്താന്‍ബത്തേരിയിലെ ഹോംസ്റ്റേയില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ പ്രകാശ്-രമണി ദമ്പതികളുടെ മകന്‍ നിഖില്‍ (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളേംകുന്നില്‍ ബാലന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

🌀കരിമണ്ണൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍. സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നു പൊലീസ് അറിയിച്ചു.

🌀ദുബൈയില്‍ മരിച്ച വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (20) മൃതദേഹം ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിക്കും. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ചയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.

🌀പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേ കൊവിഡ് ആനുകൂല്യത്തോടെ പരോളിലിറങ്ങിയ വെട്ടിയാര്‍ കല്ലിമേല്‍ വരിക്കോലേത്ത് എബനേസര്‍ വീട്ടില്‍ റോബിന്‍ ഡേവിഡ് (30) ആണ് അറസ്റ്റിലായത്. 2015 ലെ ഡെസ്റ്റമണ്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയാണിയാള്‍.

🌀സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചു. വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

🌀ഇരുപത് എല്‍എസ്ഡി സ്റ്റാമ്പുകളുമായി കളമശ്ശേരി കുസാറ്റിലെ അവസാന വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജഗത്റാം ജോയി എക്സൈസിന്റെ പിടിയിലായി. പാരഡൈസ് 650 എന്ന ഇനം മയക്കുമരുന്നു സ്റ്റാമ്പുകളാണ് തിരുവന്തപുരം വര്‍ക്കല സ്വദേശി ജഗത്റാമില്‍നിന്ന് പിടിച്ചെടുത്തത്.

🌀കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. റെഡിറ്റ് എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെയാണു യുവതിയുടെ ആരോപണം.

🌀മലപ്പുറം ചുങ്കത്തറയില്‍ മധ്യവയസ്‌കയായ കാമുകിയെ വെട്ടി പരിക്കേല്‍പിച്ച് അറുപതുകാരനായ കാമുകന്‍ ആത്മഹത്യക്കു ശ്രമിച്ചു. ചുങ്കത്തറ സ്വദേശി ശാന്തകുമാരിയെ വെട്ടിയ ശേഷം അഷറഫാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാന്തകുമാരിയെ ദേഹോപദ്രവം ഏല്‍പിച്ചതിനെതിരേ എടക്കര പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിനാണ് അഷറഫ് വെട്ടിയത്.

🌀കാസര്‍കോട് ഒരേ സ്‌കൂളിലെ ഏഴു വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ടു പൊലീസ് സ്റ്റേഷനുകളിലായി ഏഴു പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കൗണ്‍സിലിങ്ങിനിടയിലാണ് കുട്ടികള്‍ വെളിപ്പെടുത്തിയത്. നാലു പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

🌀നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ദമ്മാം എയര്‍പ്പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശുര്‍ പൂങ്കുന്നം നെല്ലിപ്പറമ്പില്‍ ഗിരീഷിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.

🌀കൂടത്തായിയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലണ്ടറുകള്‍ താലൂക്ക് സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടി. കൂടത്തായി പൂവ്വോട്ടില്‍ അബ്ദുറഹ്‌മാന്റെ വീട്ടില്‍നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള ഒമ്പത് സിലണ്ടറുകളും ഗാര്‍ഹിക ഉപയോഗത്തിനായുള്ള മൂന്നു സിലണ്ടറുകളുമടക്കം 12 സിലണ്ടറുകളാണ് പിടികൂടിയത്.

🌀എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ മാര്‍ച്ച് 22 ന് നടക്കും. വിശദവിവരങ്ങള്‍ പരീക്ഷ ഭവന്‍ വെബ്സൈറ്റില്‍.

🌀തമിഴ് നടി അകില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍. അഭിഭാഷകയായാണ് അകില നിയമിതയായത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരിയാണ് അകില. യുഎസ് ആര്‍മിയിലെ കോംബാറ്റ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയാണ് അകില ചുമതലയേറ്റത്.

