പ്രധാന വാർത്തകൾ

2022 | മാർച്ച് 6 | ഞായർ | 1197 | കുംഭം 22 | അശ്വതി
◼️റഷ്യന്‍ വിമാനങ്ങള്‍ക്ക് യുക്രൈനു മുകളിലൂടെ പറക്കുന്നതിന് നാറ്റോ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ യുദ്ധം നാറ്റോയ്ക്കെതിരേ ആകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. നോ ഫ്ളൈ സോണ്‍ പ്രഖ്യാപിച്ചാല്‍ യുദ്ധത്തിന്റെ ഗതി മാറും. ഉപരോധ പ്രഖ്യാപനം ഒരു തരത്തില്‍ യുദ്ധപ്രഖ്യാപനം തന്നെയാണെന്നും പുടിന്‍ പറഞ്ഞു. യുക്രെയിനുമേല്‍ വിമാനനിരോധിത മേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അമേരിക്ക നിരസിച്ചിരുന്നു.

◼️എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരിക്കും. ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്തും. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂണ്‍ രണ്ടു മുതല്‍ 18 വരെയുള്ള തീയതിയില്‍ നടത്തും. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആയിരിക്കും. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. അധ്യാപകരുടെ പരിശീലന ക്യാംപുകള്‍ മെയ് മാസത്തില്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക്ക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

◼️യുക്രൈനില്‍നിന്ന് ഡല്‍ഹിയില്‍ എത്തി നാട്ടിലേക്കുള്ള വിമാനത്തിനായി 40 മലയാളി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കേണ്ടി വന്നത് 11 മണിക്കൂര്‍. പട്ടികയില്‍ പേരില്ലെന്ന കാരണം പറഞ്ഞാണ് പിആര്‍ഡി ഇവരെ മാറ്റി നിര്‍ത്തിയത്. അവശരായി യുക്രൈനില്‍ നിന്ന് എത്തിയ കുട്ടികള്‍ക്ക് കേരളാ ഹൗസിലേക്കും പ്രവേശനം കിട്ടിയില്ല. ഇവര്‍ക്കൊപ്പം എത്തിയ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അതാതു സര്‍ക്കാരുകള്‍ വിമാനത്തില്‍ കയറ്റി നാട്ടിലെത്തിച്ചിരുന്നു.

◼️ഓപ്പറേഷന്‍ ഗംഗയിലൂടെ ഇന്ന് 2600 പേരെ കൂടി ഇന്ത്യയിലെത്തിക്കും. 13 വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും. ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ തിരികെയെത്തിച്ചു.

◼️ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്റര്‍ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ പി.എസ് സുജേഷ് അറസ്റ്റില്‍. കൊച്ചി നഗരത്തില്‍നിന്നു തന്നെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സുഹൃത്തിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇന്നലെ വൈകുന്നേരം ഇന്‍ക്ഫെക്ടഡ് ടാറ്റുവില്‍ പോലീസ് പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ്ഡിസ്‌കും പിടിച്ചെടുത്തിരുന്നു.

◼️സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസിനാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരത്തിന് ഗായികകൂടിയായ ഡോ. വൈക്കം വിജയലക്ഷ്മി അര്‍ഹയായി. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം ഡോ. സുനിതാ കൃഷ്ണനും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധയും അര്‍ഹരായി.

◼️ഡിസിസി പുന:സംഘടന സംബന്ധിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ ഇന്നു വീണ്ടും ചര്‍ച്ച. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കാനാണ് കൂടിക്കാഴ്ച. ഒമ്പതു ജില്ലകളില്‍ ഇനിയും ധാരണയായിട്ടില്ല. സതീശനുമായുള്ള ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരന്‍ ചര്‍ച്ച നടത്തും. മറ്റന്നാള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ പങ്കെടുക്കുന്നതിനാല്‍ ചര്‍ച്ചയും പ്രഖ്യാപനവും വൈകാനും സാധ്യതയുണ്ട്.

◼️കോണ്‍ഗ്രസിലെ ഐക്യം ഗ്രൂപ്പ് വളര്‍ത്താനല്ലെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും. പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ഐക്യമെന്നു മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ആവശ്യം നേതാക്കള്‍ തമ്മിലുള്ള ഐക്യമാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങള്‍ പറഞ്ഞവസാനിപ്പിച്ചു. താനും മുരളീധരനും മാതൃകയാകുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ആശ്വാസകരമായ പാക്കേജാണ് നടപ്പാക്കുക. കോഴിക്കോട് സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.


