യുക്രെയ്നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു; പഞ്ചാബ് സ്വദേശി മരിച്ചത് പക്ഷാഘാതത്തെ തുടര്‍ന്ന്

കീവ്: യുക്രെയ്നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി ഇന്ന് മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലിരിക്കെയാണ് പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ (22) മരിച്ചത്.അസുഖബാധിതനായി വിനിസിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ചന്ദന്‍ ജിന്‍ഡാല്‍. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ് ചന്ദന്‍.

വിനിസിയയിലെ നാഷണല്‍ പൈറോഗോവ് മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദന്‍. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചന്ദന്റെ പിതാവ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കര്‍ണാടക സ്വദേശി നവീന്‍ റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് യുക്രെയ്നിലെ ഹാര്‍കീവില്‍ വെച്ച്‌ കൊല്ലപ്പെട്ടിരുന്നു.

യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തില്‍ (Russian Attack in Ukraine) ആദ്യമായി ഒരു ഇന്ത്യന്‍ പൗരന് ജീവന്‍‌ നഷ്ടപ്പെട്ടതായി സ്ഥിരീകരണം. ഇന്ത്യന്‍ വിദ്യാര്‍‌ഥിയാണ് ഖാര്‍കിവ് (Kharkiv) നഗരത്തില്‍ നടന്ന റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കര്‍ണ്ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ് ജിയാണ് (21) കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍‌. ഇന്നലെ രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്ബോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

''ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു''- വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ഖാര്‍കിവിലും മറ്റ് സംഘര്‍ഷ മേഖലകളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായി രാജ്യം വിടാന്‍ അടിയന്തരമായി സൗകര്യമൊരുക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ട് റഷ്യയിലെയും യുക്രെയ്‌നിലെയും അംബാസഡര്‍മാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അരിന്ദം ബാഗ്ചി അറിയിച്ചു.

റഷ്യന്‍ സൈന്യം യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വന്‍ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കീവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച്‌ നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കീവ് ലക്ഷ്യമിട്ട് റഷ്യ വന്‍ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 64 കിലോമീറ്റര്‍ നീളത്തില്‍ റഷ്യന്‍ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post