പ്രധാന വാർത്തകൾ


പ്രഭാത വാർത്തകൾ
2022 | മാർച്ച് 28 | തിങ്കൾ |

◼️കെ റെയില്‍ സര്‍വേക്കല്ലിടലിനു സര്‍ക്കാര്‍ നിയമസാധുത നല്‍കി. കെ റെയില്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാന്‍ സര്‍വേ നടത്തി അതിരടയാളം സ്ഥാപിക്കണമെന്നു കാണിച്ചു സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെയാണ് നിയമസാധുതയായത്. സ്വകാര്യ ഭൂമി കൈയേറി കല്ലിടുന്നതിനെതിരേ നിരവധി പേര്‍ കോടതിയെ സമീപിച്ചിരിക്കേയാണ്, സര്‍വേക്കല്ലിടല്‍ നിയമപ്രകാരമാണെന്നു വ്യക്തമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. കല്ലിടുന്നതു സ്ഥലം ഏറ്റെടുക്കാനാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും കല്ലിടല്‍ ശക്തമായി തുടരുമെന്നാണു സര്‍ക്കാര്‍ നല്‍കുന്ന സൂചന.

◼️രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇരുപതു ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങള്‍ ഓടില്ല. കടകമ്പോളങ്ങള്‍ തുറക്കില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല. തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം.

◼️പൊതുപണിമുടക്കിനു പിറകേ, ഏപ്രില്‍ രണ്ടിനു രാജ്യവ്യാപക പ്രതിഷേധദിനം. ഇന്ധന വിലവര്‍ധനയക്കെതിരേ സിപിഎമ്മാണ് പ്രതിഷേധദിനം ആചരിക്കുന്നത്. പെട്രോളിയം സെസ് പിന്‍വലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കാഷ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ കേന്ദ്ര സര്‍ക്കാരും ബിജെപിയും വര്‍ഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനും ശ്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു.

◼️പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.63 രൂപയും ഡീസലിന് 95.86 രൂപയുമാകും. ഒരാഴ്ചകൊണ്ട് അഞ്ചു രൂപയോളമാണ് വര്‍ധിപ്പിച്ചത്.

◼️ബസ് ചാര്‍ജ് വര്‍ധന നേരത്തെ അംഗീകരിച്ചതായിരുന്നെന്നും ബസ് ഉടമകള്‍ക്ക് പുതുതായി ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകള്‍ അനാവശ്യമായി സമരത്തിലേക്ക് എടുത്തു ചാടിയതാണ്. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ മുപ്പതിന് എല്‍ഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

◼️മണ്ണാര്‍കാട് ആനമൂളിയില്‍ ബാലന്‍ എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതിനു സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ അറസ്റ്റു ചെയ്തു. വനത്തോടുചേര്‍ന്ന പുഴയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിയുടെ ഭാഗത്തും കൈയ്ക്കും വെട്ടേറ്റിരുന്നു. കൂട്ടുകാരായിരുന്ന ഇവര്‍ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും ഒന്നിച്ചു കാട്ടില്‍ പോയി തേനെടുത്തിരുന്നു. തേന്‍ വിറ്റുകിട്ടിയ പണംകൊണ്ടാണു മദ്യം വാങ്ങിക്കുടിച്ചത്.  

◼️കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിനു സമീപം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശി റിജേഷിനു (32) കുപ്പികൊണ്ടു കുത്തേറ്റു.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഇന്നു ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചതായിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാല്‍ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഫോണുകള്‍ പരിശോധിച്ചു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

◼️ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 39 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. അരൂര്‍ ചന്തിരൂര്‍ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിന്‍ എന്നിവരാണ് പിടിലായത്.

◼️സിറോ മലബാര്‍ സഭയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയെ സമീപിച്ചു. സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാക്കനാട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◼️കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍- ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്.

◼️വയനാട്ടിലെ തിരുനെല്ലിയില്‍ കാട്ടാന കാറിനു മുന്നിലേക്കു പാഞ്ഞടുത്തു. രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന പക്ഷേ, ആക്രമിക്കാതെ പിന്‍വാങ്ങി. ഭാഗ്യംകൊണ്ടാണ് കാറിലുണ്ടായിരുന്ന അപ്പപ്പാറ സ്വദേശി സുധീഷും അയല്‍ക്കാരായ സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത്. നിലവിളിക്കാതെയും ആനയെ പ്രകോപിപ്പിക്കാതെയും സംയമനം പാലിച്ചതോടെയാണ് ആന പിന്മാറിയത്.