◼️കെ. റെയില്‍ പ്രതിഷേധത്തിനിടെ പോലീസുദ്യോസ്ഥനെ അസഭ്യം പറഞ്ഞെന്നും ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വേക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്തുണയുമായി എത്തിയതായിരുന്നു എംപി.

◼️ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ നല്ലങ്കര സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ വിജയനാണ് മരിച്ചത്. എട്ടു വര്‍ഷം മുമ്പ് മൂത്ത മകന്റെ വിവാഹത്തിന് ഒല്ലൂക്കര സഹകരണ ബാങ്കില്‍നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖംമൂലം ജോലിക്കു പോകാന്‍ കഴിയാതായി. കോവിഡ് അടക്കമുള്ള പ്രതിസന്ധി മൂലം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശ്ശിക എട്ടര ലക്ഷമായി. ജപ്തി നോട്ടീസ് കിട്ടിയതോടെ വിജയന്‍ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.

◼️നിര്‍മാണം പുരോഗമിക്കുന്ന സ്വന്തം വീടിനു മുകളില്‍നിന്ന് കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ കെ ഡി മഹേശന്‍(52) ആണ് മരിച്ചത്.

◼️ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തിയെന്നാരോപിച്ച് രണ്ടു കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ - മെയില്‍ ചെയ്ത ഫോട്ടയ്ക്കൊപ്പമുള്ള സന്ദേശത്തില്‍ ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇ - മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

◼️രവീന്ദ്രന്‍ പട്ടയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേവികുളം താലൂക്ക് ഓഫിസില്‍ ഹിയറിംഗ് ആരംഭിച്ചു. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളിലെ പട്ടയ ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വിചാരണ നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വില്ലേജുകളില്‍ ഹിയറിംഗ് നടത്തും.

◼️കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ 15 പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ജാമ്യം കിട്ടി ഒരു വര്‍ഷത്തിനുശേഷമാണ് സിബിഐ മേല്‍ക്കോടതിയെ സമീപിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

◼️സിപിഎം കമ്മിറ്റികളില്‍ ഉള്‍പെടുത്താത്തതുമായി ബന്ധപ്പെട്ട് പി ജയരാജന്‍ സ്വന്തം നിലപാട് പറഞ്ഞിട്ടുണ്ടെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ''ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം'' എന്നു കോടിയേരി പ്രതികരിച്ചു. 'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ത്തന്നെ' എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

◼️തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്. രാവിലെ 11 ന് തിരുവനന്തപുരത്തെ എകെജി സെന്ററിലാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്.

◼️കോഴിക്കോട് വടകരയില്‍ കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടുവയസുകാരനെ മൂന്നര മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. ഗോസായികുന്ന് സ്വദേശി ഷാഫിയുടെ മകന്‍ ഷിയാസാണ് പന്തെടുക്കാനുള്ള ശ്രമത്തിനിടെ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടയില്‍ കുടങ്ങിയത്.

◼️രണ്ടാഴ്ച മുമ്പ് മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയുടെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ കുത്തിപൊളിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയിലായി. തൃശൂര്‍ അണ്ടത്തോട് ചെറായിതോട്ടുങ്ങല്‍ ഷജീര്‍ (37) നെയാണ് പോലീസ് പിടികൂടിയത്.

◼️ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ പവിത്രത കാത്തുസൂക്ഷിക്കുന്ന വസ്ത്രം ധരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ എല്ലാ ക്ഷേത്രങ്ങള്‍ക്ക് പൊതുവായ ഡ്രസ് കോഡ് നിര്‍ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ക്ഷേത്രത്തില്‍ എത്തുന്നവര്‍ ഡ്രസ് കോഡ് പാലിക്കണമെന്ന ബോര്‍ഡ് ക്ഷേത്രഭാരവാഹികള്‍ സ്ഥാപിക്കണം. തിരുച്ചി ശ്രീരംഗം സ്വദേശി രംഗരാജന്‍ നരസിംഹന്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി അധ്യക്ഷനായുള്ള ബഞ്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

◼️പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് ബംഗാള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ച വൈകുന്നേരം വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. മമത സഞ്ചരിച്ച വിമാന റൂട്ടിന് അനുമതി ലഭിച്ചിരുന്നോ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്.