🌀ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്ന്. പത്തു ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വാമി പ്രസാദ് മൗര്യ, അജയ് കുമാര്‍ ലല്ലു എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും. അവസാനഘട്ട വോട്ടെടുപ്പ് ഏഴാം തീയതിയാണ്. അഞ്ചു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ പത്താം തീയതി നടക്കും.

🌀ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പന വൈകിയേക്കും. റഷ്യ യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഓഹരി വിപണി തകര്‍ന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ ഐപിഒ നീട്ടിവക്കാന്‍ ആലോചിക്കുന്നത്. പുനരാലോചന നടത്തേണ്ടിവരുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്.

🌀യുക്രെയിനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മടങ്ങിയെത്തിയ 211 ഇന്ത്യക്കാരെ സ്വീകരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. യുക്രെയിനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

🌀യുക്രെയിനിലെ രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എത്രപേര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അവരെ തിരിച്ചെത്തിക്കാന്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ചെയ്യുന്നത്. ഇതുവരെ എത്ര വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കണം. മേഖലകള്‍ തിരിച്ചു രക്ഷാദൗത്യ പദ്ധതി വേണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

🌀മധ്യ-പടിഞ്ഞാറന്‍ യുക്രൈനിലെ വിനിത്സിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി രോഗബാധിതനായി മരിച്ചു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാല്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. വിനിത്സിയയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്നു ചന്ദന്‍ ജിന്‍ഡാല്‍. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വിനിത്സിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

🌀പതിനേഴായിരം ഇന്ത്യക്കാര്‍ യുക്രെയിന്‍ വിട്ടുപോയെന്നും തലസ്ഥാനമായ കീവില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. കീവില്‍നിന്നും കര്‍കീവില്‍നിന്നും എല്ലാവരോടും ഒഴിഞ്ഞുപോകണമെന്ന് റഷ്യ അന്ത്യശാസനം നല്‍കി. ഇന്ത്യന്‍ എംബസിയും ഉടനേ സ്ഥലംവിടണമെന്ന് ആവശ്യപ്പെട്ടു. ഈ മേഖലയില്‍ റഷ്യ കൂടുതല്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് വിവരം. പ്രാദേശികസമയം ആറു മണിക്കു മുമ്പ് ഖാര്‍കീവ് വിടണമെന്നാണ് നിര്‍ദേശം.

🌀യുക്രൈനിലെ സൈനിക നീക്കത്തില്‍നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നു. അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്.

🌀യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ റഷ്യന്‍ നീക്കം. റഷ്യന്‍ അനുകൂലിയായ യുക്രൈന്‍ മുന്‍ പ്രസിഡന്റ് യാനുക്കോവിച്ചിനെ പ്രസിഡന്റാക്കാനാണ് പരിപാടി.

🌀യുദ്ധവുമായി മുന്നേറുന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സ്വന്തം കുടുംബത്തെ സൈബീരിയയിലെ ഒരു ഭൂഗര്‍ഭ അറയിലേക്കു മാറ്റിയെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് യുദ്ധത്തിനിറങ്ങിയതെന്നാണ് റഷ്യയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഡോ. വലേറി സൊളോവിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തത്.

🌀റഷ്യന്‍ പട്ടാളത്തിന് ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നു പരാതി. കൊടും തണുപ്പില്‍ വെള്ളവും ഭക്ഷണവും കിട്ടാത്ത റഷ്യന്‍ പട്ടാളം മേലധികാരികളുടെ ആക്രമണ ഉത്തരവുകള്‍ നടപ്പാക്കാതെ സൈനിക മേലധികാരികളോടു ക്ഷുഭിതരായി പരാതിപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സൈനികരുടെ റേഡിയോ സന്ദേശങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കൈയിലെത്തിയത്.