◼️തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പിടിയിലായി. അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍നിന്നു എട്ടു ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന അരുണ്‍ എന്നയാളാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

◼️ഇന്ത്യയുടെ സമുദ്ര ഗവേഷണ പദ്ധതി സമുദ്രയാന്റെ ജലവാഹന പരീക്ഷണം വിജയകരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ ഡയറക്ടര്‍ ജി എ രാംദാസും രണ്ടു മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി പരീക്ഷണ വാഹനം വെള്ളത്തില്‍ ഏഴു മീറ്റര്‍ താഴ്ചയില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ടു. സമുദ്രപര്യവേഷണവും കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവുമാണ് സമുദ്രയാന്റെ ലക്ഷ്യം.

◼️പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊല കേസില്‍ തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്റിനെ സിബിഐ ചോദ്യം ചെയ്തു. ബിജെപിയുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം പോകുന്നതെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

◼️ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. അക്രമി നിതീഷ് കുമാറിനെ പിന്നില്‍നിന്ന് അടിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വേദിയിലെത്തിയ അക്രമി അടിക്കുകയായിരുന്നു. പ്രതിയെ കൈയോടെ അറസ്റ്റു ചെയ്തു.

◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് രാജ്സ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഉള്‍പെടെ അഞ്ചു പേര്‍ക്കെതിരേ കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ദൗസ ജില്ലയിലുണ്ടായ സംഭവത്തില്‍ പ്രതികളെ ഉടനേ അറസ്റ്റു ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ രാജസ്ഥാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

◼️അവിശ്വാസപ്രമേയത്തിനു തലേന്ന് വന്‍ ശക്തിപ്രകടനം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിദേശപണം ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് റാലി ഉദ്ഘാടനം ചെയ്ത ഇമ്രാന്‍ ആരോപിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദിലാണ് പാകിസ്ഥാന്‍ തെഹ്രീക്-എ-ഇന്‍സാഫ് പാര്‍ട്ടി വന്‍ റാലി നടത്തിയത്.

◼️യുക്രെയിനില്‍ ഒരു റഷ്യന്‍ ജനറല്‍കൂടി കൊല്ലപ്പെട്ടു. യുക്രെയിനിലെ കെഴ്സണിനടുത്തു നടന്ന ആക്രമണത്തിലാണ് ലെഫ്റ്റനന്റ് ജനറല്‍ യാക്കോവ് റെസാന്റ്സെവ് കൊല്ലപ്പെട്ടത്. റഷ്യയുടെ 49 ാം കംപയിന്റ് ആര്‍മി കമാന്‍ഡറായിരുന്നു. യുക്രെയിനില്‍ കൊല്ലപ്പെടുന്ന ഏഴാമത്ത റഷ്യന്‍ ജനറലാണ് ഇദ്ദേഹം.

◼️യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 1,119 സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ്. 1,790 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 99 പേര്‍ കുട്ടികളാണ്.

◼️ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍നിന്ന് ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവച്ചു. 15 വര്‍ഷമായി ബാങ്കിന്റെ മേധാവിയായിരുന്നു അദ്ദേഹം. 2002 ല്‍ ഡെപ്യൂട്ടി സിഇഒ ആയാണ് അദ്ദേഹം ദോഹ ബാങ്കിലെത്തിയത്. 2007 സെപ്തംബര്‍ മുതല്‍ ബാങ്കിന്റെ സിഇഒ ആയിരുന്നു ആര്‍ സീതാരാമന്‍.

◼️ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. 178 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 10 പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ലളിത് യാദവും അക്ഷര്‍ പട്ടേലുമാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്.

◼️ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ജയിച്ചുകയറിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടക്കുകയായിരുന്നു.

◼️കേരളത്തില്‍ ഇന്നലെ 14,913 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,833 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,198 കോവിഡ് രോഗികള്‍. നിലവില്‍ 32,209 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.95 കോടി കോവിഡ് രോഗികളുണ്ട്.