◼️ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ ഹിന്ദു തീവ്രവാദികളെന്നു പരാമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കേസ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണ അയ്യൂബ് വിവാദ പരാമര്‍ശം നടത്തിയത്. കര്‍ണാടകയിലെ ധാര്‍വാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ഐടി സെല്‍ പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്.

◼️വാഹനങ്ങളില്‍ ഉടനേ ഇന്ധനം നിറച്ചോളൂവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

◼️യുക്രൈനില്‍നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വീണ്ടും അടിയന്തര യോഗം ചേര്‍ന്നു.

◼️തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതിന് അമ്പതുകാരനായ പുരോഹിതന്‍ അറസ്റ്റില്‍. ക്ഷേത്ര പൂജാരി വി. വൈത്യനാഥനാണ് പിടിയിലായത്.

◼️യുക്രൈന്‍-റഷ്യ യുദ്ധം വീണ്ടും ശക്തമായി. യുക്രെയിനിലെ ചില പ്രദേശങ്ങളില്‍ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും റഷ്യ ഷെല്ലാക്രമണം തുടര്‍ന്നു. വെടിനിര്‍ത്തല്‍ സമയം അവസാനിച്ചതോടെ റഷ്യ ആക്രമണം ശക്തമാക്കുകയും ചെയ്തു.

◼️യുക്രെയിനിലെ രണ്ടാമത്തെ തുറമുഖനഗരമായ മരിയോപോള്‍ പിടിച്ചെടുക്കാന്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനു റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണം തുടര്‍ന്നെന്ന് യുക്രെയിന്‍. എന്നാല്‍ യുക്രെയിന്‍ മനപ്പൂര്‍വം ഒഴിപ്പിക്കല്‍ വൈകിപ്പിച്ചെന്ന് റഷ്യ ആരോപിച്ചു. ഈ നഗരംകൂടി പിടിച്ചെടുത്താല്‍ യുക്രെയിന്റെ കടല്‍തീരവും തുറമുഖങ്ങളും റഷ്യയോടു ചേര്‍ന്നുകിടക്കുന്ന എല്ലാ പ്രദേശങ്ങളും റഷ്യയുടെ നിയന്ത്രണത്തിലാകും. ഇതേസമയം മെലിറ്റാപോളില്‍ റഷ്യന്‍ സൈന്യത്തിനെതിരേ യുക്രെയിന്‍ ജനത പ്രതിഷേധവുമായി രംഗത്തുവന്നു. ആകാശത്തേക്കു വെടിയുതിര്‍ത്താണ് റഷ്യന്‍ സേന യുക്രെയിന്‍ ജനതയെ നേരിട്ടത്.

◼️കാര്‍കീവ് മേഖലയിലെ പീസോചിനില്‍ കുടുങ്ങി കിടക്കിടന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലോടെയാണ് മലയാളികളും 298 വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്.  

◼️എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവച്ച് യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ സൈനിക സഖ്യമായ നാറ്റോയെ സെലന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുക്രെയിനെ ആക്രമിക്കാന്‍ നാറ്റോ റഷ്യക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

◼️ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബന്നറ്റ് മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥതയ്ക്കു തയാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.

◼️ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ ഹൈദരാബാദ് 2-1ന് പരാജയപ്പെടുത്തുകയായിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ പ്രവേശിക്കുന്നത്.

◼️ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരേ ബെംഗളൂരുവിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബെംഗളൂരു ആറാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തുമാണ്.

◼️മൊഹാലി ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 574നെതിരെ ശ്രീലങ്ക പതറുന്നു. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ സന്ദശര്‍കര്‍ക്ക് 108 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ, ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

◼️കേരളത്തില്‍ ഇന്നലെ 30,504 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 15,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,138 കോവിഡ് രോഗികള്‍. നിലവില്‍ 57,309 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനാല് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.12 കോടി കോവിഡ് രോഗികള്‍.

◼️2021ല്‍ അബുദാബിയില്‍ എത്തിയ വിദേശികളില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണെന്നു കണക്കുകള്‍ (9,32,949). പാക്കിസ്ഥാന്‍ (5,50,728), ഈജിപ്ത് (4,46,883), യുഎസ് (2,54,201), സൗദി അറേബ്യ (2,44,954) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നില്‍. അതേസമയം അബുദാബിയില്‍നിന്ന് കയ്റോയിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ പോയത്. ഇസ്ലാമാബാദ്, ഡല്‍ഹി, ലഹോര്‍, ധാക്ക എന്നീ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം മൊത്തം 52,62,376 പേരാണ് അബുദാബി വഴി യാത്ര ചെയ്തത്. അവസാന 3 മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധന ലോകം തിരിച്ചുവരവിന്റെ പാതയിലാണെന്നു സൂചിപ്പിക്കുന്നു.