🌀ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ഒന്നിനെതിരേ മൂന്നു ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് സെമി പ്രതീക്ഷ സജീവമാക്കി. നിലവില്‍ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. ഇനി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ സമനില നേടിയാലും കേരളാ ടീമിന് സെമിയിലെത്താം.

🌀വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയേയും അജിങ്ക്യ രഹാനയേയും ബിസിസിഐ കരാര്‍ പട്ടികയില്‍ തരം താഴ്ത്തി. മോശം ഫോമില്‍ തുടരുന്ന ഇരുവരേയും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്കാണ് തരംതാഴ്ത്തിയത്. പരിക്കിന്റെ പിടിയിലായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഗ്രേഡിങ്ങില്‍ ഇടിവ് സംഭവിച്ചു. എ ഗ്രേഡില്‍ നിന്ന് സി ഗ്രേഡിലേക്കാണ് ഹാര്‍ദികിനെ തരംതാഴ്ത്തിയത്.

🌀കേരളത്തില്‍ ഇന്നലെ 36,747 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 21,664 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 6,158 കോവിഡ് രോഗികള്‍. നിലവില്‍ 74,458 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.14 കോടി കോവിഡ് രോഗികള്‍.

🌀രാഘവ് ബല്‍ന്റെ ക്വിന്റിലോണ്‍ ബിസിനസ് മീഡിയയില്‍ ഓഹരികള്‍ സ്വന്തമാക്കി ഗൗതം അദാനി. ഇതോടെ മാധ്യമ മേഖലയിലേക്കും ചുവടുറപ്പിച്ചിരിക്കുകയാണ് അദാനി. ബിഎസ്സിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ക്വിന്റ് ഡിജിറ്റല്‍ മീഡിയയുടെ ഒരു സഹോദര സ്ഥാപനമായ ക്യൂബിഎമ്മില്‍ എത്ര രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്, എത്ര ഓഹരികളാണ് തുടങ്ങിയ വിവരങ്ങളൊന്നും ഇരുകക്ഷികളും പുറത്തുവിട്ടിട്ടില്ല. അദാനി ഓഹരി വാങ്ങിയ ഉടന്‍ തന്നെ ക്യൂബിഎമ്മിന്റെ അധീനതയിലുള്ള പ്രമുഖ അമേരിക്കന്‍ മീഡിയയായ ബ്ബുംബര്‍ഗുമായി ചേര്‍ന്നുള്ള ബ്ലുംബര്‍ഗ് ക്വിന്റില്‍ നിന്ന് വിട്ടൊഴിഞ്ഞു. നേരത്തെ ക്യൂബിഎമ്മിന്റെ പ്രസിഡന്റായിരുന്നു പ്രമുഖ പത്രപ്രവര്‍ത്തകനായ സഞ്ജയ് പുഗാലിയയെ കഴിഞ്ഞ സെപ്തംബറില്‍ തങ്ങളുടെ മാധ്യമ കമ്പനിയിലേക്ക് അദാനി ഏറ്റെടുത്തിരുന്നു.

🌀കഴിഞ്ഞ വര്‍ഷം ലോകത്ത് അതിസമ്പന്നരുടെ എണ്ണം 9.3 ശതമാനം ആണ് വര്‍ധിച്ചത്. 51,000ല്‍ അധികം പേരാണ് തങ്ങളുടെ സമ്പാദ്യം 30 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ആയി ഉയര്‍ത്തിയത്. അതി സമ്പന്നരുടെ വളര്‍ച്ചയില്‍ ഇന്ത്യ ആഗോള വര്‍ധനവിനെ മറികടന്നു. 2021ല്‍ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ ആഢംബര ഭവനങ്ങളുടെ വിലയിലും 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തി. ആഢംബര താമസ മേഖലകളുടെ വിലയില്‍ ആഗോള തലത്തില്‍ ബെംഗളൂരുവും മുംബൈയും യഥാക്രമം 91, 92 സ്ഥാനങ്ങളിലാണ്. ലോകത്തെ ശതകോടീശ്വരന്മാരില്‍ 36 ശതമാനവും ഏഷ്യക്കാരാണ്.