◼️പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടല്‍ യാത്രയുടെ ഇന്ത്യന്‍ ഉപസ്ഥാപനം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒ സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പര്‍ കമ്പനി, സെബിക്ക് സമര്‍പ്പിച്ചു. 1000 കോടിയോളം രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് യാത്ര ലക്ഷ്യമിടുന്നത്. 750 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 8,896,998 ഓഹരികളുമാണ് വില്‍ക്കുന്നത്. 2016ല്‍ ന്യൂയോര്‍ക്കിലെ നാസ്ഡാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് യാത്ര ഓണ്‍ലൈന്‍ ഇങ്ക്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 118.6 കോടിയായിരുന്നു കമ്പനിയുടെ നഷ്ടം. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍വരെയുള്ള ആറുമാസത്തെ കണക്കുകള്‍ പ്രകാരം 19 കോടിയാണ് യാത്രയുടെ നഷ്ടം. 89.4 കോടിയായിരുന്നു ഇക്കാലയളവിലെ വരുമാനം.

◼️ഫാക്ടറി തൊഴിലാളികള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന നിയോ ബാങ്ക് അവെയ്ല്‍ ഫിനാന്‍സ് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ മൊബിലിറ്റി സ്ഥാപനമായ ഒല ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ഒല ഫിനാന്‍ഷ്യലിന് കീഴില്‍ മൊബിലിറ്റി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക സേവന ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഫിന്‍ടെക് മേഖലയിലേക്കുള്ള ഒലയുടെ കടന്നുവരവിലെ ഒരു പ്രധാന ചുവടുവെയ്പ്പാണ് ഈ ഏറ്റെടുക്കല്‍. ഈ വിപുലീകരണത്തോടെ, ഒലയ്ക്ക് അതിന്റെ ഡ്രൈവര്‍-പാര്‍ട്ട്ണറുകളിലേക്ക് ഒന്നിലധികം വായ്പാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും. ഒല അടുത്തിടെ ഏകദേശം 800 കോടി രൂപ സാമ്പത്തിക സേവന ബിസിനസില്‍ നിക്ഷേപിച്ചു. കമ്പനി അതിന്റെ നാല് കോടി ഉപഭോക്താക്കള്‍ക്ക് ബൈ നൗ പേ ലേറ്റര്‍ സേവനമായ ഒല പോസ്റ്റ്‌പെയ്ഡ് വാഗ്ദാനം ചെയ്യുന്നു.

◼️സംവിധായകന്‍ മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത 'വെള്ളരിക്കാപ്പട്ടണം' പ്രേക്ഷകരിലേക്കെത്തുന്നു. ഏപ്രില്‍ 8 ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോനാണ് ചിത്രത്തിലെ നായകന്‍. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരും അഭിനയിക്കുന്നു.

◼️കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍. ചിത്രം ജൂണില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഈ അവസരത്തില്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും അതിഥി വേഷത്തിലലെത്തും. സിനിമയ്ക്കായി ഒരു ദിവസം കൊണ്ട് നടന്‍ തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ അവസാന ഭാഗങ്ങളിലായിരിക്കും ബച്ചന്‍ എത്തുക എന്ന് പറയപ്പെടുന്നു. ജൂണ്‍ മൂന്നിനാണ് വിക്രം റിലീസ് ചെയ്യുന്നത്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

◼️ട്രൂവ് മോട്ടോര്‍ അതിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് ഹൈപ്പര്‍-സ്‌പോര്‍ട്‌സ് സൂപ്പര്‍ബൈക്ക് അവതരിപ്പിച്ചു. പുതിയ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് വെറും മൂന്നു സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 200 കിലോമീറ്റര്‍ ആണ് വാഹനത്തിന്റെ പരമാവധി വേഗത. പുതിയ ട്രൂവ് മോട്ടോര്‍സൈക്കിള്‍ 2022-ന്റെ രണ്ടാം പകുതിയില്‍ ലോഞ്ച് ചെയ്യും. പ്രീ-ബുക്കിംഗുകളും ഉടന്‍ ആരംഭിക്കും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം.
◆◆◆◆◆◆◆◆◆◆◆◆◆

Post a Comment

Previous Post Next Post