◼️മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതിയില്‍ 25% വര്‍ധന. കഴിഞ്ഞ വര്‍ഷം 47,200 കോടി രൂപയുടെ വരുമാനമാണ് കയറ്റുമതിയിലൂടെ ലഭിച്ചത്. ഇതില്‍ 65 ശതമാനവും ചെമ്മീന്‍ കയറ്റുമതിയിലൂടെയാണെന്ന് സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ സമുദ്രോല്‍പന്ന കയറ്റുമതിയില്‍ വളരെക്കാലമായി മുന്നിലായിരുന്ന കേരളം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആന്ധ്രപ്രദേശിന്റെ കയറ്റുമതി വരുമാനം 26,000 കോടി ആണെങ്കില്‍ കേരളത്തിന്റേത് 4800 കോടി മാത്രം.

◼️അമിതാഭ് ബച്ചന്‍ ചിത്രം 'ജുണ്ഡ്' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയെന്ന് അഭിപ്രായങ്ങള്‍ വന്നിരിങ്കിലും അത്ര മികച്ചതല്ല ബോക്സോഫീസ് കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസം ചിത്രത്തിന് നേടാനായത് 1.50 കോടി രൂപയോളമാണ്. മഹാരാഷ്ട്രയിലാണ് ബച്ചന്റെ ചിത്രത്തിന് മികച്ച കളക്ഷന്‍ കിട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍ ചിത്രത്തിന് ഉത്തരേന്ത്യയില്‍ ലഭിച്ചത് നിരാശജനകമായ തുടക്കമാണെന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയ് ബര്‍സെ എന്ന ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍.

◼️തമിഴകത്ത് മുന്‍നിരയിലുള്ള താരങ്ങളില്‍ ഒരാളാണ് ജയം രവി. ജയം രവി നായകനാകുന്ന ചിത്രം രാജേഷ് എം സംവിധാനം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. രാജേഷ് എം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക. എന്തായിരിക്കും പുതിയ സിനിമയുടെ പ്രമേയമെന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ജയം രവി നായകനാകുന്ന ചിത്രമായി 'അഗിലന്‍' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്‍ കല്യാണ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

◼️ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ വിദ അവതരിപ്പിക്കാനൊരുങ്ങുന്നു. മുന്‍ ചെയര്‍മാനായ ബ്രിജ്‌മോഹന്‍ ലാലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് ഒന്നിന് പുതിയ ബ്രാന്‍ഡിന്റെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറങ്ങുമെങ്കിലും ഉപഭോക്താക്കളിലേക്ക് എത്താന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ചിറ്റൂരിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മാണശാലയിലാണ് പുതിയ ബ്രാന്‍ഡിന്റെ നിര്‍മാണം നടക്കുന്നത്.

◼️കുറച്ച് കാലങ്ങളായി വാളയാര്‍ അമ്മയും അവരുടെ പ്രായപൂര്‍ത്തിയെത്താത്ത, ക്രൂരപീഢനത്താല്‍ മരണപ്പെട്ട രണ്ട് പെണ്‍മക്കളും നീറിപ്പുകയുന്ന നെരിപ്പോടായി നമ്മോടൊപ്പമുണ്ട്. വാളയാര്‍ അമ്മ സ്വന്തം അനുഭവ കഥ പറയുകയാണ്. പട്ടിണിയുടെ, ചൂഷണത്തിന്റെ, നീതിയുടെ, നീതി നിഷേധത്തിന്റെയെല്ലാം പൊള്ളുന്ന, ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍. 'ഞാന്‍ വാളയാര്‍ അമ്മ പേര് ഭാഗ്യവതി'. വിനീത അനില്‍. കൈരളി ബുക്സ്. വില 220 രൂപ.