🌀പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോടികളായി എത്തുന്ന ആസ്ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ട്രെയ്‌ലര്‍ പുറത്ത്. കാലവും പ്രണവും തമ്മില്‍ പോരാട്ടം എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 11ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 1970കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി ഒരുക്കിയ പ്രണയ ചിത്രം നിരവധി സസ്പെന്‍സ് നിറഞ്ഞതാണ്. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകറാണ്.

🌀ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം 'പത്താന്റെ' ടീസറും റിലീസ് തിയതിയും പുറത്തുവിട്ടു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോള്‍ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാന്‍ നടന്നു വരുന്നതും ടീസറില്‍ കാണാം. സല്‍മാന്‍ ഖാനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

🌀രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പുതിയ സ്‌കൂട്ടറായ എഡ്ഡി പുറത്തിറങ്ങി. വരുന്ന മാസങ്ങളില്‍ രാജ്യത്തെ വിവിധ ഷോറൂമുകളിലൂടെ വാഹനം വിപണിയിലെത്തുമെന്ന് ഹീറോ ഇലക്ട്രിക്ക് അറിയിച്ചു. മഞ്ഞ, ഇളം നീല എന്നീ നിറങ്ങളിലെത്തുന്ന എഡ്ഡി, 72,000 രൂപ എക്സ് ഷോറൂം വില നല്‍കിയാല്‍ പുറത്തിറക്കാന്‍ സാധിക്കും. വാഹനത്തിന് ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ലെന്ന് ഹീറോ ഇലക്ട്രിക്ക് അറിയിച്ചു. വാഹനം ഓടിക്കാന്‍ ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമില്ലാതെ സ്ഥിതിക്ക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്രറില്‍ താഴെ മാത്രമായിരിക്കും.

🌀ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മറ്റേതൊരു ധ്യാന രീതിയേക്കാളും ഉപരിയായി ബോധപ്രാപ്തരാക്കുവാന്‍ സഹായിച്ചത് വിപസ്സനയാണ്. കാരണം ഇതാകുന്നു മുഴുവന്‍ സത്തയും. ഒരു ചെറിയ കുട്ടികള്‍ക്ക് പോലും ചെയ്യാന്‍ കഴിയുന്നത്ര ലളിതമായൊരുകാര്യമാണ് വിപസ്സന്ന. നിങ്ങളെക്കാള്‍ നന്നായി കുട്ടികള്‍ അത് ചെയ്യും . എന്തുകൊണ്ടെന്നാല്‍ അവന്റെ മനസ്സ് ഇതുവരെയും മാലിന്യങ്ങളാല്‍ നിറയ്ക്കപ്പെട്ടിട്ടില്ല. ഇപ്പോഴും അവന്‍ ശുദ്ധനും നിഷ്‌കളങ്കനുമാണ്. 'വിപസ്സന'. ഓഷോ. സൈലന്‍സ് ബുക്സ്. വില 198 രൂപ.

🌀പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് പെരുംജീരകം. മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതില്‍ പെരുംജീരകം പ്രധാന പങ്കുവഹിക്കുന്നു. കാന്‍സര്‍ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ 'അനെത്തോള്‍' എന്ന സംയുക്തം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്നും പഠനങ്ങള്‍ പറയുന്നു. പെരുംജീരകത്തിലെ അനെത്തോള്‍ എന്ന സംയുക്തം മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പെരുംജീരകത്തില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഈ പോഷകം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. പെരുംജീരകം ചായ ദഹനനാളത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണെന്നും ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ദഹനപ്രശ്നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ സഹായിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഈ ചായ നല്ലതാണ്. പെരുംജീരകം ആസ്ത്മ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം. ഈ ചായ കുടിക്കുന്നത് ആര്‍ത്തവ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post