◼️കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാക്കിയ ആഘാതം മഹാമാരി കഴിഞ്ഞാലും തുടരുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് ഉണ്ടാക്കിയ സാമൂഹിക ഒറ്റപ്പെടല്‍ മൂലം ആഗോളതലത്തില്‍ തന്നെ വിഷാദരോഗവും ഉത്കണ്ഠയുമൊക്കെ വര്‍ധിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷത്തില്‍ വിഷാദരോഗവും ഉത്കണ്ഠയും 25 ശതമാനത്തോളം വര്‍ധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഏകാന്തത, അണുബാധ മൂലം തങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ മരണമോ രോഗസങ്കീര്‍ണതകളോ ഉണ്ടാകുമോ എന്ന ഭയം, ഉറ്റവരുടെയും ഉടയവരുടെയും മരണം സൃഷ്ടിച്ച ഞെട്ടല്‍, സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവയെല്ലാം ഉത്കണ്ഠയേറ്റിയ ഘടകങ്ങളാണ്. ആസ്മ, അര്‍ബുദം, ഹൃദ്രോഗം പോലുള്ള സഹരോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക് കോവിഡ് മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലില്ല. അതേ സമയം ഇവര്‍ കോവിഡ് ബാധിതരായി കഴിഞ്ഞാല്‍ രോഗം സങ്കീര്‍ണമാകാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനും മരണപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. യുവാക്കളിലും ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് മഹാമാരി ആത്മഹത്യ പ്രവണത വര്‍ധിപ്പിച്ചതായും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ഗുരുനാഥന്‍ അസുഖം പിടിച്ച് കിടപ്പിലായി. ഒരു ചിത്രരചനയുടെ ഇടയിലായിരുന്നു അദ്ദേഹത്ത് അസുഖം പിടിപ്പെട്ടത്. വരച്ചുമുഴുമിപ്പിക്കാത്ത ആ ചിത്രം പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടു. പക്ഷേ, അതേറ്റെടുക്കുവാന്‍ ശിഷ്യര്‍ മടിച്ചു. വീണ്ടും വീണ്ടും ഗുരു നിര്‍ബന്ധിച്ചപ്പോള്‍ ലിയോനോര്‍ഡോ ആ ചിത്രം പൂര്‍ത്തീകരിക്കാന്‍ സമ്മതിച്ചു. യുവാവായ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചുപൂര്‍ത്തിയാക്കിയ ആ ചിത്രം കണ്ട് ഗുരു വിസ്മയിച്ചു. അത്യന്തം മനോഹരമായ ആ ചിത്രം കണ്ട് ഗുരു ശിഷ്യനെ ചേര്‍ത്തുപിടിച്ചു. ധാരാളം അഭിനന്ദിച്ചു. മാത്രമല്ല, പിന്നീടൊരിക്കലും ഒരു ചിത്രം വരയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല. തന്റെ ഈ ശിഷ്യന്‍ നേടുന്ന യശസ്സാണ് ഇനി തന്റെ അഭിമാനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയ നൈര്‍മ്മല്യമുള്ളവര്‍ക്കേ മറ്റുള്ളവരുടെ നന്മ കണ്ടെത്താനും, അഭിനന്ദിക്കാനും കഴിയൂ. പകരം അസൂയയും പകയുമാണ് നമ്മിലുള്ളതെങ്കില്‍ ആ നന്മകാണാന്‍ നമുക്കൊരിക്കലും സാധിക്കുകയുമില്ല. അഥവാ കണ്ടാലും പ്രശംസിക്കാന്‍ കൂട്ടാക്കുകയുമില്ല. ഈ നന്മയ്ക്ക് ഒരു പ്രത്യേകയുണ്ട്. നന്മ ആഗ്രഹിക്കുന്നവനേ നന്മ പ്രവൃത്തിക്കാനാകൂ. തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും നന്മ വരാന്‍ അവര്‍ എപ്പോഴും ബദ്ധശ്രദ്ധരായിരിക്കും. നന്മയുടെ ഒരു അംശമെങ്കിലും അന്യരില്‍ കണ്ടാല്‍ അത് എടുത്തുകാട്ടാനും അവരെ അഭിനന്ദിക്കാനും അത്തരക്കാര്‍ മടിക്കുകയില്ല. പ്രതിബന്ധങ്ങള്‍ എത്രതന്നെ വന്നാലും സാഹചര്യങ്ങള്‍ എത്ര മോശമായാലും നന്മയെ വിജയിപ്പിക്കാന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും. നമ്മള്‍ ഭാരതീയരുടെ ജീവിത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരു ആശയമുണ്ട്- ലോകാഃ സമസ്തഃ സുഖിനോഃഭവന്തുഃ - ഈ ആശയത്തെ നമ്മള്‍ ഓരോരുത്തര്‍ക്കും പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കാം - *ശുഭദിനം.* 

Post a Comment

Previous Post Next Post